കൗമാരക്കാരോട് പൊലീസ് രീതി പാടില്ല

ഫാത്തിമ മദാരി
കാലിക്കട്ട് യൂണിവേഴ്സിറ്റി

കൗമാരം മക്കള്‍ക്ക് വര്‍ണ്ണാഭമായ കാലഘട്ടവും അതേസമയം മാതാപിതാക്കള്‍ക്ക് ആധിയോടൊപ്പം തന്നെ തലവേദന നിറഞ്ഞ കാലഘട്ടവുമാണ്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ വളരെ ഭംഗിയായി കൗമാരക്കാരായ മക്കളെ ഹാന്‍ഡില്‍ ചെയ്യുന്നതോടൊപ്പം നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും നിങ്ങള്‍ക്ക് പറ്റും.

കുട്ടികളോട് പൊലീസ് രീതിപാടില്ല. കുഞ്ഞുങ്ങളെ മനസ്സിലാക്കി അവരോട് നല്ലൊരു സുഹൃത്തിനെപ്പോലെ പെരുമാറുക എന്നതാണ് പ്രധാനം.അവർക്ക് മനസ്സു തുറക്കാനുള്ള വേദിയൊരുക്കുക. ഇതിന് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സൗഹൃദം അനിവാര്യമാണ്. തന്റെ മാതാപിതാക്കളോട് ഭയമില്ലാതെയും മുൻധാരണകൾ ഇല്ലാതെയും മനസ്സു തുറക്കാനും സംവദിക്കാനും ഇതുമൂലം കുട്ടികൾക്ക് സാധിക്കുന്നു. അതുപോലെതന്നെ തന്‍റെ കുട്ടിയുടെ സുഹൃത്തുക്കളുടെ സുഹൃത്ത് ആവുക എന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും മക്കളുടെ സുഹൃത്തുക്കളെ ജഡ്ജ് ചെയ്യുന്ന ഒരു മനോഭാവമാണ്പലരും പിന്‍തുടരുന്ന രീതി കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള സൗഹൃദങ്ങൾ തെറ്റായ രീതിയിലേക്ക് നയിക്കുമെന്നും തന്‍റെ കുട്ടികളുടെ അപഥസഞ്ചാരങ്ങൾ ക്കും കാരണം വഴിവിട്ട സൗഹൃദമാണെന്നും ഉള്ള ധാരണകൾ ആദ്യം മാതാപിതാക്കൾ മാറ്റി വയ്ക്കണം കാരണം എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനഘടകം സൗഹൃദമാണ്.

ഹെൽത്തി ആയിട്ടുള്ള സൗഹൃദങ്ങള്‍ നിലനിർത്തി പോകുന്ന കൂട്ടുകെട്ടുകൾ ആണ് ആവശ്യം. കുട്ടിയുടെ സുഹൃത്തുക്കൾ ആരാണെന്നും അവർ ആരുമായി കൂട്ടുകൂടുന്നു എന്നും എത്ര സമയം ചെലവഴിക്കുന്നും എന്നുള്ളതും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനൊരിക്കലും അവരെ നിരീക്ഷിക്കുകയും അവരറിയാതെ അവരെ പിന്തുടർന്ന നിരീക്ഷിക്കുകയും ചെയ്യുന്ന ഡിറ്റക്ടീവ് പരിപാടികൾ മാറ്റിവച്ച്, അവരുടെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും തമാശ പറയുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കി തീർക്കുകയും മാണ് വേണ്ടത്

ഇത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ ദൃഡ പെടുത്തുന്നു. എന്തിനും ഏതിനും തന്‍റെ കൂടെ മാതാപിതാക്കൾ ഉണ്ടാവുമെന്നും, തന്നെ അവർ ബഹുമാനിക്കുന്നുവെന്നും തന്റെ വ്യക്തിത്വത്തെ അവർ മാനിക്കുന്നുവെന്നുമുള്ള ഒരു ബോധം കുട്ടികളിൽ ഉണ്ടാക്കി തീർക്കുകയും ചെയ്യും.

കൗമാരത്തിൽ കുട്ടികൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് പൊസിഷൻ ക്രൈസിസ്. മാതാപിതാക്കള്‍ തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരേ സമയം കുട്ടിയായും മുതിര്‍ന്നവരായും ചിത്രീകരിക്കപ്പെടുന്നത് കുട്ടികളില്‍ വല്ലാത്ത മാനസിക പ്രതിസന്ധി സൃഷ്ടിക്കുന്നു. അവരെ മുതിര്‍ന്നവരായി തന്നെ അംഗീകരിക്കുക ഇത് ആത്മവിശ്വാസത്തോടെ വളര്‍ന്ന് വരുവാന്‍ അവരെ പ്രാപ്തരാക്കും

മാതാപിതാക്കളിൽ കാണുന്ന മറ്റൊരു പ്രവണതയാണ് അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മക്കളുടെ മേൽ അടിച്ചേൽപ്പിക്കൽ. ആ പ്രവണത നിർത്തി നല്ലൊരു ഗൈഡ് ആവാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. മാതാപിതാക്കളെ പോലെ തന്നെ സ്വന്തമായ വ്യക്തിത്വവും ചിന്തകളും മനോഭാവങ്ങളും നിറഞ്ഞ മറ്റൊരു വ്യക്തിയാണ് കുട്ടികൾ എന്ന് മനസ്സിലാക്കുക. അവരെ മാനിക്കുകയും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്യുക. അവരുടെ തിരഞ്ഞെടുപ്പിലെ ശരികളും തെറ്റുകളും സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക, അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക. ഒരു ലക്ഷ്യത്തിലേക്ക് ഒരു വഴി മാത്രമല്ല അനേകം വഴികൾ ഉണ്ടെന്നും അത് വ്യത്യസ്തമായിരിക്കുമെന്ന് മനസ്സിലാക്കുക. മുതിർന്നവർ പഠിച്ചതും പോയതുമായ വഴികളിലൂടെ പോയി കഴിഞ്ഞാൽ മാത്രമേ ലക്ഷ്യത്തിലെത്തും എന്നുള്ള ദുശ്ശാഠ്യങ്ങളെ മാറ്റിവെച്ച് കുട്ടികളുടെ ചോയ്സുകളെ അംഗീകരിക്കാനും അവ മനസ്സിലാക്കാൻ ശ്രമിക്കുക.

മൊബൈൽ ഫോണിനെ വില്ലനാക്കി ചിത്രീകരിക്കാതെ അതിന്റെ മെറിറ്റുകളും ഡിമെറിറ്റുകളും കുട്ടികൾക്ക് സാവധാനം പറഞ്ഞു കൊടുക്കുക. അതിനെ എങ്ങനെ ഉപയോഗിക്കണം എന്നും സ്നേഹത്തോടെ ഉപദേശിക്കുക. അഡിക്ഷനിലേക്ക് നയിക്കാതെ മൊബൈൽ ഫോണിനെ എങ്ങനെ നിങ്ങൾക്ക് സൗഹൃദമുള്ള സഹായം ഉള്ള ഒരു ഗാഡ്ജറ്റ് ആക്കി തീർക്കാമെന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക. കലമുടച്ചതിനുശേഷം ശിക്ഷിച്ചിട്ട് കാര്യമില്ല കലം ഉടക്കുന്നതിനുമുമ്പ് എങ്ങനെ ഉടക്കാതെ കൊണ്ടുവരാം എന്ന് പഠിപ്പിച്ചു കൊടുക്കുകയല്ലേ നല്ലത്.

ഒരു കുട്ടിയും വീഴാതെ നടക്കാൻ പഠിക്കുന്നില്ല. അനുഭവങ്ങളിലൂടെ തിരിച്ചറിവുകൾ ഉണ്ടാവുന്ന നല്ലൊരു കൗമാരക്കാരെ വാർത്തെടുക്കുവാൻ ശ്രദ്ധിച്ചാൽ മാതാപിതാക്കൾക്ക് കഴിയും. ഓരോ കൗമാരക്കാരും ഓരോ കുട്ടികളും ഓരോ വ്യക്തിത്വമാണ്. അവരെ നിങ്ങളുടെ അനുഭവങ്ങളിലേക്ക്, നിങ്ങളിലേക്ക് തളച്ചിടാതെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക. അവർ അവരുടെ വായു ശ്വസിച്ചു വളരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *