ഞാനിപ്പോഴും പെരുമ്പാവൂര്‍കാരി; ആശാശരത്

പി.ആർ.സുമേരൻ

മലയാളത്തിൻ്റെ സ്വന്തം ആശാ ശരത് ,തൻ്റെ നാടിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുന്നു…

എന്‍റെ വിമര്‍ശകര്‍


ശരത്തേട്ടന്‍റെ അച്ഛനും അമ്മയുമാണ് എന്‍റെ അഭിനയമേഖലയിലെ ഏറ്റവും വലിയ വിമര്‍ശകര്‍. നല്ലതാണെങ്കില്‍ നല്ലതെന്ന് പറയും. ചീത്തയാണെങ്കില്‍ മരുകളുടെ ഒരു പരിഗണനയും നല്‍കാതെ മോളേ അതത്ര സുഖമായില്ല എന്നുപറയും. പിന്നെ മക്കളും വിമര്‍ശിക്കാറുണ്ട്. ചിലപ്പോള്‍ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ മക്കള്‍ക്ക് പരീക്ഷയാണെങ്കില്‍ ഞാനത് വേണ്ടെന്ന് വെയ്ക്കും. അവരുടെ കൂടി ഇഷ്ടം നോക്കിയേ ഞാന്‍ അഭിനയിക്കാറുള്ളൂ. വീട്ടുകാരുടെ സപ്പോര്‍ട്ടുകൂടി കൊണ്ടാണ് വിവാഹശേഷം എന്‍റെ പ്രൊഫണല്‍ കരിയര്‍ ഇത്രയേറെ നന്നായത്.

ഇപ്പോഴും പെരുമ്പാവൂര്‍കാരി


എന്‍റെ നാടായ പെരുമ്പാവൂരിലെത്തുമ്പോഴാണ് ജനങ്ങളുടെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നത്. അവരുടെ സ്നേഹപ്രകടനങ്ങള്‍ ഒരിക്കലും എനിക്ക് മോശമായി തോന്നിയിട്ടില്ല. സ്നേഹം എത്രകൊടുത്താലും അതിന്‍റെ കാല്‍ഭാഗം പോലും തിരിച്ചുകിട്ടാറില്ല. പക്ഷേ പെരുമ്പാവൂരുകാര്‍ നല്‍കുന്ന സ്നേഹം അളവില്ലാത്തതാണ്. ഒന്നു സംസാരിക്കുകയോ കെട്ടിപ്പിടിക്കുകയോ തൊടുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമാണ്.


ജിഷ നീറുന്ന വേദന


എന്‍റെ നാട്ടില്‍ വെച്ചാണ് ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് മരിച്ചത്. ഇന്നും നടുക്കുന്ന് ഓര്‍മ്മയാണ് ആ സംഭവം. ആ കുട്ടിയെ ഓര്‍ത്ത് ഞാന്‍ ഇപ്പോഴും വിഷമിക്കാറുണ്ട്. എന്നെ ഏറ്റവും അധികം വേദനിപ്പിച്ച സംഭവം കൂടിയാണത്.

അറബി അറിയില്ല


ഇരുപത്തിമൂന്ന് വര്‍ഷമായി ഞാന്‍ ദുബായില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ ഇതുവരെ അറബി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യം പറഞ്ഞാല്‍ ഒരു വാചകം പോലും പറയാനറിയില്ല. പലപ്പോഴും ഓഫീസിലെത്തുന്ന അറബികള്‍ എന്നോട് ചോദിക്കാറുണ്ട്. എന്തുണ്ട് ആശച്ചേച്ചീ വിശേഷം? അവര്‍ മലയാളത്തില്‍ ചോദിക്കുമ്പോള്‍ ശരിക്കും ഞാന്‍ ചമ്മിപ്പോകാറുണ്ട്.

അന്നത്തെ ആ അസൂയ


എനിക്ക് എപ്പോഴും ചെറിയ കാര്യങ്ങളോടാണ് അസൂയ. എന്‍റെ നേരെ മൂത്ത ബാലന്‍ ചേട്ടനോട് അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അന്നെനിക്ക് ബാലന്‍ ചേട്ടനോട് അസൂയ തോന്നിയിട്ടുണ്ട്. പിന്നെ നന്നായി നൃത്തം ചെയ്യുന്നവരോട് അസൂയ തോന്നുമായിരുന്നു. ഇപ്പോള്‍ അത്തരക്കാരോട് ആരാധനയാണ്. നര്‍ത്തകരുടെ ക്രിയേറ്റിവിറ്റിയോട് ഇപ്പോള്‍ ആരാധന മാത്രമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *