ലിയോടോൾസ്റ്റോയി:വിശ്വസാഹിത്യത്തിലെ മഹാപ്രതിഭ

ജിബി ദീപക്

അദ്ധ്യാപിക,എഴുത്തുകാരി

യുദ്ധവും സമാധാനവും, അന്നാ കരേനി എന്നീ നോവലുകളിലൂടെ വിശ്വപ്രസിദ്ധനായ റഷ്യന്‍ എഴുത്തുകാരനും, ചിന്തകനുമായിരുന്നു ലിയോ നിക്കോളെവിച്ച് ടോള്‍സ്‌റ്റോയ് (1828-1910). ഒരു ചിന്തകനെന്ന നിലയില്‍ ആക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. പിന്നീട് മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് തുടങ്ങിയവര്‍, ഇദ്ദേഹത്തിന്‍റെ ആശയങ്ങളെ പലതും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവരാണ്.


പടിഞ്ഞാറന്‍ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്‌നയ പോല്യാനയിലാണ് ടോള്‍സ്‌റ്റോയി ജനിച്ചത്. ബാല്യ കൗമാരകാലം വളരെ ക്ലേശകരമായിരുന്നു. ചെറുപ്പത്തിലെ തന്നെ അച്ഛനും, അമ്മയും നഷ്ടപ്പെട്ട ഈ ബാലന്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പഠനം ഇടക്കുവെച്ചു നിര്‍ത്തിയ അദ്ദേഹം മോസ്‌കോയിലും സെന്‍റ് പീഴ്‌ഴേസ് ബര്‍ഗിലുമായി കുറെക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. പിന്നീട് ചൂതാട്ടം വരുത്തിവെച്ച കടത്തില്‍ നിന്നു രക്ഷപ്പെടാനായി 1851 ല്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.


ഇക്കാലത്ത് തന്നെ മൂന്ന് ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം, കൗമാരം, യൗവനം എന്ന ജീവചരിത്ര സംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്‌റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയില്‍ ശ്രദ്ധേയനാക്കി.
സൈന്യത്തില്‍നിന്നും വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയും, അവിടെ കര്‍ഷകരുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.


34-ാം വയസ്സിലാണ് സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. ടോള്‍സ്‌റ്റോയി എഴുതുന്ന രചനകളുടെ കൈയെഴുത്തു പ്രതികള്‍ തയ്യാറാക്കിക്കൊടുത്തിരുന്ന സോഫിയ, ഒരു നല്ല ഭാര്യയെന്നതിനുപരി അദ്ദേഹത്തിന്‍റെ വിശ്വസ്തയായ സെക്രട്ടറിയും കൂടി ആയിരുന്നു. യുദ്ധവും, സമാധാനവും എന്ന ബൃഹത്കൃതി അവര്‍ ഏഴുവട്ടം പകര്‍ത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
വിവാഹത്തെ തുടര്‍ന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്‍റെ ആദ്യവര്‍ഷങ്ങളിലാണ് ടോള്‍സ്‌റ്റോയി അദ്ദേഹത്തിന്‍റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ ‘യുദ്ധവും സമാധാനവും’ എഴുതിയത്.

ചരിത്രഗതിയില്‍ എല്ലാം മുന്‍ നിശ്ചിതമാണെന്നും, അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതി ജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാന്‍ കഴിയുക എന്നതാണ് ഈ കൃതിയിലൂടെ ടോള്‍സ്‌റ്റോയി തെളിയിക്കാന്‍ ശ്രമിക്കുന്നത്. നോവല്‍ എന്ന് വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത് രചനയാണ് ‘യുദ്ധവും സമാധാനവും’. ചരിത്രപുരുഷന്മാരും, അല്ലാത്തവരുമായി 580 ഓളം കഥാപാത്രങ്ങള്‍ ഇതില്‍ ഉണ്ട്.
“സന്തുഷ്ട കുടുംബങ്ങളെല്ലാം ഒരേ മട്ടാണ്. എന്നാല്‍ ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടമായിരിക്കുന്നത് അതിന്‍റെ പ്രത്യേക വഴിക്കാണ്” എന്ന പ്രശസ്തമായ വാക്യത്തില്‍ തുടങ്ങുന്ന നോവലാണ് ‘അന്നാ കരേനിന’


സ്‌നേഹരഹിതമായ ഒരു വിവാഹത്തിന്‍റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതര പ്രണയത്തിലേക്കും, അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.2007 ജനുവരിയില്‍ അമേരിക്കയിലെ ടൈം മാസിക യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളില്‍ യഥാക്രമം മൂന്നാമത്തേതും, ഒന്നാമത്തേതുമായി വിലയിരുത്തി.


അന്നാ കരേനിനയുടെ രചനക്കുശേഷം അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ അദ്ദേഹം കടന്നുപോയി. അതിനൊടുവില്‍, താന്‍ ജനിച്ചു വളര്‍ന്ന റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭപോലുള്ള വ്യവസ്ഥാപിത മതങ്ങളുടെ വിശ്വാസസംഹിതയേയും, ജീവിത വീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. തുടര്‍ന്ന് ഓര്‍ത്തോഡക്‌സ് സഭയില്‍ നിന്നും ടോള്‍സ്‌റ്റോയി പുറത്താക്കപ്പെട്ടു.


മനുഷ്യസ്‌നേഹത്തിന്‍റെയും, സഹോദരഭാവത്തിന്‍റെയും ലളിതജീവിതത്തിന്‍റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്‍റെ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നല്‍ നല്‍കി. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്‍റെ സാഹിത്യരുചികളെപ്പോലും വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്ന ‘കുബസ്സാരങ്ങള്‍’ എന്ന കൃതി ഈ പ്രതിസന്ധി ഘട്ടത്തിനൊടുവില്‍ എഴുതിയതാണ്.
പിന്നീട് ലളിതമായ ശൈലിയില്‍, സാധാരണ വായനക്കാര്‍ക്ക് രുചിക്കുന്ന വിധത്തിലുള്ള ധാരാളം രചനകള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും പിറന്നുവീണു. 1886-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ഇവാന്‍ ഇല്ലിച്ചന്‍റെ മരണം’ എന്ന ലഘുനോവല്‍ അത്തരം രചനകളിലൊന്നാണ്. ലൈംഗികതയോടുള്ള ടോള്‍സ്‌റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ്. 1889 ല്‍, പ്രസിദ്ധീകരിച്ച ‘ക്രൊയിറ്റസര്‍ സൊനാറ്റാ’ എന്ന ലഘുനോവല്‍ റഷ്യയില്‍ ഈ നോവല്‍ നിരോധിക്കപ്പെട്ടു. മറ്റൊരു പ്രധാന രചനയാണ് ‘ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാകുന്നു’ എന്നത്. ഇതിന്റെ പേര് പുതിയ നിയമത്തില്‍ നിന്ന് കടമെടുത്തതാണ്.


ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ടോള്‍സ്‌റ്റോയിയുടെ ബോധ്യങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം. മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ച ഒരു കൃതിയാണിത്. ഇത്രയും ആഴത്തിലുള്ള സാഹിത്യം കൈകാര്യം ചെയ്തിരുന്ന ടോള്‍സ്‌റ്റോയി കുട്ടികള്‍ക്കായി രചിച്ച കൃതിയാണ് ’25 ടോള്‍സ്‌റ്റോയി കഥകള്‍’. ബാലകഥകള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി പിടിപ്പിക്കുക. കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികളുടെ മനഃശാസ്ത്രം നന്നായി അറിയുന്നൊരാള്‍ക്ക് മാത്രമേ അത് സാധിക്കൂ. ആ മനഃശാസ്ത്രം തന്നെയാണ് ടോള്‍സ്‌റ്റോയി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഗുണപാഠങ്ങള്‍ പകര്‍ന്ന് നല്‍കിക്കൊണ്ട് ഭാവനയുടെ വിശാലമായ ആകാശം തുറന്നിട്ടുകൊടുക്കുന്ന ആ 25 കഥകള്‍, കുട്ടികളുടെ ബുദ്ധിയേയും, ചിന്തയേയും ഒരേപോലെ ഉണര്‍ത്തുവാന്‍ ഉതകുന്നതാണ്.


ജീവിതാരംഭഘട്ടം പോലെതന്നെ ദുര്‍ഘടമായിരുന്നു ജീവിതാന്ത്യവും. പുതിയ ആദര്‍ശങ്ങളോടുള്ള സമപീനം കുടുംബത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി. എണ്‍പത്തി രണ്ടാമത്തെ വയസ്സില്‍, വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്‌നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്‌റ്റേഷന്‍ വരെയേ എത്താനായുള്ളൂ. ന്യൂമോണിയ പിടിപ്പെട്ട് അദ്ദേഹം അവിടത്തെ സ്റ്റേഷന്‍ മാസ്റ്ററുടെ വീട്ടില്‍ 1910 നവംബര്‍ 20ാം തീയതി അന്തരിച്ചു. സാഹിത്യലോകത്ത് തന്‍റേതായ സിംഹാസനത്തില്‍ അമര്‍ന്നിരുന്നുകൊണ്ട്, ഇന്നും… നൂറ്റിപത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികളുടെ ഹൃദയത്തില്‍, ലിയോ ടോള്‍സ്‌റ്റോയി എന്ന വ്യക്തിത്വം ചിരകാല പ്രതിഷ്ഠ നേടിക്കൊണ്ട് ജൈത്രയാത്ര തുടരുന്നു…

photo courtesy : google photos

Leave a Reply

Your email address will not be published. Required fields are marked *