വൃദ്ധദമ്പതികളെ പരിചരിക്കുന്നതിനിടയില്‍ കോവിഡ് പകര്‍ന്ന സിസ്റ്റര്‍ രേഷ്മ അനുഭവങ്ങള്‍ കൂട്ടുകാരിയോട് പങ്കുവെയ്ക്കുന്നു
ലോകരാജ്യങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ആരോഗ്യപ്രവര്‍ത്തകയും കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്സുമായ രേഷ്മ തന്റെ അനുഭവങ്ങള്‍ കൂട്ടുകാരിയിലൂടെ പങ്കുവെയ്ക്കുന്നു…
കോവിഡ്-19 വൈറസ് ബാധിച്ച റാന്നി സ്വദേശികളായ വൃദ്ധദമ്പതികളെ ശുശ്രൂഷിക്കുന്ന സമയത്താണ് സിസ്റ്റര്‍ രേഷ്മയ്ക്ക് രോഗബാധയുണ്ടാകുന്നത്. വൈറസ് ബാധിതരായ വൃദ്ധദമ്പതികളെ അടുത്തറിഞ്ഞ് ശുശ്രൂഷിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും തെല്ലൊരു ഭയം പോലുമില്ലാതെ മെഡിക്കല്‍ ടീമിനൊപ്പം ചേര്‍ന്ന് സ്വന്തം മാതാപിതാക്കളെയെന്നപോലെ സ്നേഹവും, കരുതലും നല്കി സിസ്റ്റര്‍ രേഷ്മ പരിചരിക്കുകയായിരുന്നു. ആതുരസേവനത്തിന്റെ മഹത്തരമായ ഉത്തരവാദിത്തമാണ് തന്റെ കര്‍മ്മത്തിലൂടെ സിസ്റ്റര്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്.

വൃദ്ധദമ്പതികളുടെ രോഗം പൂര്‍ണ്ണമായി ഭേദപ്പെട്ടപ്പോഴാണ് തനിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമായിരുന്നുവെങ്കിലും രോഗികളോട് അടുത്ത് ഇടപെടേണ്ടി വന്നതുകൊണ്ടാണ് തനിക്കും രോഗബാധയുണ്ടായത്
കോവിഡ് പോസിറ്റീവായപ്പോള്‍ തനിക്ക് പുതിയ തിരിച്ചറിവുകളും അനുഭവങ്ങളുമായിരുന്നുവെന്ന് സിസ്റ്റര്‍ രേഷ്മ പറയുന്നു. രോഗത്തെയല്ല ഭയപ്പെടേണ്ടതെന്നും, രോഗം വളരെ വേഗം പടരുന്നതിനെയാണ് ഭയപ്പെടേണ്ടതെന്നും മനസ്സിലായി. പോസിറ്റീവ് ആകുന്നതിന് മുമ്പ് തന്നെ എന്റെ ഭര്‍ത്താവും കുടുംബവും അതിനുള്ള ആത്മധൈര്യം തന്നിരുന്നു. ആതുരസേവനം മഹത്തരമാണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ടാണ് കുടുംബത്തിന്റെ പൂര്ണ്ണപിന്തുണയുണ്ടായതെന്നും രേഷ്മ
അസുഖ വിവരം പറയാനായി വന്ന ഡോക്ടര്‍ ഹരികൃഷ്ണന് അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും വളരെ വിശദമായി സംസാരിച്ചിരുന്നു. ഐ.ഡി.യുവിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോക്ടര്‍ സജിത് കുമാറും എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഇതില്‍ നിന്നും ചിട്ടയോടെയുള്ള ചികിത്സയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഈ രോഗത്തെ മറികടക്കാന്‍ കഴിയുമെന്ന് മനസിലായി. കൂടാതെ കുടുംബത്തിന്റെ പൂര്ണ്ണപിന്തുണയും കൂടിയായപ്പോള്‍ ആത്മധൈര്യത്തോടെ രോഗത്തെ മറികടക്കാന്‍ സാധിച്ചുവെന്നും സിസ്റ്റര്‍ രേഷ്മ പറഞ്ഞു.
ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫീവര്‍ ക്ലിനിക്കില്‍ പോവുകയും ടെസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം റിസള്‍ട്ട് വന്നപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ചെറിയ ജലദോഷം, തലവേദന, ശരീര വേദന, ക്ഷീണം, ശബ്ദത്തിന് ചെറിയ വ്യത്യാസം എന്നിവയുണ്ടായിരുന്നു. രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് തൊണ്ട വേദന വന്നുതുടങ്ങിയത്. വിശപ്പില്ലായ്മ, ഉറക്കക്കുറവ്, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
14 ദിവസം ഡ്യൂട്ടിയാണ് കൊറോണ വാര്‍ഡില്‍ എല്ലാവരും ചെയ്യുന്നത്. 14 ദിവസം ക്വാറന്റൈന് ഉണ്ട്. അതിന് ശേഷം എല്ലാവര്ക്കും ടെസ്റ്റ് ചെയ്യും. രോഗലക്ഷണം ഇല്ലെങ്കിലും ടെസ്റ്റ് ചെയ്യും.
പോസിറ്റീവ് ആയതിന്റെ പേരില്‍ ഭക്ഷണത്തിന് നിയന്ത്രണമൊന്നുമില്ല. എല്ലാത്തരം ഭക്ഷണം കഴിക്കാം. രോഗത്തിന്റെ അവശതകളില്‍ നിന്നെല്ലാം മാറി പൂര്‍ണ്ണആരോഗ്യത്തോടെ വീണ്ടും തന്റെ ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഭൂമിയിലെ ഈ മാലാഖ…
തയ്യാറാക്കിയത്
ജിഷ മരിയ