അപൂര്‍വ്വ ഔഷധയിനം സോമലതയെ കുറിച്ചറിയാം

ഔഷധഗുണങ്ങള്‍ ഏറെയുളള ഒരു അപൂര്‍വ്വസസ്യമാണ് സോമലത.  വളളിച്ചെടി ഗണത്തില്‍പ്പെടുത്താവുന്ന ഈ സസ്യം ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്നുണ്ട്. തണുപ്പുളള കാലാവസ്ഥയിലാണ് സോമലത കൂടുതലായും വളരുന്നത്.

‘സാര്‍ക്കോസ്റ്റിമ’ എന്നാണ് അക്ലിപീഡിയേസി കുടുംബത്തില്‍പ്പിറന്ന സോമലതയുടെ ശാസ്ത്രനാമം. സാര്‍ക്കോസ്റ്റിമ കാറോപീജിയ ഇനത്തില്‍പ്പെട്ട സോമലതയാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇതേ ഇനത്തില്‍പ്പെട്ട മറ്റ് സസ്യങ്ങളിലുളളതിലെ പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാല്‍ ഉണ്ടാവാറുണ്ട്. ചവര്‍പ്പുള്ള ഈ പാലില്‍ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സോമലതയുടെ രസം സേവിച്ചാല്‍ മതിയെന്നാണ് വിശ്വാസം. നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ. ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് ഈ ചെടിയുടെ ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്നത്. ചന്ദ്രന്റെ ഭൂമിയിലെ പ്രതിനിധിയായാണ് സോമലതയെ കണക്കാക്കുന്നത്. സോമലതയില്‍നിന്ന് ലഭിക്കുന്ന നീരാണ് സോമയാഗങ്ങളില്‍ മുഖ്യ ഹവിസ്സായി അഗ്‌നിയില്‍ അര്‍പ്പിക്കുന്നത്. അഗ്‌നിഷ്ടോമം, അത്യഗ്‌നിഷ്ടോമം, ഉക്ത്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്നിങ്ങനെ ഏഴുതരം യാഗങ്ങളിലും സോമലതയുടെ രസം ഉപയോഗിച്ചിരുന്നു.

പുരാണങ്ങള്‍ പറയുന്നത് 48 തരം സോമലതകള്‍ ഉണ്ടെന്നാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇതിനെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താം. ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സോമലത വളര്‍ത്തേണ്ടത്. മണ്‍പാത്രമോ പ്ലാസ്റ്റിക്കോ ഇതിനായി ഉപയോഗിക്കാം. വല്ലപ്പോഴും മാത്രം വെളളം ഒഴിച്ചുകൊടുത്താല്‍ മതിയാകും. സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ സസ്യം അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.

തയ്യാറാക്കിയത് സൂര്യ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *