ഇന്ന് നഴ്സസ് ഡേ: ‘അനുസ്മരിക്കാം ഫ്ലോറെൻസ് നൈറ്റിംഗേലിനെ’

സംഗീത ബാബുരാജ്
ന്യുയോര്‍ക്ക്

വിളക്കേന്തിയ വനിത എന്ന അപരനാമത്തിനുടമയും ആധുനീക നഴ്സിങ്ങിന്റെ ഉപജ്ഞാതാവും ആയ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ ഇന്ന് (മെയ് പന്ത്രണ്ട്) ലോകമെമ്പാടും നഴ്സസ് ഡേ ആയി ആഘോഷിച്ചു വരുന്നു .അപ്പോൾ പിന്നെ ഫ്ലോറൻസ് നൈറ്റിംഗേലിനെ കുറിച്ച് പറയാതെ എന്ത് നഴ്സസ് ഡേ ?


ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിൽ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ -ഫ്രാൻസിസ്‌ നീ സ്മിത്‌ ദമ്പതികളുടെ മകളായി ജനനം . ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ മാതാപിതാക്കൾ കുട്ടിക്ക് നൽകിയത് .നല്ല ചുറ്റുപാടിൽ വളരാൻ ദൈവം അനുഗ്രഹിച്ചെങ്കിലും തന്‍റെ സുഖങ്ങളെ പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി ത്യജിക്കാൻ ആയിരുന്നു നൈറ്റിംഗേലിന്‌ താൽപ്പര്യം .അങ്ങനെ ക്രീമിയൻ യുദ്ധകാലത്ത് അവർ തന്നെ പരിശീലിപ്പിച്ച മുപ്പത്തിയെട്ടു നഴ്സുമാരുമൊത്തു സ്‌കൂട്ടരിയിലെ പട്ടാള ക്യാമ്പിൽ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുകയും ലോകമറിയുന്ന വനിതയായി മാറുകയും ചെയ്തു .ലണ്ടനിൽ 1860 ജൂലൈ 9-നു നൈറ്റിംഗേൽ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ട്രെയിനിംഗ്‌ സ്കൂൾ ഇപ്പോൾ ഫ്ലോറൻസ്‌ നൈറ്റിംഗേൽ സ്കൂൾ ഒഫ്‌ നഴ്‌സിംഗ്‌ ആന്‍റ് മിഡ്‌വൈഫറി എന്ന പേരിൽ അറിയപ്പെടുന്നു .


പകരം വയ്ക്കാനില്ലാത്ത നൈറ്റിംഗേലിന്റെ സേവനത്തിനു ബഹുമതികൾ പലവട്ടം തേടിയെത്തി .1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിരുന്നു ഫ്ലോറെൻസ് . പിന്നീട് നൈറ്റിംഗേലിനു അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി മെംബർഷിപ്പും ലഭിച്ചു.1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന്‌ റോയൽ റെഡ്‌ ക്രോസ്സ്‌ സമ്മാനിച്ചു. 1907-ൽ ഫ്ലോറൻസ്‌ നൈറ്റിംഗേൽ, ‘ഓർഡർ .ഓഫ് മെറിറ്റ്‌’ നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു.
അങ്ങനെ അവരുടെ പിൻഗാമികളായി ഭൂമിയിലെ മാലാഖമാർ സമൂഹത്തിനു കാഴ്ചവയ്ക്കുന്ന നിസ്തൂല സേവനങ്ങളെ വിലയിരുത്തുവാനും പ്രകീർത്തിക്കുവാനും വേണ്ടിയാണ് പ്രധാനമായും എല്ലാ വർഷവും മെയ് ആറ് മുതൽ പന്ത്രണ്ടുവരെ ഇന്റർനാഷണൽ കൌൺസിൽ ഓഫ് നഴ്സസിന്റെ നേതൃത്വത്തിൽ ഈ വാരാചരണം കൊണ്ടാടുന്നത് .ഓരോ വർഷവും ഒരു പ്രധാന ആശയം മുന്നോട്ടു വച്ചുകൊണ്ടു ആണ് ഈ ആഘോഷം നടത്തപെടാറുള്ളത് .


ആയിരത്തി തൊള്ളായിരത്തി എൺപത്തിയെട്ടിൽ “സേഫ് മദർഹുഡ്” എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ച ആഘോഷങ്ങൾ പുറകെ എത്തിയ വർഷങ്ങളിലും വ്യത്യസ്ഥ ആശയങ്ങൾ മുന്നോട്ടു വച്ചു. “നഴ്സസ് എ വോയിസ് ടു ലീഡ് -ഹെൽത്ത് ഈസ് ഹ്യൂമൻ റൈറ്റ്” എന്നും അവർ നമ്മെ ഉദ്ബോധിപ്പിച്ചിരിക്കുന്നു . .ഇതിനോടനുബന്ധിച്ചു വിവിധ കലാകായിക മത്സരങ്ങൾ നടത്തുകയും ,നഴ്സസിനു ഗിഫ്റ് കിറ്റുകൾ നൽകുകയും ,മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്ക് അവാർഡുകൾ നൽകുന്നതുമാണ് .
ആരോഗ്യ മേഖലയിൽ മുന്നൂറ്റി അറുപത്തി നാലു ദിവസവും ഇടതടവില്ലാതെ ഇരുപത്തിനാലു മണിക്കൂറും നിസ്വാർഥ സേവനം നടത്തുന്ന ഒരു വിഭാഗമാണ് നഴ്സസ് .സമൂഹത്തിന്റെ എല്ലാ മേഖലയിലും, കുഗ്രാമങ്ങളിൽ മുതൽ നഗരത്തിലെ മുന്തിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിൽ വരെ അവരുടെ സാന്നിധ്യം സമൂഹം ഇന്ന് അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു .ഒരു കാലത്തു ഏറ്റവും മോശപ്പെട്ട ഒരു ജോലിയായി കരുതുകയും പെൺകുട്ടികളുടെ മാത്രം തൊഴിൽ മേഖലയായും നഴ്സിങ്ങിനെ കണ്ടു പോന്നിരുന്നെങ്കിൽ ഇന്ന് മാറ്റങ്ങൾ ഏറെയാണ് .ആൺകുട്ടികൾ നഴ്സിംഗ് പഠനം ഇഷ്ടപ്പെട്ടു മുന്നോട്ടു വന്നു തുടങ്ങിയിരിക്കുന്നു.


മറ്റു പഠന മേഖലയിലെ പോലെ നേഴ്സിങ്ങിന് ഇന്ന് ഒരുപാടു ഉപരിപഠന സാദ്ധ്യതകൾ ഏറിയിരിക്കുന്നതോടൊപ്പം ഔദ്യോഗിക പദവികളും ഏറെയാണ് . സ്വദേശത്തും വിദേശത്തും ഒരുപാട് ജോലിസാധ്യതകളും മാന്യമായ ശമ്പളവും ആയി ഇവർ കഴിയുമ്പോഴും ഇന്നും ഒരു നല്ല ശതമാനം അവഹേളനങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നത് നാം കാണാതെ പോകരുത്
ഫ്ലോറെൻസ് കാട്ടിയ വഴിയിലൂടെ പിന്നെ എത്രയോ ശുഭ്രവസ്ത്രധാരികൾ വേദനയിൽ നാം കരഞ്ഞപ്പോൾ നമ്മെ ആശ്വസിപ്പിച്ചു അല്ലെ .കുട്ടിയായിരുന്നപ്പോൾ കൂടെക്കളിച്ചും മരുന്ന് തന്നും അവർ പനി മാറ്റിയെങ്കിൽ പ്രായാധിക്യത്താൽ ബലക്ഷയം കൂട്ടായി എത്തിയപ്പോൾ ഊന്നുവടിയായി മാറുന്ന കാഴ്ച … അന്ന് നാം ചിന്തിച്ചിരുന്നത് നമ്മുടെ വേദനകളായിരുന്നു. ഇന്ന് അത് ഞാനുൾപ്പെടുന്ന ഒരു സമൂഹമാകുമ്പോൾ ഞാൻ മനസിലാക്കുന്നു അവർ ചിരിച്ചും തലോടിയും നിങ്ങളുടെ വേദനകളെ അകറ്റുമ്പോൾ അവരിലും വേദനകൾ ഉണ്ട് …അവരും മനുഷ്യരെന്ന്…അതിനാൽ നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നപോലെ ,ബഹുമാനിക്കുന്നപോലെ തിരിച്ചും പ്രതീക്ഷിക്കട്ടെ …..


നാലു മില്യൺ കാരണങ്ങൾ നമ്മുടെ ആഘോഷങ്ങൾക്ക് കരുത്തേകുമ്പോൾ അതിന്റെ ചന്തം കണ്ടു ഈ ലോക ജനത അത്രയും ഒന്നായി നമുക്കൊപ്പം കൂടും എന്നുള്ള വിശ്വാസത്തോടെ , എല്ലാ നഴ്‌സസിനും ഈ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് ,

Leave a Reply

Your email address will not be published. Required fields are marked *