ഐപിഎല്‍2020 രമേഷ് മന്നത്തിന് അപ്രതീക്ഷിത ‘കണക്കുകൂട്ടല്‍’

ലോകത്ത് ഏത് മേഖലയിലും ഒരു മലയാളി സാന്നിദ്ധ്യം നമുക്ക് കണ്ടെത്താന്‍ കഴിയും. ഇത്തവണത്തെ ഐപിഎല്ലില്‍‌ തിളങ്ങിയത് സഞ്ജുസാംസണ്‍ ആണ്. അതുപോലെ തന്നെ ഐപിഎല്‍ മത്സരങ്ങളുടെ സ്കോറിംഗും കണക്കുമൊക്കെയായി മറ്റൊരു മലയാളി സജീവമായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലയാളിയായ രമേഷ് മന്നത്ത് എന്ന ചെറുപ്പക്കാരനാണത്. ഇത്തവണത്തെ മിക്ക മത്സരങ്ങളുടെയും സ്‌കോറിംഗ് നടത്തുന്നത് ഈ തൃശൂര്‍ സ്വദേശിയാണ്.


ആറുവര്‍ഷമായി യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ സ്‌കോററായി രമേഷ് പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തരം മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ അതില്‍പ്പെടും. ഇതുവരെ ഏകദേശം നൂറോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്‌കോററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്ലിലേക്ക് വിളിയെത്തിയതിനെ നിയോഗമായിട്ടാണ് ഈ മുന്‍ ക്രിക്കറ്റര്‍ കാണുന്നത്. ഏഷ്യാകപ്പ്, അണ്ടര്‍-19 ലോകകപ്പ് മത്സരങ്ങളിലും അദേഹം സ്‌കോററായിട്ടുണ്ട്. ഇത്തവണ ഐപിഎല്ലിലേക്ക് വിളിയെത്തിയത് ദുബായ് സ്‌പോര്‍ട്‌സ് സിറ്റി വഴിയാണ്. ബിസിസിഐ സ്‌കോററെ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സിറ്റിയെ സമീപിക്കുകയായിരുന്നു. അവരാണ് രമേഷിന്റെ പേര് നിര്‍ദേശിച്ചത്.


തന്റെ സ്‌കോറിംഗ് ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണികളില്ലാത്ത ഒരു വലിയ ടൂര്‍ണമെന്റിന് സ്‌കോററാകുന്നതെന്ന് അദേഹം പറയുന്നു. ഇത്രയും കാത്തിരുന്നൊരു ടൂര്‍ണമെന്റില്‍ ഒഴിഞ്ഞ ഗ്യാലറികള്‍ക്ക് സമീപമിരുന്ന് ജോലി ചെയ്യേണ്ടി വന്നതിലുള്ള നിരാശയും രമേഷ് പങ്കുവയ്ക്കുന്നു. ക്രിക്കറ്റിന്റെ മറ്റു പല മേഖലകളിലും മലയാളികള്‍ ധാരാളമായി കടന്നു വരുന്നുണ്ടെങ്കിലും സ്‌കോറിംഗ് രംഗത്ത് കേരളീയര്‍ കുറവാണെന്ന് രമേഷ് പറയുന്നു.
സ്‌കോററെന്ന ജോലി പുറത്തു നിന്ന് നോക്കിക്കാണുന്നതു പോലെ അത്ര എളുപ്പമല്ലെന്ന് രമേഷ് പറയുന്നു.

ഒരു ബൗളര്‍ എറിയുന്ന പന്തിന്റെ വിവരങ്ങളെല്ലാം സ്‌കോറര്‍ രേഖപ്പെടുത്തണം. ആ പന്തില്‍ എത്ര റണ്‍സെടുത്തു, ആര്‍ക്കാണ് ക്യാച്ച് തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തണം. കളിക്കിടെ ഫീല്‍ഡ് അംപയര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കേണ്ടതും സ്‌കോററുടെ ചുമതലയാണ്. ഇടയ്ക്ക് അംപയര്‍മാര്‍ ഇനി എത്ര പന്തെറിയാനുണ്ടെന്ന് വാക്കിടോക്കിയിലൂടെ സംശയം ചോദിക്കുന്നത് ടിവിയില്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഈ സംശയമെല്ലാം ചോദിക്കുന്നത് സ്‌കോററോടാണ്. മാച്ച് റഫറിമാരുടെ സംശയത്തിനും ആശ്രയം സ്‌കോറര്‍ തന്നെ.


സ്‌കോറിംഗിന് ചില പൊടിക്കൈകളുമുണ്ട്. ഓരോ ബൗളര്‍ക്കും ബാറ്റ്‌സ്മാനും വ്യത്യസ്ത കളറിലുള്ള പേനകളാണ് ഉപയോഗിക്കുന്നത്. വേഗത്തില്‍ തിരിച്ചറിയാന്‍ വേണ്ടിയാണിത്. കളിക്കിടെ അംപയര്‍ക്ക് അബദ്ധങ്ങള്‍ പറ്റിയാല്‍ സഹായത്തിനെത്തുന്നതും സ്‌കോററാണ്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിര്‍ണയിക്കുന്നതും ഇതേ സ്‌കോററര്‍മാരുടെ ഉത്തരവാദിത്വമാണ്.
പത്തുവര്‍ഷം മുമ്പാണ് രമേഷ് ജോലിസംബന്ധമായി ദുബായിലെത്തുന്നത്. അന്നുമുതല്‍ ക്ലബ് ക്രിക്കറ്റില്‍ സജീവമാണ് അദേഹം. തൃശൂര്‍ ക്രിക്കറ്റ് ക്ലബിനായിട്ടായിരുന്നു കളിച്ചത്. ഇതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ സ്‌കോറിംഗ് കോഴ്‌സ് പാസായത്.

തൃശൂര്‍ കേരളവര്‍മ കോളജിലായിരുന്നു രമേഷിന്റെ ഉപരിപഠനം. കോളജ് ടീമിനായും കളിച്ചിട്ടുണ്ട്. രമേഷിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ താങ്ങും തണലുമായി നിന്നിട്ടുള്ളത് തൃശൂര്‍ കണ്ടശാങ്കടവ് ജിംങ്കാന ക്ലബാണ്. നൃത്താധിപകയായ കലാമണ്ഡലം ഐശ്വര്യയാണ് ഭാര്യ. നാലുവയസുകാരനായ രുദ്രാഷാണ് മകന്‍. ഇരുവരും രമേഷിനൊപ്പം ദുബായിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *