ഓട്ടോക്കാരിയുടെ ജീവിതവേഷം പകർന്നാടി മഞ്ജു കെ. പി. എ. സി.

ജി.കണ്ണനുണ്ണി.

കോവിഡുകാലം കലാജീവിതത്തിന് താൽക്കാലികമായി തിരശീലയിട്ടപ്പോൾ ഓട്ടോ ഡ്രൈവറുടെ ജീവിതവേഷമണിഞ്ഞ് ഉപജീവനത്തിനുള്ള പുതുവഴി കണ്ടെത്തുകയാണ് മഞ്ജു കെ.പി.എ. സി. പതിനഞ്ച് വർഷമായി പ്രൊഫഷണൽ നാടകരംഗത്തുള്ള മഞ്ജു നായർ, കെ.പി.എ. സി.യിൽ അഭിനയസപര്യ തുടങ്ങിയതോടെ മഞ്ജു കെ.പി.എ. സി.ആയത്.

അരിയ്ക്ക് വെള്ളം അടുപ്പത്തുവച്ച് ഓട്ടോ സ്റ്റാൻഡിൽ പോയി വരുമ്പോൾ അന്നന്നത്തെ അന്നത്തിനുള്ള വക സവാരിയുടെ രൂപത്തിൽ കിട്ടുന്നുണ്ടെന്ന് മഞ്ജു കൂട്ടുകാരി ഡോട്ട് കോമിനോട് പറഞ്ഞു. തനിക്കും മകൻ ആദിത്യനുമുള്ള വക ഓട്ടോ ഓട്ടി കണ്ടെത്തുന്നതിന് പുറമെ പട്ടിണിയിലായ സഹപ്രവർത്തർക്ക് തന്നാലാവും വിധം കൈതാങ്ങാകാനും മറന്നില്ല മഞ്ജു.

നാടകം കഴിഞ്ഞു തിരികെ കായംകുളത്തെ സമിതിയിലെത്തി പുലർച്ചെ വീട്ടിലേക്ക്‌ മടങ്ങാൻ വാഹനമില്ലാതെ വിഷമിച്ചപ്പോഴാണ് ഓട്ടോറിക്ഷ വാങ്ങുക എന്ന ആശയം മനസിൽ ഉദിച്ചത്. അങ്ങനെയാണ് കെ.പി.എ. സി.യിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുകയും ഉള്ള സമ്പാദ്യവും ഒക്കെ ചേർത്ത് ഏകദേശം ആറു വർഷങ്ങൾക്ക് മുൻപാണ് ഓട്ടോ സ്വന്തമാക്കിയത്.എന്നാൽ അതേ ഓട്ടോ ഇന്ന് ഉപജീവന മാർഗ്ഗമായ കഥയാണ് മഞ്ജുവിന് പറയാനുള്ളത്.കോവിഡ്‌കാലത്ത് ഒട്ടേറെ കലാകാരമാർ വീട്ടിലിരിക്കുമ്പോൾ ഓട്ടോ ഓട്ടി 100 രൂപ ലഭിച്ചാലും അത് വലുതായി കാണുകയാണ് മഞ്ജു.

കൊല്ലം അയനത്തിൽ “ഇത് ധർമ്മ ഭൂമിയാണ്” എന്ന നാടകത്തിൽ70 വയസായ അമ്മയുടെയും 20 വയസുള്ള മകളുടെയും വേഷങ്ങൾ പകർന്നടുമ്പോഴാണ് വിധി കോവിഡ് കാലത്തിന്റെ രൂപത്തിലെത്തുന്നത്. കെ.ആർ.മീരയുടെ ആരാച്ചാർ നോവലിന്റെ നാടകരൂപം അവനവൻ തുരുത്തിലെ ‘കന്നി’യായും, ന്റെഉപ്പൂപ്പയ്ക്ക് ഒരാനേണ്ടർന്നു എന്ന നാടകത്തിലെ ‘ആയിഷ’യായും പ്രണയ സാഗരത്തിലെ ഗംഗയായും ഒക്കെ പകർന്നാടിയ പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ 36കാരി മഞ്ജു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ അങ്ങനെ ജീവിത വേഷം പകർന്നാടുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *