കടലിലെ പെൺകരുത്ത്


രേഖ കാർത്തികേയൻ, ജീവിതത്തിന്റെ വേലിയേറ്റത്തെയു൦ വേലിയിറക്കത്തെയു൦ ചങ്കൂറ്റത്തോടെ നേരിടാനായി ആഴക്കടലിലേക്ക് വലയെറിഞ്ഞവൾ. തൃശ്ശൂർ ചാവക്കാട് ചേറ്റുവ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ച് സ്വദേശിനി.അടുക്കളയിൽനിന്നു കടലിലേക്കെത്തിയ രേഖയുടെ നിശ്ചയദാർഢ്യത്തിൻ്റെ കഥ നാം അറിയണ൦.

ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും മാറ്റിയത് രേഖ എന്ന പെണ്ണിന്‍റെ ധൈര്യമാണ്.

ആഴക്കടലിൽ പോയി കൊ൩ൻ സ്രാവിനെ വേട്ടയാടുന്ന അരയന്‍റെ കഥയോടൊപ്പം ഇനി രേഖയുടെ കഥ കൂടി പറയേണ്ടിവരും.

ആചാരങ്ങളെയും വിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് ആഴക്കടലിനെ ജയിച്ച പെണ്ണാണ് രേഖ. ഇന്ത്യയിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിന് ലൈസൻസുള്ള ഒരേയൊരു സ്ത്രീ. ധീരവനിതകളെയു൦, വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയു൦ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇനിമുതൽ രേഖയെന്ന പേരും അനിവാര്യമാകു൦.

കാറ്റും കോളും കൂറ്റൻ തിരമാലകളും രേഖക്ക് മുന്നിലും കീഴടങ്ങും.
ജീവിതം കടൽപ്പോലെ ചോദ്യചിഹ്നമായപ്പോൾ വിശ്വാസങ്ങൾക്ക് മീതെ രേഖ വലയെറിഞ്ഞു,മീൻപിടിച്ചു.തൃശ്ശൂർ ചേറ്റുവയിലെ രേഖയുടെ ജീവിതം ഒരു പാഠപുസ്തകം ആവുന്നതങ്ങനെയാണ്.

നീന്താനറിയാത്ത ഒരു പെണ്ണ് കടൽ താണ്ടിയ ദുരിതത്തിന്റെ കഥ രേഖ “കൂട്ടുകാരിയോട്” പറയുകയാണ്.

കൂർക്കഞ്ചേരിയിൽ വളർന്ന രേഖയെ സ൦ബന്ധിച്ചിടത്തോള൦ കുട്ടിക്കാലത്ത് കടൽ എന്നത് ഭീകരമായ ഒന്നായിരുന്നു. വല്ലപ്പോഴും അകലെ നിന്ന് മാത്രം നോക്കികണ്ട ഒന്ന്.

മത്സ്യത്തൊഴിലാളിയായ കാർത്തികേയനുമായുള്ള
പ്രണയ വിവാഹത്തെ തുടർന്ന് രേഖ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിലേക്ക് മരുമകളായെത്തി. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ.ആദ്യകാലത്ത് വല്ലപ്പോഴുമൊക്കെ അടുക്കളയിൽനിന്നു രേഖ മീൻവല നുള്ളാൻ കടൽക്കരയിലെത്തി. ഇതിനിടെ ജീവിത പ്രാരാബ്ദ൦ കൂടിവന്നു. മക്കൾ നാല് പെൺകുട്ടികൾ. അവരെ വളർത്തണ൦, പഠിപ്പിക്കണം.


ആകെ കിട്ടുന്ന മീനിന്റെ മുക്കാൽ വിലയും എണ്ണച്ചെലവും ബാക്കി വരുന്നത് ബോട്ടിൽ വരുന്ന സഹായിക്കും
പങ്കുവെക്കേണ്ടി വരുന്ന ദുരവസ്ഥയിൽ നട്ടം തിരിയുകയായിരുന്നു കാർത്തികേയൻ.ഒരു നാൾ രേഖ തീരുമാനമെടുത്തു. ഞാനുമുണ്ട് ഇനിമുതൽ കടലിലേക്ക്. ആദ്യമൊന്നു മടിച്ചു. പതിവില്ലാത്തതാണ്. ആരും സ്വന്തം പെണ്ണിനെ കടലിലേക്കു മീൻ പിടിക്കാനായി കൂടെ കൊണ്ടുപോയിട്ടില്ല. കൂടുതൽ ചിന്തിച്ചില്ല. സ്വന്തം ജീവിതം കാർത്തികേയനെ പുതിയ പാഠം പഠിപ്പിക്കുകയായിരുന്നു.
അങ്ങനെ ഭർത്താവിനൊപ്പം രേഖയും കടലിലേക്ക് ഇറങ്ങി. തിരമാലകൾ ആർത്തലച്ചപ്പോൾ ആദ്യദിനം ചോരവരെ ഛർദ്ദിച്ചു. പിന്നപ്പിന്നെ, കടൽച്ചൊരുക്കിനെ രേഖ കീഴടക്കി. അപ്പോഴേക്കു൦ കര രേഖയെ കൈയൊഴിഞ്ഞു. ചുറ്റുമുള്ളവരിൽനിന്ന് മോശമായ സമീപനമാണ് രേഖക്കു൦ കാർത്തികേയനു൦ നേരിടേണ്ടി വന്നത്. പെണ്ണ് കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞ് പലരും വിലങ്ങ് തടിയായി.
പക്ഷേ മുന്നിലുള്ള ജീവിത യാഥാർത്ഥ്യങ്ങൾ രേഖയെ പിന്തിരിപ്പിച്ചില്ല. അവൾക്കു മുന്നിൽ പരിഹാസവും ഭീഷണിയും വിലപ്പോയില്ല.

അങ്ങനെ രേഖയു൦ കാർത്തികേയനു൦ തങ്ങളുടെ ഫൈബർ വള്ളത്തിൽ ആഴക്കടലിലേക്ക് യാത്ര തുടങ്ങി. ചേറ്റുവ കടപ്പുറത്ത് രേഖയുടെ വീടുണരുന്നത് പുലർച്ചെ നാലിനു൦ ചിലപ്പോൾ മൂന്നുമണിക്കുമാണ്. വള്ളവു൦ വലയും ഇന്ധനവുമായി രണ്ടുപേരും ഇറങ്ങു൦. മീൻ കിട്ടുന്നതിനനുസരിച്ചാണ് കരയിലേക്കുള്ള മടക്ക൦.
ചിലപ്പൊ നിറയെ മീൻ കിട്ടും.ചിലപ്പൊ ഒന്നുമില്ലാതെ കേറി വരും. മണ്ണെണ്ണ പെട്രോൾ എന്നിവക്ക് ചിലവ് വരും.

ആരും അറിയപ്പെടാതെ എത്രയോ നാൾ രേഖ കടലിൽ പോയി കരയിൽ തിരിച്ചെത്തി. അവിചാരിതമായാണ് ഒരിക്കൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ കടലിൽ വലയെറിയുന്ന ഒരു പെണ്ണിനെ കാണുന്നത്. ഇന്നോളം കാണാത്ത കാഴ്ച്ച. അവരുടെ അദ്ഭുതം പിന്നെ അംഗീകാരമായി മാറി. വലിയൊരു ചടങ്ങിൽ മുൻ കേന്ദ്ര കൃഷി സഹമന്ത്രി സുദർശൻ ഭഗത് പൊന്നാടയണിയിച്ച് ആദരിച്ചു. അതോടെ കാലവും കടലും വഴി മാറുകയായിരുന്നു. ഇനിയേത് പെണ്ണിനും കടലിൽ വലയെറിയാം. 2016 ലാണ് ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നിനുള്ള ലൈസൻസ് രേഖയെ തേടി എത്തുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തിൽ ലൈസൻസ് ലഭിച്ച ആദ്യ വനിതയും രേഖയാണ്.

കടൽ രേഖയെ സ്നേഹിച്ച് തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടക൦ രേഖയെ തേടിയെത്തി. രേഖയുടെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളു൦ ആരംഭിച്ചു കഴിഞ്ഞു. ഓഖിയെ തുടർന്ന് തീരപ്രദേശങ്ങൾ കടൽ കൈയേറിയതോടെ രേഖയുടെ വീടും കടലും തമ്മിലുള്ള ദൂര൦ 50 മീറ്ററായി. വീട്ടിലിരുന്നാൽ കടൽ കാണാമെന്ന് സാര൦. നല്ലൊരു വീട് , മക്കൾക്ക് ജോലി ഇതൊക്കെയാണ് രേഖയുടെ ഇനിയുള്ള സ്വപ്നങ്ങൾ.

ജ്യോതി ബാബു

Leave a Reply

Your email address will not be published. Required fields are marked *