കഥകളുടെ ‘പെരുന്തച്ചന്‍’

ജിബി ദീപക് (അദ്ധ്യാപിക,എഴുത്തുകാരി)

മൗനത്തിലൂടെ മലയാളിക്ക് കഥ പറഞ്ഞുകൊടുത്ത കഥാകാരനാണ് എം.ടി. ഒരിക്കല്‍ മാതൃഭൂമി നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ‘വളര്‍ത്തു മൃഗങ്ങള്‍’ എന്ന ചെറുകഥയെഴുതിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരായിരുന്നു. അവിടെ നിന്ന് ലോകം തിരിച്ചറിയുന്ന എം.ടി എന്ന ചുരുക്കനാമത്തിലേത്ത് തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് തന്നെ അദ്ദേഹം നടന്നടുത്തു.

ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി, സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടന്‍ കാറ്റായി എം.ടി. വായനക്കാരില്‍ ഇടം പിടിച്ചു. വള്ളുവനാടന്‍ മിത്തുകളും, ശൈലികളും വായനക്കാരിലേക്ക് പകര്‍ത്തികൊണ്ട് അദ്ദേഹം എഴുത്തിന്‍റെ ജൈത്യ യാത്ര തുടര്‍ന്നു.


എം.ടി. കഥാപാത്രങ്ങളെ കണ്ടെത്തിയത് തന്‍റെ കുടുംബത്തില്‍ നിന്നുതന്നെയാണ്. കുട്ട്യേടത്തിയും, ഭ്രാന്തന്‍ വേലായുധനും, ലീലയും എല്ലാം ഓരോ വായനക്കാരന്‍റെയും ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു കടന്നുപോയി.


ഓരോ എം.ടി കഥകളിലും ആത്മകഥാംശത്തിന്‍റെ പൊലിമ നമുക്ക് കണ്ടെടുക്കാനാവും. ദാരിദ്രവും, വ്യക്തി ബന്ധങ്ങളിലുണ്ടായ വിള്ളലുകളും, പ്രണയത്തിന്‍റെ തീവ്രതയും നീറ്റലുമെല്ലാം വരികളിലൂടെ വായനക്കാരന്‍റെ മുന്നിലേക്ക് അദ്ദേഹം കോറിയിട്ടു കൊണ്ടിരുന്നു.


‘വ്യഥകളിലൂടെയാണ് കഥകള്‍ പിറക്കുന്നത്’ എന്നൊരിക്കല്‍ അദ്ദേഹം പറഞ്ഞു. തന്റെ വ്യഥകളെ കഥകളാക്കി മാറ്റാന്‍ കഴിയുന്ന അതുല്യ പ്രതിഭ ഏതൊരു കഥാകാരനിലെന്തിനേക്കാളും ഭംഗിയായി എം.ടി. സ്വന്തം രചനകളിലൂടെ തന്നെ എഴുതി മലയാള സാഹിത്യത്തിന് സമ്മാനിച്ചു.


ഒരിക്കല്‍ മരണം തന്‍റെ സമീപത്തെത്തി ഭയപ്പെടുത്തികൊണ്ട് പിന്‍മാറിയെന്നും അതിനുശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം.ടി പറയുന്നു. ജീവിതത്തിലെ തന്‍റെ രണ്ടാമൂഴത്തില്‍ സര്‍ഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാല്‍ തന്നെ മലയാളത്തിലെ ഉത്കൃഷ്ഠ നോവലുകളില്‍ എം.ടിയുടെ രണ്ടാമൂഴം സ്ഥാനം പിടിച്ചു.

എം.ടി ‘കാഥികന്റെ പഠിപ്പുര’ എന്ന സാഹിത്യ പഠന ഗ്രന്ഥത്തിലൂടെ കഥയെഴുത്തിന്റെ രസക്കൂട്ട് വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുത്തു.

ഓരോ മലയാളിയും തന്റെ കാത്തിരുപ്പുകള്‍ക്ക് സൗന്ദര്യം കണ്ടെത്തിയ കൃതിയാണ് മഞ്ഞ് അത് അവനെ കാത്തിരിക്കാന്‍ പഠിപ്പിച്ചു. പ്രതീക്ഷ നിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ജീവിതത്തില്‍ സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു. നിരാശതകളില്‍ മനസ്സ് മടുക്കാതെ കാത്തിരിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് അവനെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഓരോ മലയാളിയുടെയും കാത്തിരിപ്പിന്റെ പുസ്തകമായി മഞ്ഞ് മാറി.

ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും അത് പ്രതീക്ഷയുടെ തിരിനാളം വച്ചുനീട്ടുന്നു. ഇനിയും ഇരുട്ടിലൂടെ കൈവിളക്കുമായി കടന്നുപോകാന്‍.
ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പാണ് വിമലയുടേത്. എവിടേയ്‌ക്കോ പോയി മറഞ്ഞിരിക്കുന്ന സുധീര്‍കുമാര്‍ മിശ്രയ്ക്ക് വേണ്ടിയാണ് വിമല കാത്തിരിക്കുന്നത്. അയാള്‍ ചിലപ്പോള്‍ പതിയനായിരിക്കാം. വഞ്ചകനായിരിക്കാം. പുതിയ പൂകള്‍ തേടി അയാള്‍ മറ്റെവിടേയ്‌ക്കോ പോയിട്ടുമുണ്ടാവാം. പക്ഷേ വിമല പറയുന്നു, ‘വരും വരാതിരിക്കില്ല’ അതാണ് കാത്തിരിപ്പ്, അതാണ് സ്‌നേഹം. അതാണ് വിശ്വാസം.


മലയാളിയുടെ മനസ്സിലേക്കാണ് മഞ്ഞ് പെയ്തിറങ്ങിയത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഇനിയും വര്‍ഷമെത്ര കടന്നുപോയാലും മനസ്സില്‍ മഞ്ഞു പെയ്യുന്ന ഒരനുഭവം നല്‍കാന്‍ ഇതുപോലൊരു മറ്റൊരു കൃതിയില്ല.

ചെറുകഥയില്‍ നിന്നും തുടങ്ങി, നോവല്‍, അനുഭവകുറിപ്പ്, നാടകം, ലേഖനങ്ങള്‍, സാഹിത്യ പഠനം, ബാലസാഹിത്യം, വിവര്‍ത്തനങ്ങള്‍ എന്നുവേണ്ട അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തും സംവിധായകനുമായി എം.ടി. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട എഴുകാരനെന്ന മാറിക്കഴിഞ്ഞിരിക്കുന്നു.

എം.ടി. തിരക്കഥയെഴുതി സംവിധാനം ചെയ്തതുമായ ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടുകയും, പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. തന്റെ സാഹിത്യ സപര്യയിലൂടെ എം.ടി ജ്ഞാനപീഠം അവാര്‍ഡ്, മലയാളക്കരയിലേക്ക് എത്തിച്ചു. കര്‍ക്കടകം, നിന്റെ ഓര്‍മ്മയ്ക്ക്, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നീര്‍പോളകള്‍, ദുഃഖത്തിന്റെ താഴ്‌വരകള്‍, ഭീരു തുടങ്ങിയ ചെറുകഥകള്‍ പെരുമഴ പോലെ വായനക്കാരന്റെ ഉള്ളില്‍ പെയ്തിറങ്ങി. മലയാള സാഹിത്യത്തിന് തന്റെ തൂലികയിലൂടെ പുതിയ മുഖം ചാര്‍ത്തികൊടുത്തുകൊണ്ട് മലയാളികള്‍ക്ക് ഗൃഹാതുരത്വം പകര്‍ന്നു നല്കിക്കൊണ്ട് എം.ടി. സാഹിത്യലോകത്തെ പെരുന്തച്ചനായി നമുക്കിടയില്‍ ഒരു സാധാരണക്കാരനെപ്പോലെ കഴിയുന്നു.

മലയാളക്കരക്ക് തന്നെ വരദാനമായി ലഭിച്ച സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇന്ന് ആയുസിന്റെ 86 ആണ്ടുകള്‍ പൂര്‍ത്തിയാക്കുകയാണ്. നമ്മള്‍ മലയാളികള്‍ക്ക് ലഭിച്ച സുകൃതമാണ് ആ വ്യക്തിത്വമെന്ന് പറയാതെ വയ്യ. ധന്യമായ 86 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. എഴുത്തുവഴിയിലൂടെ തന്റെ യാത്ര തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *