കാനനക്കുയിലിന്‍റെ 7-ാം ഓർമ്മദിനം

ജയന്തി സജി

പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെയാണ് രാധിക തിലക് എന്ന ഗായികയുടെ ജീവിതം. എന്നെന്നും മലയാളികൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക തിലക് വിടപറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു. എഴുപതുകളിലാണ് രാധിക തിലക് സംഗീതലോകത്തേക്ക് എത്തുന്നത്. ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്.

1989ൽ പുറത്തിറങ്ങിയ ‘സംഘഗാനം’ എന്ന ചിത്രത്തിൽ പുൽക്കോടി തുമ്പിലും…. എന്ന ഗാനത്തിലൂടെ ലൂടെ പിന്നണിഗാനരംഗത്തെത്തി. ‘ഗുരു’ എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ…, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ…., നന്ദനത്തിലെ മനസിൽ മിഥുനമഴ…., ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ…., ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി….., രാവണപ്രഭുവിലെ തകില് പുകില്….., സ്നേഹത്തിലെ കൈതപ്പൂ മണമെന്തേ…., പട്ടാളത്തിലെ വെണ്ണക്കല്ലിൽ….., കുഞ്ഞിക്കൂനനിലെ ഓമന മലരെ… എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദമാധുരിയിൽ ഓർത്തുവയ്ക്കാവുന്ന പാട്ടുകൾ നിരവധി. എഴുപതോളം സിനിമകൾകൾക്കു വേണ്ടി രാധിക ഗാനങ്ങൾ ആലപിച്ചു. ഇതിനു പുറമെ, ഇരുന്നൂറിലധികം ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും രാധിക തിലക് ശബ്ദം നൽകി. എങ്കിലും അർഹിച്ചതുപോലെയുള്ള അംഗീകാരങ്ങൾ ഈ ഗായികയെ തേടിയെത്തിയില്ല. പലപ്പോഴും സിനിമയക്കു വേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തു വന്നില്ല. രാധികയുടെ ഗാനങ്ങളിൽ പലതും കസെറ്റുകളിൽ ഒതുങ്ങി.


സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് പറവൂർ ചേന്ദമംഗംലം പി.ജെ. തിലകൻ വർമ്മയുടേയും ഗിരിജാദേവിയുടെയും മകളായി എറണാകുളത്ത് ജനിച്ചു. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നണി ഗായിക സുജാത മോഹൻ, ജി വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക. മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേയ്ക്ക് ചുവടുവച്ചത്.

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ടി എസ് രാധാകൃഷ്ണന്റെ ‘ത്യാഗബ്രഹ്മം’ സംഗീത ട്രൂപ്പിൽ അംഗമായിരുന്നു. സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്നപ്പോഴാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. എങ്കിലും ചുരുക്കം ചില സിനിമകൾ മാത്രമേ രാധിക തിരഞ്ഞെടുത്തുള്ളു. ബിരുദപഠനത്തിന്റെ അവസാന വർഷമായിരുന്നു വിവാഹം. പിന്നീട് അഞ്ച് വർഷത്തോളം ദുബായിൽ താമസമാക്കിയെങ്കിലും വേദികളിൽ സജീവമായിരുന്നു. ഗള്‍ഫില്‍ നടന്ന യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ടി.വിയുടെ സംഗീത പരിപാടിയായ സരിഗമയുടെ അവതാരികയുമായിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20ന് രാധിക തിലക് വിടവാങ്ങി. ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടില്ലെങ്കിലും പാടിയതെല്ലാം മലയാളികളുടെ മനസിൽ കൊരുത്തുവച്ചിട്ട് പോകുമ്പോൾ 45 വയസ്സ് മാത്രം പ്രായം. ഗായിക സുജാതയുടെ അനുജത്തി എന്ന വിലാസം രാധികയ്ക്ക് എന്നും ഒരുപാടിഷ്ടത്തോടെ പറയുമായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജ ചേച്ചിയായിരുന്നു എന്റെ റോൾ മോഡലെന്ന് എത്രയോ തവണ രാധിക പറഞ്ഞിരിക്കുന്നു. എന്നും മധുരമായി സംസാരിക്കാനായിരുന്നു രാധികയ്ക്ക് എറെ ഇഷ്ടം. അസുഖമായി കിടക്കുന്നതിനു മുമ്പ്, അവസരങ്ങൾ കുറഞ്ഞ സമയത്ത് രാധിക ഒരിക്കൽ പറഞ്ഞത് ഇന്നും ഓർക്കുന്നു: ”നല്ല അവസരങ്ങൾക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. സംഗീതം മറന്ന് എനിക്ക് ജീവിക്കാനാകില്ല. കൂടുതൽ എൻഗേജ്ഡ് ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലേക്ക് അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും പാടും. പക്ഷേ, എനിക്ക് ഇതൊന്നും മത്സരമായി കാണാനാകില്ല. അതുകൊണ്ടുതന്നെ അവസരങ്ങൾക്കായി കാത്തിരിക്കുന്നു….” കാത്തിരിപ്പിനിടയിൽ ദൈവം രാധികയെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. പക്ഷേ, അപ്പോഴും ആ ഗാനങ്ങൾ മായാതെ മായാമഞ്ചലേറി നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തും.


പാടിയ മറ്റ് ഗാനങ്ങൾ : ചന്ദ്രമുഖി നദിതൻ കരയിൽ – ഉസ്താദ്, മുറ്റത്തെ മുല്ലപ്പെണ്ണിന് – കൊച്ചി രാജാവ്, മന്ദാരപ്പൂ – ഞാൻ സൽപ്പേര് രാമൻകുട്ടി, തങ്കമനസ്സിൻ സുന്ദര പുരുഷൻ, വെള്ളാരം കുന്നുകളിൽ – കാട്ടുചെമ്പകം, കാനന കുയിലെ – മിസ്റ്റർ ബ്രഹ്മചാരി, താമരക്കണ്ണാ – ചൂണ്ട, എന്തിനീ പാട്ടിന് -അമ്മക്കിളിക്കൂട്,രക്തസാക്ഷികൾ സിന്ദാബാദ്, ദയ, അച്ഛനയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു.


രാധികാ തിലകിന് ആദരമർപ്പിച്ച് മകൾ ദേവിക ചെയ്ത സംഗീത വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. അമ്മയുടെ ഹിറ്റുകളായ ‘ദേവസംഗീതം നീയല്ലേ, കാനനക്കുയിലിന്, മായാമഞ്ചലിൽ..’ എന്നീ ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുകയാണ് ദേവിക. അമ്മയുടെ ആരാധകർ അഭിനന്ദനം അറിയിക്കുമ്പോൾ മനസ്സു നിറയുന്നുണ്ട് ദേവികയ്ക്ക്.


കടപ്പാട് : വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *