കുളിരണിഞ്ഞ് കാത്തിരിക്കുന്നു റാണിപുരം.

കേരളത്തിന്‍റെ ഊട്ടിയാണ് കാസർകോട് രാജപുരത്തിനടുത്തുള്ള റാണിപുരം. കാഞ്ഞങ്ങാട്പാണത്തൂർ സംസ്ഥാനപാതയിലെ പനത്തടി ടൗണിൽനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ റാണിപുരത്തെത്താം.
കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്ററാണ് ദൂരം. കർണാടകയിൽ നിന്ന് വരുന്നവർക്ക് മടിക്കേരിവാഗമണ്ഡലംപാണത്തൂർ വഴി 100 കിലോ മീറ്റർ സഞ്ചരിക്കണം.സമുദ്രനിരപ്പിൽ നിന്ന് 1,060 അടി ഉയരത്തിലാണ് റാണിപുരം സ്ഥിതിചെയ്യുന്നത്.


റാണിപുരത്തിന്‍റെ സൌന്ദര്യം ആസ്വദിക്കണമെങ്കിൽ പുലർച്ചെ മാനിമല കയറണം.ചെറിയ അരുവികളെയും തൊട്ടുരുമ്മി കൂറ്റൻ മരങ്ങൾക്കിടയിലൂടെ അഞ്ചുകിലോമീറ്റർ കൊടുംകാട്ടിലൂടെ യാത്ര.വാഹനങ്ങൾ എത്തിപ്പെടാനാകാത്തവഴിയിലൂടെ നടന്നു തന്നെ കയറണം.നല്ലൊരു ട്രക്കിംഗ് അനുഭവമാണ് ഈ യാത്ര നമ്മുക്ക് സമ്മാനിക്കുക.മുകളിലെത്തിയാൽ പിന്നെ നമ്മളെ കാത്തിരിക്കുന്നതു പച്ചപ്പിന്‍റെ അത്ഭുത ലോകമാണ്.


മാനിമല പുൽമേടിന്‍റെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദസഞ്ചാരികൾ ഇവിടേക്കെത്തുന്നത്. ഇവിടെനിന്ന് നോക്കിയാൽ അങ്ങ് ദൂരെ ഒരുപൊട്ടുപോലെ പാണത്തൂർ ടൗൺ കാണാം. ഒരുഭാഗത്ത് അതിർത്തി പങ്കിടുന്ന തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ കൺകുളിർപ്പിക്കുന്ന കാഴ്ചയും താഴ്വരയിൽ വന്യമൃഗങ്ങളെയു൦ കാണാ൦. അപൂർവ ഔഷധസസ്യങ്ങൾ, ഓർക്കിഡുകൾ, ചിത്രശലഭങ്ങളുടെ കൂട്ടങ്ങൾ..തുടങ്ങി കാഴ്ച്ചകൾ അവസാനിക്കുന്നില്ല. കാട്ടാന, കാട്ടുപോത്ത്, മാൻ. കുരങ്ങ് എന്നിങ്ങനെ സഞ്ചാരികളുടെ ഭാഗ്യമനുസരിച്ചു മുന്നിൽ ആരൊക്കെ വന്നു നിൽക്കുമെന്നു പറയുക വയ്യ.
റാണിപുരത്ത് എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടേജ് സൗകര്യമുണ്ട്. മുൻകൂട്ടി അറിയിച്ചാൽ ഭക്ഷണം അടക്കമുള്ള സൌകര്യം ലഭിക്കു൦.
കൂടാതെ പ്രദേശത്ത് സ്വകാര്യവ്യക്തികൾ കോട്ടേജുകളും താമസഭക്ഷണസൗകര്യവും ഒരുക്കിനല്കുന്നുണ്ട്.
ഇതോടൊപ്പം ലഘുഭക്ഷണശാലകളും വാഹന പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്തേക്ക് സ്വകാര്യബസ്സും കെ.എസ്.ആർ.ടി.സി.യും സർവീസ് നടത്തുന്നുണ്ട്. കൂടാതെ പനത്തടി ടൗണിൽനിന്ന് ടാക്സിവാഹനങ്ങളും സർവീസ് നടത്തുന്നു.
ഇവിടെയു൦ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വനത്തിൽ പ്രവേശിക്കുന്ന മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയും വിദേശികൾക്ക് 100 രൂപയും പ്രവേശനഫീസ് എന്ന നിലയിൽ വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമറ വനത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ 40 രൂപയും നല്കണം.
മഴക്കാലമാണ് റാണിപുരത്തെ കൂടുതൽ സുന്ദരിയാകുന്നത്.
വിരൽത്തുമ്പു വരെ വന്നു പൊതിയുന്ന മഞ്ഞിൽ, ആഞ്ഞു വീശുന്ന കാറ്റിൽ, വഴിമാറി നിൽക്കുന്ന കോടമഞ്ഞിൽ, കിതപ്പോടെ നമ്മുക്ക് ഇവിടേക്ക് നടന്നു കയറാം….
തയ്യാറാക്കിയത് ജ്യോതി ബാബു

Leave a Reply

Your email address will not be published. Required fields are marked *