ചോരമണക്കുന്ന ദിവസം……………..

ഇന്നാണ് അരുണിക്ക് ആ മരുന്ന് കഴിക്കേണ്ടത്.

അവൾ രാവിലെ തന്നെ ഡോക്ടർ പറഞ്ഞതുപോലെ എല്ലാം ചെയ്യുന്നുണ്ട്.

രണ്ടര മാസം നീണ്ട പ്രഗ്നൻസി ആയതുകൊണ്ട് കുറച്ച് അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് ഡോക്ടർ സൂചിപ്പിച്ചിരുന്നു.

എന്ത് ആവശ്യം വന്നാലും ഹോസ്പിറ്റലിലേക്ക് എത്തിക്കാനുള്ള ഉള്ള ആളും സൗകര്യങ്ങളും വീട്ടിൽ ഉണ്ടായിരിക്കണം എന്നും പറഞ്ഞിരുന്നു.

ഞാൻ ഒരു നെടുവീർപ്പോടെ അവളെ നോക്കി. ഇത് മൂന്നാം തവണയാണ് ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടപ്പെടുന്നത്.

ഒരു മകൾ ഉള്ളത്കൊണ്ട് ഇനി ആകുമ്പോൾ ആകട്ടെ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.

മോൾക്ക് ആറുവയസ്സുണ്ട്. രണ്ടാമത്തെ പ്രെഗ്നൻസി തുടക്കം മുതലേ സ്പോട്ടിംഗും വേദനയുമായിരുന്നു.

ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന സമയത്താണ് മിസ്‌കാരിയജ് ഉണ്ടായത്. അതിന്റെ ഷോക്കിൽ നിന്ന് അരുണി പുറത്തു വരാൻ ഒരുപാടു സമയമെടുത്തു. ജനിതക പ്രശ്നങ്ങൾ വരുന്ന ഗർഭധാരണങ്ങൾ പ്രകൃതിതന്നെ ഒഴിവാക്കുന്നതാണ്, ആരോഗ്യമുള്ള കുഞ്ഞല്ലേ നമുക് വേണ്ടത് എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.

വീണ്ടും പ്രഗ്നൻസി ആയപ്പോൾ തുടക്കത്തിലേ നടത്തിയ ഹോർമോൺ ടെസ്റ്റുകൾ തന്നെ പ്രതീക്ഷക്ക് വക നല്കുന്നതായിരുന്നില്ല. അതിലെ കൗണ്ട് തീരെ കുറവായിരുന്നു. തുടക്കത്തിലേ പ്രതീക്ഷയില്ലാതിരുന്നത് കൊണ്ടാകണം അരുണി വളരെ സംയമനത്തോടെ ആണ് പെരുമാറിയത്.

ആറാം ആഴ്‌ചയിൽ അതും നഷ്ടപ്പെട്ടു.

***************************

രണ്ടാമത്തെ ഡോസ് മരുന്ന് കഴിക്കേണ്ട സമയമായപ്പോൾ ഞാൻ ചോദിച്ചു. താൻ മരുന്ന് കഴിച്ചോ? ഏതെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ? ഇല്ല വിവേക്.. മരുന്ന് പ്രവർത്തിച്ചു തുടങ്ങാൻ സമയമെടുക്കുമായിരിക്കും.

***************************

ലോക്ക് ഡൌൺ ആയത് കൊണ്ട് ഞങ്ങൾ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്.

മോളെ അമ്മയെ ഏൽപ്പിക്കും. അങ്ങനെ ഒരു ദിവസം ആണ് അരുണി പറയുന്നത് ആകെ ഒരു അസ്വസ്ഥത. പെരിയഡ്‌സ് ലേറ്റ് ആണ്.

ഇനി പുറത്തു പോകുമ്പോൾ കുറച്ച പൈനാപ്പിളും എള്ളുണ്ടയും വാങ്ങിട്ട് വരണം. തീയതി തെറ്റിയാൽ പിന്നെ വല്ലാത്ത ബുദ്ധിമുട്ടുകളാണ്.

എന്നും പുറത്തു പോകാൻ പറ്റാത്തത് കൊണ്ട് രണ്ടു ദിവസം കഴിഞ്ഞാണ് ഇതെല്ലം വാങ്ങിക്കഴിച്ചത്.

അപ്പോഴേക്കും തീയതി തെറ്റിയിട്ട് പതിനഞ്ചു ദിവസത്തിൽ കൂടുതൽ ആയിട്ടുണ്ടായിരുന്നു.

‘അമ്മ പറഞ്ഞു, ഒന്നു ഡോക്ടറിനെ കാണു. ഇത് എത്ര ദിവസം ആണെന്ന് വച്ചിട്ടാ..

ഡോക്ടർ ആദ്യം ചോദിക്കാൻ പോകുന്നത് പ്രെഗ്നൻസി ടെസ്റ്റ് ആയിരിക്കും.

പോകുന്നതിനു മുൻപ് അത് ഒന്നു നോക്കിയേക്കാം എന്ന് പറഞ്ഞതും സ്കൂട്ടർ എടുത്ത് ടെസ്റ്റ് കിറ്റ് വാങ്ങാൻ പോയതും അരുണി തന്നെ ആയിരുന്നു. അത്ര കൂടി ഞങ്ങൾ ആ വശം ചിന്തിച്ചിചിരുന്നില്ല.

പിറ്റേന്ന് രാവിലെ ഞാൻ കണി കണ്ടത് രണ്ടു പിങ്ക് വരകളാണ്. ഞാൻ അരുണിയോട് പറഞ്ഞു ഇതിപ്പോ അടിപൊളിയായല്ലോ.

ലോക്ക് ഡൌൺ ആയത് കൊണ്ട് യാത്ര ചെയ്യാതെ റസ്റ്റ് കിട്ടുമല്ലോ. എന്നാൽ കഴിച്ച പൈനാപ്പിളും എള്ളുണ്ടയും ഓർത്തിട്ടായിരുന്നു അരുണിക്കു പേടി.

അതൊക്കെ കഴിച്ചിട്ട് ദിവസങ്ങൾ ആയിട്ടുണ്ടായിരുന്നു. എന്തായാലും ഡോക്ടറിനെ കാണാം. അന്ന് ഞങ്ങളുടെ വണ്ടി നമ്പർ പുറത്തു ഇറക്കാൻ പറ്റാത്തത് കൊണ്ട് പിറ്റേന്ന് പോകാൻ തീരുമാനിച്ചു.

കണക്കുകൂട്ടി നോക്കിയപ്പോൾ ആറര ആഴ്ചത്തെ പ്രെഗ്നൻസി ആയിട്ടുണ്ട്.

അരുണിയുടെ സമാധാനത്തിനു അടുത്തുള്ള ലാബിൽ പോയി ബീറ്റ എച് സി ജി ടെസ്റ്റ് ചെയ്തു.

ഇരുപത്തിനായിരത്തിനു മേലെ കൗണ്ട് കാണിച്ചു. അത് തന്നെ വലിയ സമാധാനം ആയിരുന്നു.

പിറ്റേന്ന് ഡോക്ടറിനെ കണ്ടു. സ്കാൻ ചെയ്തിട്ട് വരൻ പറഞ്ഞു. സ്കാനിംഗ് റൂമിനു മുന്നിലെ ക്യു രണ്ടുമണിക്കൂർ ഉണ്ടായിരുന്നു.

കൊറോണ ആയതു കൊണ്ട് എന്നെ അകത്തു കയറ്റിയില്ല.

അടുത്തത് ആണെന്ന് അരുണി വന്നു പറഞ്ഞു. നല്ല പേടിയുണ്ട് ആൾക്ക്.

എനിക്കും ഉണ്ടെങ്കിലും ഇത്തവണ എന്തോ വളരെ പോസിറ്റീവ് ആയി ഇരിക്കാൻ ആണ് എനിക്ക് തോന്നിയത്.

സന്തോഷായിട്ട് പോയി വാ എന്നും പറഞ്ഞു ഞാൻ അരുണിയെ വിട്ടു. ഇരുപതു മിനിറ്റൊക്കെ കഴിഞ്ഞു കാണും.

കണ്ണ് നിറഞ്ഞു തുളുമ്പി അരുണി വരുന്നു.

മാസ്ക് വച്ചിരിക്കുന്നകൊണ്ട് അരുണിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ. ഉള്ളൊന്നു കാളി.

എന്താ പറഞ്ഞെ??..ഹാർട്ട് ബീറ്റ് ഉണ്ട് വിവേക് …കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചത് എനിക്കാദ്യം മനസ്സിലായില്ല. സന്തോഷം കൊണ്ട് കരഞ്ഞതാണെങ്കിലും ആ ഏങ്ങലടി നില്‍ക്കാന്‍ കുറച്ചു സമയമെടുത്തു.

കുറച്ചു വെള്ളമൊക്കെ കുടിച്ചു ഞങ്ങൾ വീണ്ടും ഡോക്ടറിനെ കാണാൻ കാത്തിരിപ്പായി.

അരുണിയെ മാത്രമാണ് അകത്തു അകത്തു കയറ്റിയത്. സന്തോഷമായിട്ടാണ് ആള് ഇറങ്ങി വന്നത്.

പൈനാപ്പിൾ എള്ളുണ്ട സംശയങ്ങൾ ഒക്കെ ഡോക്ടറോട് ചോദിച്ചു അതൊന്നും ഒരു കുഴപ്പവും ഇല്ല..

പഴുക്കാത്ത പൈനാപ്പിളും പപ്പായയും ഒക്കെ ആണ് പ്രശ്നക്കാർ. ഇനി പത്താം ആഴ്ചയിൽ സ്കാനിനു ചെല്ലണം. മിസ്കാരിയേജ് ഹിസ്റ്ററി ഉള്ളത് കൊണ്ട് റസ്റ്റ് വേണം എന്നും പറഞ്ഞു.

ലോക്ക് ഡൌൺ ആയത് കൊണ്ട് അത്രയും ഉപകാരം ഉണ്ടായല്ലോ എന്നും ഞങ്ങളും കരുതി.

******************************

വിവേക് …. ബ്ലീഡിങ് തുടങ്ങുവാണ് എന്ന് തോന്നുന്നു.

ആലോചനയിൽ നിന്ന് ഞാൻ ഉണർന്നു.എന്നാൽ താൻ പോയി കിടന്നോ.

അടുത്ത മെഡിസിൻ കഴിക്കാൻ ഇനിയും പതിനഞ്ചു മിനിട്ട് ഉണ്ട്.

എനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ല.

വിവേക് ജോലി ഉണ്ടെങ്കിൽ ചെയ്തോളു.

ഇല്ല, അത് കുഴപ്പമില്ല. എന്തായാലും മോളെ അമ്മയെ ഏല്പിച്ചിട്ട് ഇഷ്ടപ്പെട്ട ഏതെങ്കിലും കാർട്ടൂൺ വച്ച് കൊടുത്തിട്ട് വരാം.

*************************************

ആ സ്കാനിംഗ് വരെയുള്ള ദിവസങ്ങൾ… ഒരുപാട് പ്രതീക്ഷയായിരുന്നു…

എന്നാലും അരുണിക്ക് ഒരു പേടിയുള്ളപോലെ.

അടുത്ത കൂട്ടുകാരോട് പോലും അവൾ ഇക്കാര്യം പറഞ്ഞില്ല എന്നത് ഞാൻ ശ്രദ്ധിച്ചു.

അല്ലെങ്കിൽ ഒന്ന് കൂടുതൽ തുമ്മിയാൽ കൂട്ടുകാരെ വിളിച്ചു പറയുന്ന ആളാണ്.

അവളെ ടെൻഷൻ ഇല്ലാതാക്കി വെക്കാൻ പരമാവധി എൻഗേജ്ഡ് ആയി നിർത്തി.

സ്കാനിംഗ് ദിവസം വന്നു. ഹോസ്പിറ്റലിൽ അന്ന് ഗംഭീര തിരക്ക്. കിട്ടിയ നമ്പർ ഏറ്റവും അവസാനത്തെ. രണ്ടര മണിക്കൂർ കാത്തിരുന്നിട്ടാണ് സ്കാനിംഗ് നടത്താൻ വിളിച്ചത്.

പിന്നെയും അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. കുറെ വൈകിപ്പോയല്ലേ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.

പത്തു മിനിട്ടു കഴിഞ്ഞു കാണും എന്നെ അകത്തേക്ക് വിളിപ്പിച്ചു. പെട്ടെന്ന് തന്നെ ഞാൻ അകത്തേക്കു ചെന്നു.

അരുണി കിടക്കുന്നുണ്ട്. വിവേക്, കുഞ്ഞിന് വളർച്ചയില്ല. കഴിഞ്ഞ സ്കാനിങ്ങിൽ കണ്ട പോലെ ആണ് ഇപ്പോഴും കാണുന്നത്.

ഹാർട്ട് ബീറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഡോക്ടർ ചോദിച്ചതോ പറഞ്ഞതോ ഒന്നും ഞാൻ ശെരിക്കു കേട്ടില്ല എന്നു വേണം പറയാൻ.

ഇനി വച്ചോണ്ടിരിക്കുന്നതിൽ കാര്യമില്ല എന്ന് കേട്ടു.

എനിക്ക് ആ മുറിയിൽ നിന്ന് അരുണിയെയും കൊണ്ട് പുറത്തിറങ്ങിയാൽ മതി എന്ന് മാത്രമേ അപ്പോൾ തോന്നിയുള്ളൂ. കരഞ്ഞുകൊണ്ട് അരുണി പുറത്തു വന്നു.

എന്താ ഞാൻ പറയണ്ടേ എന്നറിയതെ അവളെ കസേരയിൽ അടുത്തിരുത്തി ചേർത്തു പിടിച്ചു.

ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഡോക്ടർ വന്നു. ടെർമിനേറ്റ് ചെയ്യാൻ മെഡിസിൻ തരാം. ഈ കൊറോണ ടൈമിൽ നിങ്ങൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാതിരിക്കുന്നതാണ് നല്ലത്..

വീട്ടിൽ കുഞ്ഞൊക്കെ ഉള്ളതല്ലേ. അതല്ല അഡ്മിറ്റ് ആകണം എന്നാണെങ്കിൽ ആകാം. ഡി ആൻഡ് സി ചെയ്യാം.

പെട്ടെന്ന് അരുണി പറഞ്ഞു, മെഡിസിൻ മതി. പിന്നെ കുറെ പേപ്പർ വർക്കുകൾ, ഒപ്പിട്ടു കൊടുക്കൽ.

ഉള്ള സങ്കടം മുഴുവൻ പിടിച്ചു കെട്ടി ഏങ്ങിക്കൊണ്ട് നിൽക്കുന്നവളോട് എന്ത് പറയണമെന്നയറിയാതെ ഞാൻ നിന്നു.

മരുന്നും വാങ്ങി വണ്ടിയിൽ കയറിയപ്പോൾ അമ്മയുടെ ഫോൺ വന്നത് അവളെടുത്തു.

നേരം വൈകിയിട്ടും കാണാത്തത് കൊണ്ട് വിളിച്ചതാണ് ‘അമ്മ. അത്രയും നേരം പിടിച്ചു കെട്ടിയതു മുഴുവൻ അമ്മയോട് പറഞ്ഞു അരുണി കരഞ്ഞു.

വീടെത്തുന്നതുവരെ കരഞ്ഞു. ആ കയ്യെടുത്തു ചേർത്ത് പിടിച്ചു സാരമില്ല പോട്ടെ എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും അതൊന്നും ഏൽക്കാനുള്ള അവസ്ഥ അവൾക്കില്ലായിരുന്നു.

**********************************

മോളെ താഴെ ഏൽപ്പിച്ചു പോരുമ്പോൾ ‘അമ്മ നാരങ്ങാവെള്ളം ഉണ്ടാക്കിത്തന്നുവിട്ടു.

ഇടയ്ക്കു കുടിപ്പിക്കണം നല്ല ക്ഷീണം കാണും. സ്റ്റെപ് കയറാൻ വയ്യാത്ത കൊണ്ടാ. നീ ശ്രദ്ധിക്കണം എന്ന് പറഞ്ഞു.

നാരങ്ങാവെള്ളവുമായി മുകളിൽ എത്തുമ്പോൾ മൂന്നാമത്തെ ഗുളികയും കഴിച്ചു അരുണി കമഴ്ന്നു കിടക്കുന്നുണ്ട്.

എങ്ങനെ ഉണ്ട് ഇപ്പോൾ.വേദന ഉണ്ട് വിവേക്. നല്ല പുറം വേദന ഉണ്ട്.

എന്നാൽ നീ കിടന്നോ.

എന്നും പറഞ്ഞു ഞാൻ അടുത്തിരുന്നു. അരുണിക്ക് വേദന കൂടി വരുന്നത് എനിക്ക് കാണാമായിരുന്നു.

ചരിഞ്ഞും നിവർന്നും കമിഴ്ന്നുകിടന്നും ഒക്കെ സ്വസ്ഥമാകാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇതിനിടക് രണ്ടു തവണ അവൾ ബാത്‌റൂമിൽ പോയി.

ഇത്തിരി കൂടുതൽ ആണ് എന്ന് മാത്രം പറഞ്ഞു വീണ്ടും വന്നു കിടന്നു.

മൂന്നാമത്തെ തവണ എഴുന്നേറ്റു ബാത്റൂമിലേക് പോകാൻ തുടങ്ങിയപ്പോൾ അവൾ വേച്ചുപോകുന്നത് കണ്ടു ഞാൻ ഓടിച്ചെന്നു പിടിച്ചു.

വേദന കാരണം ഇരിക്കാനും നിൽക്കാനും നടക്കാനും അവൾ ബുദ്ധിമുട്ടുന്നുണ്ട്.

ഇത്തവണ ഞാനും ബാത്റൂമിലേക് കയറി. അവളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ കണ്ട കാഴ്ച…

അയ്യോ എന്ന അറിയാതെ എന്‍റെ ശബ്ദം പുറത്തു വന്നുപോയി. ടോയ്ലറ്റ് മുഴുവൻ ചോര.

ചോര എന്ന് പറഞ്ഞാൽ അത് പൂർത്തിയാകില്ല.

എന്റെ ജീവിതത്തിൽ ഇത് പോലെ രക്തം തളം കെട്ടികിടക്കുന്നത് ഞാൻ കണ്ടിട്ടില്ല.

അരുണിയെ പിടിച്ചുകൊണ്ട് വന്നു ബെഡിൽ കിടത്തി.

ഇതുപോലെ ഉണ്ടാകുമെന്നാണോ ഡോക്ടർ പറഞ്ഞത്? നമുക് ഹോസ്പിറ്റലിൽ പോകാം.?

അതിന്റെ ആവശ്യം ഇല്ല വിവേക്. ഇതിങ്ങനെ ആണ്. മുൻപ് രണ്ടു തവണ ബാത്‌റൂമിൽ പോയപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. ഉള്ളിൽ നിന്ന് വല്ലാതെ പുറത്തേക്ക് തള്ളിവരുമെന്നു തോന്നുമ്പോഴാണ് ഞാൻ ബാത്റൂമിലേക് പോകുന്നത്.

കുഞ്ഞിന് വളരാൻ ശരീരം കരുതിയിരുന്നതാണ് . അത് പറഞ്ഞപ്പോൾ അവൾ ഇടറിപ്പോയി.

എനിക്കും വല്ലാതെ സങ്കടം വന്നു. ഞാൻ അരുണിയുടെ അടുത്ത് പോയി കിടന്നു തലയിൽ തടവിക്കൊണ്ടിരുന്നു.

വേദനയുടെ കാഠിന്യം കൊണ്ടാകണം അവളുടെ പുരികം ചുളിഞ്ഞും കണ്ണുകൾ അടഞ്ഞും ഇരുന്നു.

ഇടയ്ക്കിടെ എഴുന്നേൽക്കും. ബാത്‌റൂമിൽ പോകാൻ ഞാൻ സഹായിക്കും.

ഇടയ്ക്കിടെ പാഡ് മാറുന്നുമുണ്ടായിരുന്നു.

വേദന കൂടിക്കൂടി വരുന്നു. ഇടയ്ക്കു വെള്ളം കുടിക്കാനായി വിളിച്ചു.

കമിഴ്ന്നു കിടക്കുവാണ്. അരുണി മിണ്ടുന്നില്ല.

ഞാൻ വീണ്ടും വിളിച്ചു. രണ്ടാമതും വിളി കേൾക്കാതായപ്പോൾ ഞാൻ അടുത്ത് പോയിരുന്ന് ചിന്നൂ എന്ന് വിളിച്ചു.

പണ്ട് വിവാഹത്തിനൊക്കെ മുൻപ് പ്രണയകാലത്തു വിളിച്ചിരുന്ന പേരാണത്. ഇപ്പോഴും വല്ലാതെ സ്നേഹം വരുമ്പോൾ ഞങ്ങളുടെ ഒരു സ്വകാര്യമാണ് ആ വിളി.

അതിനു ഒരു ഞെരക്കം വന്നു. എനിക്കറിയാം ആ വിളിക് മറുപടി വരുമെന്ന്.

അല്ലെങ്കിലും വേദന സഹിക്കാതായൽ അരുണിക്ക് മിണ്ടാൻ പറ്റില്ല. അപ്പൊഴേക്കും അവളുടെ സഹിക്കാൻ ഉള്ള കഴിവിന്‍റെ പരമാവധി ആയി എന്നെനിക് തോന്നി.

അതിനിടയിൽ നാലാമത്തെ ഡോസ് മരുന്നും കഴിച്ചിരുന്നു. പെയിൻ കില്ലർ കഴിച്ചാലോ .

അവൾ വേണ്ടെന്ന് തലയാട്ടി. ഇങ്ങനെ സഹിക്കുന്നതെന്തിനാ ??മറുപടിയില്ല.

കണ്ണിന്റെ രണ്ടുവശത്തുകൂടിയും കണ്ണീരൊഴുകുന്നുണ്ടായിരുന്നു. കണ്ടു നിൽക്കാനുള്ള എന്റെ കഴിവും നഷ്ടപ്പെട്ടു കൊണ്ടിരിന്നു.

ഞാൻ അവളുടെ അടുത്തുപോയി കെട്ടിപ്പിടിച്ചു കിടന്നു.

അല്ലാതെ എനിക്കെന്തു ചെയ്യാൻ പറ്റും.

ഈ വേദന കണ്ടുനില്ക്കാൻ വയ്യ. അപ്പോഴാണ് ഹോട് വാട്ടർ ബാഗിനെ കുറിച്ച് ഓർമവന്നത്.

ചൂടുവച്ചാൽ ആശ്വാസമാകുമല്ലോ എന്നോർത്തു.

അവളെ ചരിച്ചു കിടത്തി നടുവിന് ചൂട് കിട്ടുന്നപോലെ ബാഗ് ചേർത്ത് വച്ചു.

വയറ്റിലും മുതുകത്തും മാറി മാറി വച്ചെങ്കിലും വലിയ ഭേദം ഒന്നും കണ്ടില്ല.

ഇനി ശെരിയാകില്ല. നമുക് പെയിൻ കില്ലർ കഴിക്കാടോ.

അരുണി മിണ്ടിയില്ല. ഉച്ചയായി. ഭക്ഷണം കഴിച്ചിട്ട് എന്തായാലും പെയിൻ കില്ലർ കഴിപ്പിക്കണം എന്നുറപ്പിച് ഞാൻ എഴുന്നേറ്റു.

താഴെ ചെന്നപ്പോൾ ‘അമ്മ മോൾക് ഭക്ഷണം കൊടുക്കുകയായിരുന്നു. അരുണിക്കുള്ള ഭക്ഷണം മുകളിൽ തന്നെ കൊടുത്താൽ മതി.

പടികൾ ഇറക്കിക്കൊണ്ടു വരാൻ നിൽക്കണ്ട. ഇപ്പൊ എടുത്തു തരാമെന്ന് ‘അമ്മ പറഞ്ഞു.

ചോറും കറികളും എടുത്ത് ഞാൻ മുകളിലേക്ക് പോയി. ബെഡിൽ ഇരുന്നു കഴിക്കാൻ പാടായതുകൊണ്ട് കസേരയിലേക്ക് പിടിച്ചിരുത്തി.

വിളമ്പിയത് കഴിച്ചു തീരാറായപ്പോൾ അരുണി പറഞ്ഞു.

വിവേക് എനിക്ക് ടോയ്‌ലെറ്റിൽ പോണം.

ഇത് കഴിച്ചു തീർത്തിട്ട് പോയാൽ മതി. പിന്നെ താൻ കഴിക്കില്ല. അവളത് എങ്ങനെയോ കഴിച്ചു എഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടി.

പിറകെ ഞാനും. ഇട്ടിരുന്ന വസ്ത്രം മുഴുവൻ ചോരയായിരിക്കുന്നു. അത്രയും നേരം കിടന്നിട്ട് എഴുന്നേറ്റിരുന്നപ്പോൾ ബ്ലീഡിങ് കൂടിയതാണ്.

ബാത്റൂമിൽ ചെന്നു കഴുകി മാറാൻ ഉള്ള വസ്ത്രവും പാഡും എടുത്തു കൊടുത്തു.

കഴുകിയിട്ടും കഴുകിയിട്ടും തീരാതെ അരുണി വെള്ളം കോരിയൊഴിക്കുന്നുണ്ടായിരുന്നു.

ആ മുറിയും ബാത്റൂമും അരുണിയും ചോര മണക്കാൻ തുടങ്ങിയതായി എനിക് തോന്നി.

ഒരു കണക്കിന് ബെഡിൽ കൊണ്ട് വന്നു കിടത്തി. നിർബന്ധിച്ചു പെയിൻ കില്ലർ കഴിപ്പിച്ചു.

കഴിച്ച പത്രങ്ങൾ എടുക്കാൻ ചെന്നപ്പോൾ അരുണി ഇരുന്നിടവും ചോര.

അതും വൃത്തിയാക്കി മുറിയിൽ ചെല്ലുമ്പോൾ അരുണിയുടെ ഞെരക്കം കേൾക്കാം.

ഞാൻ അവളുടെ അടുത്തുപോയി കിടന്നു.

മാറി മാറി ചൂട് വച്ചും നടുവ് തിരുമ്മിക്കൊടുത്തും കൊണ്ടിരുന്നു. താൻ ഉറങ്ങാൻ ശ്രമിക്ക് കുറെ വേദന അങ്ങനെ പോകുമല്ലോ.

കുറേ ശ്രമപ്പെട്ടു അരുണി ഒന്ന് മയങ്ങി എന്ന് പറയാം.

സാധാരണ ഇതുപോലെ മാസമുറയുടെ വേദന വരുമ്പോൾ അരുണി പതിവായി കഴിക്കുന്ന ഒരു സാധനം ഉണ്ട് .

ജിലേബി. വയസ്സറിയിച്ച കാലം തൊട്ടേ അങ്ങനെ ആണെന്നാണ് അരുണി പറയുന്നത്.

എന്നാൽ പിന്നെ അതൊന്നു നോക്കിയാലെന്താ എന്നു കരുതി ഞാൻ വേഗം ബൈക്ക് എടുത്തിറങ്ങി.

ആദ്യം കണ്ട ബേക്കറിയിൽ തന്നെ കയറി അവിടെന്ന് ജിലേബി വാങ്ങിച്ചു.

തിരിച്ചു വീട്ടിൽ പാഞ്ഞെത്തി. ആള് മയക്കത്തിൽ തന്നെയാണ്. എഴുന്നേൽക്കുമ്പോൾ കഴിക്കട്ടെ എന്ന് കരുതി.

അടുത്ത് പോയി കിടന്നു. എനിക്ക് തീരെ വിശപ്പ് തോന്നിയില്ല. അങ്ങനെ അരുണിയുടെ അടുത്ത് കിടന്നപ്പോഴാണ് സ്ത്രീകൾ എടുക്കുന്ന വേദനകളുടെയും സഹനങ്ങളെയും കുറിച്ച് ആലോചിക്കുന്നത്.

അമ്മയും പെങ്ങളും ഇപ്പോൾ ഭാര്യയും ഭാവിയിൽ മകളും ഒക്കെ എന്തെല്ലാം സഹിച്ചാണ് ആയുസ്സു തീർക്കേണ്ടി വരുന്നത്.

ശരീരത്തിനും മനസ്സിനും ഒരുപോലെ വേദന സഹിക്കുന്നവർ.

കണ്ടു കൂടെ നിൽക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാകാത്ത ഞങ്ങളും. അരുണി പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.

അവളുടെ കാലു കുഴയുന്നുണ്ടായിരുന്നു. ബാത്റൂമിനു മുന്നിൽ കുഴഞ്ഞു വീണ അരുണിയെ ഞാൻ എടുത്ത് ബെഡിൽ കിടത്തി.

നോക്കുമ്പോൾ എന്റെ കയ്യിൽ ചോര. അരുണി വീണിടത് രണ്ടു മൂന്നു രക്തകക്കട്ടകൾ കിടന്നിരുന്നു.

എന്റെ ശ്വാസം തൊണ്ടയിൽ കെട്ടി നിന്നു. ഞങ്ങളുടെ കുഞ്ഞല്ലേയത്.. രക്തം പറ്റിയ എന്റെ കൈകളിലേക് ഞാൻ നോക്കി.

എന്റെ കുഞ്ഞിന്റെ ചോരയാണോ ഇത്. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.

ഞാൻ അരുണിയെ നോക്കി. അരുണി ചെറുതായിചെറുതായി ചുരുണ്ടുചുരുണ്ടു ഒരു കുഞ്ഞായി.

വീണ്ടും ചെറുതായി ഗർഭപാത്രത്തിലെ കുഞ്ഞെന്ന പോലെ.

വീണ്ടും ചെറുതായി ഭ്രൂണമായി അവസാനത്തെ ഹൃദയത്തുടിപ്പും നിലച്ച് ഒരു മാംസക്കഷ്ണമായി എന്‍റെ ഉള്ളംകയ്യിലിരുന്നു വിറച്ചു.

നിമ്മി ഏബ്രഹാം

2 thoughts on “ചോരമണക്കുന്ന ദിവസം……………..

  • 27 May 2020 at 11:17 pm
    Permalink

    ഹൃദസ്പർശിയായ എഴുത്തു. നെഞ്ചിടുപ്പോടുകൂടിയാണ് വായിച്ചു തീർത്തത്. അവസാനം സങ്കടമായി. ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നേൽ അരുണി രെക്ഷപെടുമായിരുന്നില്ലേ… ആവോ സങ്കടമായി. ഈ കഥ എഴുതുവാനുള്ള സാഹചര്യം പങ്കു വയ്ക്കാമോ

    Reply
    • 28 May 2020 at 10:39 am
      Permalink

      അരുണി മരിച്ചു പോയില്ലല്ലോ.. കുഞ്ഞിനെ ആണ് നഷ്ടപ്പെട്ടത്..

      Reply

Leave a Reply to Nimmy Cancel reply

Your email address will not be published. Required fields are marked *