ഞാന്‍ അത്ര പരുക്കന്‍ ഒന്നും അല്ല; ലാല്‍

പി ആര്‍ സുമേരന്‍

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയും നൃത്തം ചെയ്ത് വിസ്മയിപ്പിക്കുകയും ചെയ്ത ലാല്‍. തന്‍റെ പുതിയ വിശേഷങ്ങളും ഇഷ്ടങ്ങളും കൂട്ടുകാരിയോട് പങ്കുവയ്ക്കുന്നു

രൂപത്തിലും ഭാവത്തിലും വളരെ പരുക്കനാണല്ലോ താങ്കള്‍?

ഞാനത്ര പരുക്കനൊന്നുമല്ല. പക്ഷേ എന്‍റെ രൂപവും ശബ്ദവും ഇങ്ങനെയായിപ്പോയി. ഞാന്‍ വളരെ സാധാരണ ചിന്താഗതിയുള്ളയാളാണ്. ആരെയും മുഷിപ്പിക്കാതെ സംസാരിക്കുന്നയാളാണ്. അവനവന്‍റെ കാര്യം നോക്കി മാത്രം ജീവിക്കുകയാണ്. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഞാന്‍ ഇടപെടാറില്ല. അറിയില്ലാത്തകാര്യത്തെക്കുറിച്ചും അഭിപ്രായവും പറയാറില്ല. സിനിമ പോലുള്ള ഈ ചെറിയ കലയുമായി സ്വസ്ഥമായി ജീവിക്കുന്നു.

എങ്ങനെയാണ് താങ്കളുടെ ലൈഫ് സ്റ്റൈല്‍?

ജിമ്മില്‍ പോക്കോ എക്സര്‍സൈസോ ഒന്നുമില്ല. പണ്ട് നന്നായിട്ട് ഫുട്ബോള് കളിക്കുകയും സ്പോര്‍ട്സിലൊക്കെ താല്പര്യവുമുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ശരീരത്തിന് അത്യാവശ്യം കരുത്തുണ്ട്.

ദൈവവിശ്വാസമുണ്ടോ, പള്ളിയില്‍ പോകാറുണ്ടോ?

ദൈവവിശ്വാസമുണ്ട്. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ കുര്‍ബാന കൂടുന്ന ശീലമൊന്നുമില്ല. കുടുംബപ്രാര്‍ത്ഥനയിലും പതിവായി പങ്കെടുക്കാന്‍ പറ്റാറില്ല. എങ്കിലും വല്ലപ്പോഴുമൊക്കെ പള്ളിയില്‍ പോകാറുണ്ട്. യാത്ര ചെയ്യുമ്പോള്‍ എത്ര തിരക്കാണെങ്കിലും പള്ളിയുടേയും ക്ഷേത്രങ്ങളുടെയും മുന്നില്‍വരുമ്പോള്‍ അവിടേക്ക് നോക്കി ഒന്ന് നമസ്ക്കരിക്കും. വീട്ടില്‍ നിന്നിറങ്ങുമ്പോഴും വീട്ടില്‍ ചെന്നുകയറുമ്പോഴും മനസ്സില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. കടുത്ത ദൈവവിശ്വാസമില്ലെങ്കിലും നമ്മള്‍ ഈ ചെയ്യുന്നതെല്ലാം ഒരാള്‍ കാണുന്നുണ്ടെന്ന വിശ്വാസം എനിക്കുണ്ട്.

നല്ല ടെന്‍ഷന്‍ വരുമ്പോള്‍ എന്തുചെയ്യും?

പെട്ടെന്ന് ടെന്‍ഷനാകുന്നയാളാണ് ഞാന്‍. ചെറിയ കാര്യമാണെങ്കിലും ടെന്‍ഷനടിക്കും. അങ്ങനെ തോന്നിയാല്‍ നേരെ വീട്ടില്‍പോയി പുതച്ചുമൂടി കിടക്കും. നല്ല ചൂടാണെങ്കിലും തലവഴി പുതപ്പും മൂടി ഒറ്റ ഉറക്കം. എനിക്ക് നല്ല ഉറക്കം കിട്ടും എപ്പോഴും. നന്നായി ഉറങ്ങിക്കഴിഞ്ഞാല്‍ ടെന്‍ഷന്‍ പമ്പകടക്കും.

വളരെ സാധാരണ ചുറ്റുപാടില്‍നിന്ന് വളര്‍ന്നുവന്നയാളാണ്. ഇപ്പോള്‍ സിനിമാ മേഖലയിലെ വലിയ വ്യവസായ പ്രമുഖനുമാണ്. ജീവിതത്തിലെ ഈ മാറ്റത്തെ എങ്ങനെയാണ് ബാലന്‍സ് ചെയ്യുന്നത്?


പഴയതൊന്നും മറക്കുന്ന ശീലമില്ല. വളരെ സാധാരണ വീട്ടിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. സിനിമയില്‍ വന്നതും ഇപ്പോള്‍ നേടിയ ഈ നേട്ടങ്ങളെല്ലാം വന്നുചേര്‍ന്നതാണ്.

കുട്ടിക്കാലത്ത് ദാരിദ്ര്യം അനുഭവിച്ചിട്ടില്ലെങ്കിലും ഒരുപാട് ജീവിതക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അന്നും ഇന്നും കഷ്ടപ്പെടാനുള്ള മനസ്സുള്ളതുകൊണ്ട് ബുദ്ധിമുട്ട് വന്നിട്ടില്ല. ആരെയും തോല്‍പ്പിക്കാന്‍ വേണ്ടി ഇതുവരെ വിജയിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. ഒപ്പം ദൈവത്തിന്‍റെ അനുഗ്രഹം കൂടെയുണ്ട്.

ഫോട്ടോയ്ക്ക് കടപ്പാട്; ലാല്‍ എഫ്.ബി പേജ്

Leave a Reply

Your email address will not be published. Required fields are marked *