‘നിധി’ തേടിയെത്തിയ കഥ

വൈറ്റ് കോളര്‍ ജോബ് മാത്രം ചെയ്ത് ശീലിച്ച മലയാളിയെ മാറ്റിയത് കോറോണക്കാലമാണ്. ചിലരുടെ ജീവന്‍ മഹാമാരി കാര്‍ന്ന് തിന്നപ്പോള്‍ മറ്റ് ചിലരുടെ ജീവിതം തന്നെ ആകെ മാറിമറിഞ്ഞു. അങ്ങനെ ഒരുകഥയാണ് ജിഞ്ചുവിവേകിന് നമ്മോട് പറയാനുള്ളത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ജിഞ്ചു വിവേകിന്‍റെ ശ്രദ്ധപാചകത്തിലേക്ക് തിരിപ്പിച്ചത് വിശപ്പിന്‍റെ വിളിയാണ്. ലാക്‌മേയിൽ ഫീൽഡ്‌ ട്രെയിനിങ് മാനേജരായിരുന്ന ജിഞ്ചു ഫ്രീലാൻസർ മേക്കപ്പ്‌ ആർടിസ്‌റ്റായി വര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ജോലിക്ക് പോകാന്‍ പറ്റാതെ ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ജിഞ്ചു വേറെ എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നത്. അങ്ങനെയാണ് പാചകം എന്ന ആശയം ജിഞ്ചുവിന്‍റെ ഉള്ളിലുണ്ടാകുന്നത്. മറുചിന്തയ്ക്ക് ഇടം നല്‍കാതെ കുറച്ച് ബിരിയാണി ഉണ്ടാക്കി അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കി. തന്‍റെ ആശയം അവരോട് പറഞ്ഞു. ഒന്നും ആലോചിക്കണ്ട തുടങ്ങിക്കോയെന്ന് സുഹൃത്തുക്കളുടെ പിന്തുണകൂടിയായപ്പോള്‍ തോന്നിയ ധൈര്യമാണ് ജിഞ്ചുവിനേയും വിവേകിനേയും പുതിയ സംരംഭം തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ബിരിയാണിയിലാണ് ‘നിധി’യെന്ന കുക്കിംഗ് സംരംഭം തുടങ്ങുന്നത്. ജിഞ്ചുവിന്‍റെ പൊറോട്ടയാണ് ക്ലിക്കായത്. ‘ജിഞ്ചൂസ്‌ അടുക്കള’ എന്ന ഫെയ്‌സ്‌ബുക്ക്‌ പേജിലെ നമ്പറിൽ വിളിച്ച്‌ ഓർഡർ ചെയ്‌താൽ നഗരത്തിൽ 15 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറിയായി നിധി പൊറോട്ട എത്തും. വാഴയിലയിൽ പൊതിഞ്ഞെടുത്ത വിഭവത്തിൽ നാലു പൊറോട്ടയുണ്ടാകും. 200 രൂപയ്‌ക്ക്‌ ലഭിക്കുന്ന നിധി പൊറോട്ടയുടെ നാവില്‍ കൊതിയൂറുന്ന വിശേഷങ്ങള്‍ ഇനിയുമുണ്ട്.

ആദ്യത്തെ നിരയില്‍ പൊറോട്ടയിൽ തേങ്ങാ കൊത്തിട്ട ബീഫ്‌ റോസ്‌റ്റ്‌, രണ്ടാമത്തെ നിരയിൽ തേങ്ങയും വറ്റൽ മുളകുമിട്ട ചിക്കൻ ഫ്രൈ, അടുത്തതിൽ കാട മുട്ട റോസ്‌റ്റ്‌. വെറൈറ്റിയായിട്ടാണ് ജിഞ്ചു കിഴിപൊറോട്ട സെറ്റ് ചെയ്യുന്നത്. ചിക്കന്‍ ബീഫ് ദം ബിരിയാണിയാണ് ജിഞ്ചൂസ് അടുക്കളയിലെ മറ്റ് വിഭവങ്ങള്‍.

സ്ത്രീ പൊറോട്ട ഉണ്ടാക്കുന്നു എന്നറിഞ്ഞ് കൌതുകത്താലെത്തുന്നവരാണ് അധികവും. ബിരിയാണിയാണ് തന്‍റെ മാസ്റ്റര്‍ പീസെന്നും ജിഞ്ചു പറയുന്നു. കുറഞ്ഞ അളവില്‍ ബിരിയാണി ഉണ്ടാക്കാന്‍ വളരെയെളുപ്പമായിരുന്നു. ആവശ്യക്കാരേറിയപ്പോള്‍ അദ്യമൊക്കെ കണക്ക് തെറ്റി അഞ്ചുകിലൊ അരി വേസ്റ്റായിപോയെന്നും, ഇപ്പോള്‍ കഥമാറി 100ല്‍ അധികം പേര്‍ക്കും നിഷ്പ്രയാസം ഉണ്ടാക്കുമെന്നും ജിഞ്ചു പറയുന്നു. ദിവസം അമ്പതിലധികം ഓഡറുകള്‍ ജിഞ്ചുവിന് ലഭിക്കുന്നുണ്ട്. വൈറ്റലയില്‍ റെയിന്‍ മേക്കര്‍ ഇവന്‍റ് മാനേജ്മെന്‍റ് നടത്തുന്ന വിവേകാണ് ജിഞ്ചുവിന്‍റെ ഭര്‍ത്താവ്. ഋതികയും ജഗനും മക്കളാണ്.
വൈറ്റില പൊന്നുരുന്നിയില്‍ ആയിരുന്നു ജിഞ്ചുവിന്‍റെയും കുടുംബത്തിന്‍റെയും താമസമെങ്കിലും ഇപ്പോള്‍ താമസം വൈറ്റില ജനതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *