മയില്‍പ്പീലിയുടെ പ്രസവം

ശാന്തിനി. എസ്. നായര്‍

പുറത്ത് നല്ല മഴ,ആകാശത്തിന്‍റെ പ്രണയം ഭൂമിയെ വാരി പുണരുകയാണ്.ചൂടു ചായയുമായി ഉമ്മറത്തിരുന്നപ്പോളാണ് തണുത്ത ഒരു കുളിര്‍ക്കാറ്റ് തഴുകി കടന്നു പോയത്.ആ കാറ്റിലാണ് മുകളിലിരുന്ന ഒരു മയില്‍പ്പീലി പറന്നു വന്നെന്‍റെ മുന്നില്‍ വീണത്.അതെടുത്ത് കയ്യില്‍ വെയ്ക്കവെ എന്‍റെ ഓര്‍മ്മകള്‍ കുറച്ച് പിന്നിലേക്കോടി.

അന്ന് ഞാന്‍ കൊച്ചു കുട്ടിയാണ് അഞ്ചാം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു .മലയാളം ക്ലാസ്സില്‍ കൃഷ്ണഗാഥ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.കൃഷ്ണനും ഗോപികമാരും പശുകുട്ടികളുമൊക്കെയായി മനസ്സില്‍ ഒരു വൃന്ദാവനം തീര്‍ത്ത് അതില്‍ ലയിച്ച് ഇരിക്കുമ്പോള്‍,എന്‍റെ കൂട്ടുകാരി ഒരു രഹസ്യം പറഞ്ഞു.’മയില്‍പ്പീലി ആകാശം കാണാതെ ബുക്കില്‍ വെച്ചാല്‍ പ്രസവിക്കുമത്രെ’.കൂട്ടുകാരി വിശ്വസ്ത ആയതുകൊണ്ട് തന്നെ ഞാന്‍ ആ അദ്ഭുതം വിശ്വസിച്ചു എന്ന് മാത്രമല്ല രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.അന്നു മുതല്‍ ഒരു മയില്‍പ്പീലി സംഘടിപ്പിക്കുവാനായി എന്‍റെ ശ്രമം.അന്നു വൈകിട്ട് നാമം ജപിച്ചു കഴിഞ്ഞ് ഞാന്‍ പണ്ടു ഭക്ത മീര വിളിക്കുന്ന പോലെ നീട്ടി ഒരു വിളി വിളിച്ചു.എന്‍റെ കൃഷ്ണാ….വിളിച്ചു മുഴുമിക്കുന്നതിനു മുന്നേ
അമ്മ തലക്കിട്ടൊരു കിഴുക്കു തന്നപ്പോള്‍ മിണ്ടാതിങ്ങു പോന്നു.കൃഷ്ണന്‍ മൈന്‍റ് ചെയ്തില്ലല്ലോന്ന് ഓര്‍ത്താണ് രാവിലെ എണീറ്റത്..അന്ന് ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വീടിനടുത്തുള്ള പറമ്പിലെ നിറയെ പൂത്തു നില്‍ക്കുന്ന മാവിന്‍ കൊമ്പില്‍ നിന്ന് ഒരു മുരളീരവം കേള്‍ക്കുന്നു.ഓടി മാവിന്‍ച്ചോട്ടില്‍ എത്തിയപ്പൊ വേണു ഊതി ചിരിച്ചിരിക്കുന്നു കൃഷ്ണപിളള.ഇന്നലെ വിളിച്ചപ്പൊള്‍ വരാത്തതിലുള്ള പരിഭവത്തില്‍ ഞാന്‍ കലിപ്പിച്ചൊന്നു നോക്കി.കണ്ണുകളിറുക്കി ഒരു കള്ളച്ചിരി കണ്ടപ്പോള്‍ എന്‍റെ പരിഭവമെല്ലാം അലിഞ്ഞു പോയി.ഞാന്‍ ചോദിച്ചു ‘കണ്ണാ ആ തലയിരിക്കണ മയില്‍പ്പീലി എനിക്ക് തരുവോ? പ്രസവിച്ചു കഴിയുമ്പോ തിരിച്ചു തരാം’.എന്‍റെ ചോദ്യം കേട്ടതും പാട്ട് നിര്‍ത്തീട്ട് പുള്ളി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് മരത്തേന്ന് എന്‍റടുത്തേക്ക് ഒരു ചാട്ടം .പൂത്തു നിന്ന മാമ്പൂ മഴ പോലെ എന്നില്‍ പൊഴിഞ്ഞ് വീണു. തലയില്‍ വീണ മാമ്പു തട്ടി കളഞ്ഞുകൊണ്ട് കൃഷ്ണന്‍ എന്നോട് ചോദിച്ചു,’ആരാ കുട്ടി ഈ മണ്ടത്തരമൊക്കെ പറഞ്ഞത്? ‘അതു ചോദിക്കുമ്പോളും ചിരിക്കുന്നുണ്ടായിരുന്നു.കൂട്ടുകാരിയെ ഒറ്റികൊടുക്കാന്‍ ഇഷ്ടമില്ലാത്തോണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.’പ്രസവിക്കില്ലെ കൃഷ്ണാ’ എന്നു ചോദിക്കുമ്പോള്‍ എനിക്ക് കുറച്ച് നാണം തോന്നിയിരുന്നു.’ഇങ്ങനെ ഒരു പൊട്ടിക്കുട്ടി ആണല്ലോ നീയ് ,.’എന്നും പറഞ്ഞ് ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ട് കണ്ണന്‍ നടന്നകന്നു.ഒന്നും മനസിലാവാതെ ഞാനും.

ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നപ്പോളേക്ക് മഴ തോര്‍ന്നിരുന്നു..അപ്പോള്‍ ദൂരെ എവിടെ നിന്നോ ആ പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു.
മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി..അതും മൂളി ഞാനും നടന്നു …..

Leave a Reply

Your email address will not be published. Required fields are marked *