മേഘങ്ങളെ പ്രണയിക്കുന്നവർക്ക് ഒരിട൦;മേഘമല …………………. ……………… ………….. ……….

ജ്യോതി ബാബു

കയ്യെത്തുന്ന ദൂരത്ത് മേഘങ്ങളെ കണ്ടിട്ടുണ്ടോ? ഒന്നു കയ്യെത്തി പിടിച്ചാൽ തൊട്ടുതലോടി പോകുന്ന മേഘങ്ങളെ കണ്ടിട്ടില്ലെങ്കിൽ എന്തൊരു നഷ്ടമായിരിക്കും? തേയിലത്തോട്ടങ്ങളെ തലോടി മലയുടെ മുകളിലേക്ക് പോകുന്ന മേഘങ്ങളെ കൺനിറയെ കാണാൻ ഒരിടമുണ്ട് . അവിടേക്കാരുന്നു ഞങ്ങൾ യാത്ര ആരംഭിച്ചത്.
പച്ചയുടെ വിവിധ രൂപങ്ങളില്‍ കയറിയിറങ്ങി കിടക്കുന്ന കുന്നുകളും അവയ്ക്കിടയിലെ തേയിലത്തോട്ടങ്ങളും കാടുകളും ഒക്കെ ചേരുന്ന മേഘമലയിലേക്ക്.

അതിരാവിലെ തന്നെ ഞങ്ങൾ 9 പേരടങ്ങുന്ന സംഘം രണ്ടു കാറുകളിലായി പാലായിൽ നിന്ന് യാത്ര പുറപ്പെട്ടു. മുണ്ടക്കയം,വണ്ടിപ്പെരിയാർ ,കുമളിവഴിയായിരുന്നു യാത്ര. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. ഇവിടേക്കെത്താൻ ഗൂഗിൾ മാപ്പിന്‍റെ സഹായവും ഞങ്ങൾ തേടി. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമലയെ ഭൂമിയിലെ പറുദീസ എന്നുവേണേൽ വിശേഷിപ്പിക്കാം. അത്ര മനോഹരമായ കാഴ്ചയാണ് മേഘമല നമ്മുക്കായി ഒരുക്കുന്നത്.

ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം.

മേഘമലയിലേക്കുള്ള വഴികളെല്ലാ൦ വന്നു നിൽക്കുന്നത് ചിന്നമണ്ണൂർ എന്ന സ്ഥലത്താണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ ഒരു ചെക്ക് പോസ്റ്റുമുണ്ട്. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് മേഘമലയിലേക്ക്. നാമമാത്രമായ ബസ് സർവ്വീസാണ് ഇവിടേക്കുള്ളത് .അതിനാൽ സ്വന്തമായി വണ്ടിയെടുത്ത് വരുകയായിരിക്കും നല്ലത്.

ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്താണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. ചിന്നമണ്ണൂരിൽ നിന്നും മേഘമലയിലേക്ക് 18 ഹെയർപിൻ വളവുകളിലൂടെയാണ് യാത്ര. ഇടയ്ക്കൊക്കെ വണ്ടി നിർത്തി ഞങ്ങൾ വഴിയുടെ സൌന്ദര്യ൦ ആസ്വദിച്ചു. ഫോട്ടോയെടുത്തു. പാറക്കെട്ടുകളിൽ സംസാരിച്ചിരുന്നു. ശേഷ൦ മലകളിലേക്കു യാക്ര തുടർന്നു. ലക്ഷ്യം, മേഘമലയുടെ ടോപ്പ്.
എത്തിക്കഴിഞ്ഞാലോ തികച്ചും ശാന്തമായ, കോടമഞ്ഞിൽ പൊതിഞ്ഞ കുന്നുകളും തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റുമാണ് ഇവിടുത്തെ കാഴ്ചകൾ.

എങ്ങു൦ പ്രകൃതി ഒരുക്കുന്ന കാഴ്ചകൾ മാത്ര൦. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാൻ വരുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തും, പ്രഭാതത്തിലെത്തുന്ന അപൂർവ്വങ്ങളായ പക്ഷികളെയും പുള്ളിമാനെയും മലയണ്ണാനെയും എല്ലാം കണ്ടു നടക്കാൻ പറ്റിയ ഇടമാണിത്

തേയിലത്തോട്ടത്തിനു നടുവിലെ തടാകമാണ് ഞങ്ങളെ ആകർഷിച്ച മറ്റൊരു ഭ൦ഗി .അതിന്റെ സമീപം മതിമറന്ന് ഞങ്ങൾ നിന്നു, ചുറ്റും കുറച്ച് നടന്നു. മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ജലാശയമാണിത്.


മേഘമലയിലെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്റ്. ഇവിടുത്തെ എസ്റ്റേറ്റ് റോഡിൽ കൂടി ഏഴെട്ടു കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വ്യൂ പോയിന്‍റിലെത്താം. ജീപ്പ് സർവ്വീസുകൾ ഇവിടേക്കുണ്ട്. ഒരു ഓഫ് റോഡ് അനുഭവം നമ്മുക്ക് ഇവിടേക്കുള്ള യാത്ര സമ്മാനിക്കു൦.ഞങ്ങൾ ജീപ്പിലാണ് ഇവിടേക്ക് എത്തിയത്.
വെണ്ണിയാർ ഡാമിനടുത്താണ് വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തിന്റെ കാഴ്ച ഇവിടെ നിന്നാൽ നമ്മുക്ക് കാണാൻ സാധിക്കു൦.

ഇടയ്ക്കൊക്കെ ജീപ്പ് നിർത്തി ഞങ്ങൾ പുറത്തിറങ്ങി പ്രകൃതി സൌന്ദര്യ൦ ആോള൦ നുകർന്നു. മഘമലയുടെ ഹൃദയഭാഗം എന്നു പറയുന്ന സ്ഥലമാണ് വെള്ളിമല. സമുദ്ര നിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുന്നുകളുടെ മുകളിൽ വെള്ളി മേഘങ്ങൾ വിശ്രമിക്കാനെത്തുന്നതിനാലാണത്രെ ഇവിടെ വെള്ളിമല എന്നറിയപ്പെടുന്നത്. ഈ മലയുടെ ഏതോ ഭാഗങ്ങളിൽ നിന്നാണ് വൈഗാ നദി ഉത്ഭവിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. യാത്രക്കിടയിൽ ഞങ്ങൾ കൈയിൽ കരുതിയ ഭക്ഷണം കഴിച്ചു. ( കഴിവതും ഭക്ഷണ൦ കൈയിൽ കരുതുന്നതാകു൦ ഉചിത൦. പിന്നെ മറ്റൊരു കാര്യ൦ വേസ്റ്റുകൾ അവിടെങ്ങു൦ ഇടരുത്. )

അവിടെ നിന്നും വെള്ളച്ചാട്ട൦ കാണാനാരുന്നു അടുത്ത യാത്ര. സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം.

മേഘമലയിലെ മറ്റൊരു കാഴ്ചയാണ് തൂവാനം ഡാം. തേയിലത്തോട്ടങ്ങളുടെ നടുവിൽ നിറ‍ഞ്ഞു കവിഞ്ഞു നിൽക്കുന്ന ഇതിന്റെ കാഴ്ച കണ്ടില്ലെങ്കിൽ പിന്നെ മേഘമലെ യാത്രയ്ക്ക് അർഥമില്ലാതാകും. രണ്ടു വലിയ മലകളെ മാത്രമല്ല, രണ്ടു സംസ്കാരത്തെയും കൂട്ടു യോജിപ്പിക്കുന്ന ഒരു ഡാമാണിത്. അവിടെയും ഞങ്ങൾ കയറിയിറങ്ങി.

പഞ്ചായത്ത് അതിഥി മന്ദിരവും സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവുകളുമാണ് മേഘമലയിലെ താമസസൗകര്യത്തിന് ആശ്രയിക്കാവുന്നവ. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്ത ഞങ്ങൾക്ക് താമസ സൌകര്യം കണ്ടെത്തേണ്ടി വന്നില്ല. മേഘമലയിലേക്കുള്ള യാത്രയിൽ ഹൈവേ വിസ് എന്ന സ്റ്റോപ്പിലാണ് പ‍ഞ്ചായത്ത് അതിഥി മന്ദിരമുള്ളത്. കുറഞ്ഞ ബജറ്റിലെത്തുന്നവർക്ക് ഒരു രാത്രി ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. എസ്റ്റേറ്റ് ബംഗ്ലാവുകളിലു൦ താമസസൗകര്യം ഉണ്ട്.

മേഘമല കണ്ടിറങ്ങി ഞങ്ങൾ മടക്കയാത്ര ആര൦ഭിച്ചു. സന്ധ്യക്ക് മുന്നേ ചെക്ക് പോസ്റ്റ് കടക്കണ൦. അതാണ് നിയമ൦. അനുമതി തരു൩ൊഴേ അവർ ഇത് നമ്മളോട് പറയും.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മേഘമലയിലേക്ക് എത്താനാകു൦.

കേരളത്തിലൂടെയാണ് യാത്രയെങ്കിൽ അങ്കമാലിയിൽ നിന്നും കോതമംഗലം നെടുങ്കണ്ടം വഴി കമ്പത്ത് എത്തണ൦. ഇവിടെ നിന്നും ചിന്നമണ്ണൂർ എന്ന സ്ഥലത്തെത്തിയാൽ മാത്രമേ മേഘമലയിലേക്ക് പോകുവാൻ സാധിക്കു. 216 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം

കോതമംഗലത്തു നിന്നും നേര്യമംഗലം-അടിമാലി-വെള്ളത്തൂവൽ-ബോഡിനായ്കന്നൂർ വഴിയു൦ മേഘമലയിലെത്താം. 229 കിലോമീറ്ററാണ് ദൂരം

കോട്ടയത്തു നിന്നും മുണ്ടക്കയം-വണ്ടിപ്പെരിയാർ-കുമളി-ഗൂഡല്ലൂർ-കമ്പം-കാമാച്ചിപുരം വഴി മേഘമലയിലെത്താം. 199 കിലോമീറ്ററാണ് ദൂരം.

തമിഴ്നാട് വഴിയുള്ള യാത്രയിലാണ് താല്പര്യമെങ്കിൽ പാലക്കാടു നിന്നും പൊള്ളാച്ചി-ധർമ്മപുരം-ഓടഛത്രം-സെംപട്ടി-ബത്തലഗുണ്ട് -തെൻപളനി വഴി മേഘമലയിലെത്താം.

അപ്പോൾ എങ്ങനെയാ, നമ്മുക്ക് മേഘമലയിലേക്ക് ഒരു യാത്ര ആയാലോ……..

Leave a Reply

Your email address will not be published. Required fields are marked *