സ്വന്തമായി ആപ്പ് നിർമ്മിച്ച് 12 വയസ്സുകാരൻ

തിരുവനന്തപുരം : പബ്‌ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ആത്‌മനിര്‍ഭര്‍ ഭാരതിനെപ്പറ്റി പ്രധാനമന്ത്രി നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ഈ ദിവസങ്ങളില്‍ സുഹൃത്തുക്കളേയും വീട്ടുകാരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പന്ത്രണ്ടു വയസുകാരന്‍. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധീരജാണ് സ്വന്തമായൊരു ആപ്പ് വികസിപ്പിച്ച്‌ അത്‌ഭുതമായിരിക്കുന്നത്. വാട്‌സാപ്പ് മോഡലിലുള്ള ചാറ്റിംഗ് ആപ്പാണ് ധീരജ് രൂപപ്പെടുത്തിയ കോള്‍ ചാറ്റ് മെസഞ്ചര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിന് ഇതിനോടകം ആമസോണ്‍ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു.

ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ധീരജിന്റെ വീട്ടിലൊരു കമ്പ്യൂട്ടർ വാങ്ങുന്നത്. കമ്പ്യൂട്ടർ വാങ്ങിയെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല. മാര്‍ജിന്‍ ഫ്രീ ഷോപ്പ് നടത്തുന്ന അച്ഛന്‍ ശിവകുമാര്‍‌ രാത്രി വീട്ടിലെത്തിയ ശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ ഹോട്ട്‌ സ്‌പോട്ട് ഷെയര്‍ ചെയ്‌താണ് ധീരജ് കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. വെബ്‌സൈറ്റുകളും യൂട്യൂബും തിരഞ്ഞാണ് ആപ്പ് രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് ധീരജ് പഠിച്ചത്. രാത്രി മുഴുവന്‍ കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്ന ധീരജിനെ അച്ഛനും അമ്മയും നിരന്തരം വഴക്ക് പറയുമായിരുന്നെങ്കിലും അതൊന്നും ഈ എട്ടാം ക്ലാസുകാരന്‍ കാര്യമാക്കിയിരുന്നില്ല.

ഇതിനുമുൻമ്പ് ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉള്‍പ്പടെ പലതും അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചത് കോള്‍ ചാറ്റ് മെസഞ്ചറിന്റെ പരീക്ഷണമാണ്. ധീരജിന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തുടങ്ങി പ്രിന്‍സിപ്പള്‍ വരെ തങ്ങളുടെ വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ആപ്പാണ് ഇപ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വീഡിയോ കോളിനും വോയിസ് കോളിനും എല്ലാം കോള്‍ ചാറ്റ് മെസഞ്ചറിന്റെ സേവനം ഉപയോഗിക്കാം. ഇമോജികളും ലൈവ് സ്റ്റിക്കറുകളും അനിമേറ്റഡ് സ്റ്റിക്കറുകളും അടക്കം സമ്പന്നമാണ് കോള്‍ ചാറ്റ് മെസഞ്ചറിന്റെ ലോകം

Leave a Reply

Your email address will not be published. Required fields are marked *