ആരാണ് ഈ പന്ത്രണ്ടാമൻ ? റിസോർട്ടിലെ കൊലപാതകം ഒരു സസ്പെൻസ് ത്രില്ലർ

എസ്തെറ്റിക് വോയജർ


കുറ്റാന്വേഷണത്തിലെ ഏറ്റവും പഴക്കം പറയുന്ന കഥയാണ്, ഒരു സ്ഥലം ഒരു കൂട്ടം ആളുകൾ ഒരു മരണം ഒരു കുറ്റാന്വേഷകൻ!   കാലാകാലങ്ങളായി പറഞ്ഞു പഴകിയ കഥയെ പുതുതായി അവതരിപ്പിക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. അതിനെ ഗംഭീരമായി  മറികടന്നിരിക്കുവാണ് ജീത്തു ജോസഫിന്റെ ‘ട്വൽത് മാൻ’. പഴയ വീഞ്ഞ് പുതിയ കുപ്പി, എന്നാൽ നല്ല വീര്യം എന്ന് പറയുന്ന രീതിയിൽ തന്നെയാണ് കഥയെ തുറന്നു വിട്ടിരിക്കുന്നത്.


സഹപാഠികളായ 11 പേ൪ ഒരു റിസോർട്ടിൽ ഒത്തു ചേരുന്നു. സിദ്ധാർത്ഥിന്റെ(അനു മോഹൻ) ബാച്‌ലർ പാർട്ടിക്കായി ഒന്നിക്കുന്ന അവരിൽ ഒരാൾ മരിക്കുന്നു. അത് ആത്മഹത്യയാണോ കൊലപാതകമാണോ ?. കൊലപാതകമെങ്കിൽ ആരാണ് പ്രതി ?. അത് കണ്ടെത്താൻ പന്ത്രണ്ടാമനായി എത്തുന്ന മോഹൻലാൽ കഥാപാത്രമായ ചന്ദ്രശേഖറിന് കഴിയുമോ? അങ്ങനെ പ്രേക്ഷകർക്ക് പിരിമുറക്കം സൃഷ്ടിക്കുന്ന രീതിയിൽ നല്ല ഒരു മിസ്റ്ററി ത്രില്ലർ ആണ് ജീത്തു ഒരുക്കിയിരിക്കുന്നത്.

ആദ്യപകുതി കുറച്ചു ലാഗും ഉദ്യോഗജനകമായ രണ്ടാം പകുതിയെന്ന പതിവ് ജീത്തു ജോസഫ് ശൈലി തന്നെയാണ് ട്വൽത് മാനിലും അവലംബിച്ചിരിക്കുന്നത്. കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ജീത്തു പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകരുടെ ഒരേ ഒരു പരാതിയും ഇത് തന്നെ ! ‘ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ പോരാ !!’മേക്കിങ് സുന്ദരമാക്കിയിട്ടുണ്ട് ഫ്രെയിംലാണെങ്കിലും എഡിറ്റിംഗിലാണെങ്കിലും. ദുരൂഹത നിറഞ്ഞ തണുത്ത രാത്രിയെന്നു കഥകളിൽ വായിക്കുന്ന പോലെ പകർത്തിയിരിക്കുന്ന ഫ്രെയിമുകൾ. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനൊപ്പം കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ വി എസ് വിനായക് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ത്രില്ലറുകൾ ഇഷ്ടമുള്ളവർക്ക്‌ ഇടം വലം നോക്കാതെ ത്രില്ലടിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് ട്വൽത് മാ൯.


വാൽക്കഷ്ണം: ഗ്രാൻഡ് മാസ്റ്ററിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരാണ് ചന്ദ്രശേഖർ. അയാൾ തന്നെയാണോ ഇതിലെ ചന്ദ്രശേഖർ. ചുമ്മാ ഒരു സംശയം!!

Leave a Reply

Your email address will not be published. Required fields are marked *