‘ആകാശമായവളേ ‘ പാടി സോഷ്യല്‍ മീഡിയയില്‍ തരംഗമായ കൊച്ചു മിലന്‍ സിനിമയിലേക്ക്


തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ തരംഗമായ ആകാശമായവളേ..പാടിയ മിലന്‍ സിനിമയില്‍ പാടുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിലന് ഇനി സിനിമയില്‍ പാടാന്‍ അവസരം ഒരുക്കുന്നത് സംവിധായകൻ പ്രജീഷ് സെൻ ആണ് . പ്രജേഷിന്റെ ചിത്രത്തിലെ ‘ആകാശമായവളെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച മിലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രജീഷിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി 2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വെള്ളം’.

https://fb.watch/ekWkLzgvrq/


മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും അറിയിക്കുകയാണ് സംവിധായകൻ. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാൽ മിലൻറെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകർത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചപ്പോൾ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് പറയുന്നു.


മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ആരെങ്കിലും ഒരു പാട്ടു പാടൂ എന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്. അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികള്‍ക്കു മുന്നില്‍ മിലന്‍ പാടിയ പാട്ട് ഇത്രയേറെ വൈറലാകുമെന്ന് ആരും കരുതിയില്ല. അധ്യാപകന്‍ പ്രവീണ്‍ എം കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയച്ചത്.

മിലന്‍ പാടിയപ്പോള്‍ സഹപാഠികളുടേയും അധ്യാപകന്റേയും കണ്ണു നിറഞ്ഞു. ഇത്ര മനോഹരമായി മിലനു പാടാന്‍ കഴിയുമെന്ന് കൂട്ടുകാര്‍ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലന്‍റെ പാട്ട് കേട്ട ഗായകന്‍ ഷഹബാസ് അമനും സംഗീത സംവിധായകന്‍ ബിജിബാലും മന്ത്രി വി ശിവൻകുട്ടിയും എംഎൽഎമാരും അടക്കമുള്ള പ്രമുഖര്‍ മിലനെ അഭിനന്ദിച്ചു. രണ്ടുദിവസത്തിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത്. ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റെയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടെയും മകനാണ് മിലന്‍.

Leave a Reply

Your email address will not be published. Required fields are marked *