പൗലോ കൊയ്ലോയെ നേരിട്ട് കാണണം തന്‍റെ സ്വപ്നം തുറന്ന് പറഞ്ഞ് വൈറല്‍ ഓട്ടോ ഉടമ പ്രദീപ്

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോയുടെ ഫോട്ടോ പൗലോ കൊയ്ലോ അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിൽ ഇംഗ്ലീഷിൽ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തിൽ അദ്ദേഹത്തിൻറെ പ്രശസ്ത കൃതിയായ ആൽക്കെമിസ്റ്റ് എന്നും എഴുതിയ ഓട്ടോയുടെ ചിത്രംപോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.


ഓട്ടോയുടെ ഉടമയും പൗലോ കൊയ്ലോയുടെ ആരാധകനുമായ ചെറായി സ്വദേശി കെ എ പ്രദീപ്, മകൻ പ്രണവിൽ നിന്നുമാണ് തന്റെ പ്രിയ എഴുത്തുകാരൻ ഈ ചിത്രം പങ്കുവെച്ച കാര്യം അറിഞ്ഞത്. വിശ്വാസം വരാതെ ആശ്ചര്യപ്പെട്ട് നിന്ന പ്രദീപ് ഒടുവിൽ പൗലോ കൊയ്ലോയുടെ ഒഫീഷ്യൽ പേജിൽ കയറിനോക്കി കാര്യം സ്വയം സ്ഥിരീകരിക്കുകയായിരുന്നു.

പ്രിയ എഴുത്തുകാരൻ തന്റെ ഓട്ടോയുടെ ചിത്രം പങ്കുവച്ചതിൽ അങ്ങേയറ്റം സന്തോഷത്തിലാണ് പ്രദീപും ഭാര്യ സിന്ധുവും ഒപ്പം മകൻ പ്രണവും. പത്താം ക്ലാസ് പഠനം കഴിഞ്ഞത് മുതൽ വായന തന്റെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ് പ്രദീപ്. അതിൽ പ്രദീപിനെ ഏറ്റവും കൂടുതൽ സ്പർശിച്ച കൃതിയാണ് പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ്. ആൽക്കെമിസ്റ്റ് വായിച്ചതോടെയാണ് പ്രദീപ് ബ്രസീലിയൻ എഴുത്തുകാരന്റെ ആരാധകനായത്‌. രണ്ട് വട്ടം ഈ കൃതി വായിച്ച് ആൽക്കെമിസ്റ്റിനോട് കൂടുതൽ ആകൃഷ്ടനായ പ്രദീപ് അങ്ങനെയാണ് പേരില്ലാതിരുന്ന തന്റെ ഓട്ടോയ്ക്ക് തന്റെ പ്രിയ എഴുത്തുകാരന്റെ മാസ്റ്റർപീസായ കൃതിയുടെ പേര് നൽകിയത്. തന്റെ വായനയ്ക്ക് ലഭിച്ച അംഗീകാരമായി ഈ പോസ്റ്റിനെ കാണുന്ന പ്രദീപ് തന്റെ പ്രിയ എഴുത്തുകാരനെ ഇനി നേരിട്ടുകാണാൻ വേണ്ടി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *