ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ…കുഞ്ഞുഗായിക ആര്യനന്ദയുടെ ഗാനം വൈറൽ

ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളിയായ കുട്ടിപ്പാട്ടുകാരി ‘ആര്യനന്ദ ബാബു’വും ചലച്ചിത്ര പിന്നണി ഗായികയാകുന്നു. നവാഗതനായ പി സി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്ത ‘ആനന്ദക്കല്ല്യാണ’ത്തിലൂടെയാണ് ലോകമലയാളികളുടെ വാത്സല്യപ്പാട്ടുകാരിയായ ആര്യനന്ദ സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്

സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ ശൂനാട് സംഗീതം നല്‍കിയ ഗാനം രചന സുബ്രഹ്മണ്യൻ. കെ കെ യാണ് എഴുതിയത്. നിയുക്ത എം എല്‍ എ യും ഗായികയുമായ ദലീമ, സിത്താര കൃഷ്ണകുമാര്‍ , അഫ്സല്‍, നജീം അര്‍ഷാദ്, ഹരീഷ് കണാരന്‍ എന്നിവര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആര്യനന്ദ പാടിയ ഗാനം റിലീസ് ചെയ്തു. ‘

ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ… എന്ന മലബാറിലെ ഖവാലി ശൈലിയിലുള്ള ഈ ഗാനം ആര്യനന്ദയ്ക്കൊപ്പം ഗായകരായ പി കെ സുനില്‍കുമാറും , അന്‍വര്‍ സാദത്തും ചേര്‍ന്ന് പാടുകയാണ്. ഗാനം റിലീസായി നിമിഷങ്ങള്‍ക്കകം ആര്യനന്ദയുടെ ആരാധകര്‍ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു. ആനന്ദക്കല്ല്യാണത്തിലെ റിലീസ് ചെയ്ത പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റുകളായിരുന്നു.
ലോകത്താകമാനം സംഗീതാസ്വാദകരുടെ മനം കവര്‍ന്ന കുഞ്ഞുഗായികയാണ് കോഴിക്കോട് സ്വദേശിനിയായ ആര്യനന്ദ. ചെറിയ പ്രായത്തിലേ സംഗീത രംഗത്തെ മികവിന് ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങള്‍ ഒട്ടനവധി കരസ്ഥമാക്കിയ കുഞ്ഞുഗായികയാണ് ഈ സംഗീത പ്രതിഭ. രണ്ടര വയസ്സില്‍ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തില്‍ ആദ്യമായി പാടിക്കൊണ്ടാണ് ആര്യനന്ദ സംഗീതപ്രേമികളുടെ മനം കവര്‍ന്നത്. ഇതോടെ ആര്യനന്ദയുടെ സംഗീതവഴി നേട്ടങ്ങളുടേതായിരുന്നു.

ലളിതഗാനം, ശാസ്ത്രീയ സംഗീതം അങ്ങനെ സംഗീത വഴിയുടെ എല്ലാ ശാഖകളിലും ഒന്നാം സ്ഥാനക്കാരിയായി ആര്യനന്ദ മാറി. 450 ഓളം വിവിധ ആല്‍ബങ്ങളില്‍ പാടി. രാജ്യത്തെ പ്രശസ്തരായ ഗായകര്‍ക്കൊപ്പം ഒട്ടേറെ വേദികളിലും പാടി. ഇതോടെ ആര്യനന്ദ ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഗീത പ്രതിഭയായി മാറി. സി ടി വി ലെ റിയാലിറ്റി ഷോ ആയ സരി ഗമ പ സംഗീത പരിപാടിയില്‍ വിജയകിരീടം നേടി.

ഹിന്ദി ഭാഷയില്‍ പ്രാവിണ്യമില്ലാത്ത പ്രായത്തിലും ഭാഷാശുദ്ധിയോടെ ഹിന്ദിഗാനങ്ങള്‍ ആലപിച്ചതും സംഗീതരംഗത്ത് വലിയ സ്വീകാര്യതയാണ് ആര്യനന്ദയ്ക്ക് ലഭിച്ചത്. ലോക ശ്രദ്ധനേടിയ ഈ സംഗീത വിരുന്നിലൂടെ ആര്യനന്ദ സംഗീത പ്രതിഭകള്‍ക്കിടയിലെ വിസ്മയ താരമായി മാറുകയായിരുന്നു.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മലയാളം, ഹിന്ദി, തെലുങ്ക്, ഭാഷകളില്‍ ‘സനേഹപൂര്‍വ്വം ആര്യനന്ദ’എന്ന സംഗീതാര്‍ച്ചനയിലൂടെ ആര്യനന്ദ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മണിക്കൂറുകൊണ്ട് 25 പാട്ടുകള്‍ തുടര്‍ച്ചയായി പാടിയായിരുന്നു ആര്യനന്ദയുടെ ഈ സംഗീത പ്രകടനം. ലോകപ്രശസ്ത ഗായകര്‍ക്കൊപ്പം വേദി പങ്കിടാനും പാടാനും കഴിഞ്ഞത് ഈശ്വരാനുഗ്രഹമാണെന്ന് ആര്യനന്ദ പറഞ്ഞു. ആനന്ദക്കല്ല്യാണത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരാന്‍ അവസരം നല്‍കിയ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും ആര്യനന്ദ പറയുന്നു.

സംഗീത അദ്ധ്യാപകരായ രാജേഷ് ബാബുവിന്‍റെയും ഇന്ദുവിന്‍റെയും ഏകമകളാണ് ആര്യനന്ദ.
സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാനാണ് ആനന്ദക്കല്ല്യാണം നിര്‍മ്മിക്കുന്നത്. അഷ്ക്കര്‍ സൗദാനും അര്‍ച്ചനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നവാഗതരായ ഒട്ടേറെ സംഗീത പ്രതിഭകളെ പരിചയപ്പെടുത്തുന്ന സിനിമ കൂടിയാണ്. തെന്നിന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാളത്തില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്ല്യാണം.

പി. ആർ സുമേരൻ

Leave a Reply

Your email address will not be published. Required fields are marked *