ചോക്ക് പിടിച്ച കൈയ്യില്‍ ഇന്ന് ചൂല്‍

23 വർഷം കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയ്ക്ക് മറ്റൊരു സ്‌കൂളിൽ തൂപ്പുകാരിയായി ജോലി ലഭിച്ച വാർത്തയാണ് പുറത്ത് വരുന്നത്. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഉഷ കുമാരിയാണ് ഇത്തരത്തില്‍ ഇപ്പോള്‍ തൂപ്പുകാരിയായി ജോലിനോക്കുന്നത്.


ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അദ്ധ്യാപികയ്ക്കുള്ള ബഹുമതി ഉഷ ടീച്ചർ നേടിയിട്ടുണ്ട്. തൂപ്പുകാരിയാകുന്നതിലൊന്നും വിഷമമില്ലെന്നും,എന്തുതന്നെയായാലും അധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടമെന്നും ടീച്ചർ വ്യക്തമാക്കുന്നു.

ഏകാദ്ധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ അനിശ്ചിതത്വത്തിലായ 344പേരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ ഉഷാ കുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾടൈം തൂപ്പുകാരിയായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് അൻപത് പേർ ഇന്നലെ സ്‌കൂളിൽ ജോലിക്കെത്തി. ഉഷാ കുമാരി ടീച്ചറും ജോലിയ്ക്ക് എത്തിയിരുന്നു.

അമ്പൂരിയിലെ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന ഉഷാകുമാരിയ്ക്ക് പേരൂർക്കടയിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നിയമനം ലഭിച്ചത്.ആറ് വർഷത്തെ സർവ്വീസ് ബാക്കിയുള്ളപ്പോഴാണ് സർക്കാർ ഉഷാകുമാരിയെ പുതിയ ജോലിയ്ക്ക് നിയോഗിച്ചത്. ‘രണ്ട് മാസം മുൻപ് വരെ സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചിരുന്നതാണ്. ചോക്കും ഡസ്റ്ററുമായിരുന്നു കൈയ്യിൽ. ഇന്നിപ്പോൾ ചൂലെടുത്ത് വൃത്തിയാക്കുന്നു. തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കൾ പറഞ്ഞത്. മുഴുവൻ പെൻഷനും നൽകണമെന്ന് മാത്രമാണ് എനിക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്’ ഉഷാ കുമാരി പറയുന്നു.

ഉഷാകുമാരിയുടെ പുതിയ നിയമനത്തിൽ പ്രതിഷേധം ഉയരുകയാണ്. സർക്കാരിന്റേത് ശരിയായ തീരുമാനമല്ലെന്നാണ് ഉയരുന്ന വിമർശനം. ഉഷാകുമാരിയെ ഉയർന്ന തസ്തികയിൽ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അദ്ധ്യാപികയിൽ നിന്നും തൂപ്പുകാരിയിലേക്ക് മാറിയെങ്കിലും ഉഷയുടെ ശമ്പളത്തിൽ വർദ്ധനവാണ് ഉണ്ടായത്. ഏകാദ്ധ്യാപക വിദ്യാലയത്തിൽ 19, 000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ഇടത്ത് 20,000ത്തിന് മുകളിൽ ശമ്പളം ലഭിക്കും.

1996 മുതലാണ് ഏകാദ്ധ്യാപ വിദ്യാലയങ്ങൾ തുടങ്ങുന്നത്. വനാന്തരങ്ങളിലേയും ഒറ്റപ്പെട്ട സ്ഥലങ്ങളിലേയും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *