മലയാളികളുടെ ‘മിഴിയോരം നനച്ചു’കൊണ്ട് ബിച്ചുയാത്രയായി

മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് ബിച്ചുതിരുമല. ഒരായിരം ഗാനങ്ങള്‍ മലയാളിക്ക് എന്നെന്നും ഓര്‍മ്മിച്ചുവയ്ക്കാന്‍ സമ്മാനിച്ചിട്ടാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.


സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13-നാണ് ബിച്ചു തിരുമല ജനിച്ചത്.പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ.ഗായികയായ സഹോദരി സുശീ ദേവിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം.


1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.


പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജഎന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.


‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി
ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു.


ബിച്ചുതിരുമലയുടെ മറ്റ് ശ്രദ്ധേയമായ ഗാനങ്ങള്‍

  • രാകേന്ദുകിരണങ്ങൾ (അവളുടെ രാവുകൾ)
  • വാകപ്പൂമരം ചൂടും (അനുഭവം)
  • നീയും നിന്റെ കിളിക്കൊഞ്ചലും (കടൽക്കാറ്റ്)
  • ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ (അണിയാത്ത വളകൾ)
  • വെള്ളിച്ചില്ലും വിതറി (ഇണ)
  • മൈനാകം (തൃഷ്ണ)
  • ശ്രുതിയിൽ നിന്നുയരും (തൃഷ്ണ)
  • തേനും വയമ്പും (തേനും വയമ്പും)
  • ആലിപ്പഴം (മൈ ഡിയർ കുട്ടിച്ചാത്തൻ)
  • പൂങ്കാറ്റിനോടും (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്)
  • ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്)
  • പാൽനിലാവിനും (കാബൂളിവാല)

Leave a Reply

Your email address will not be published. Required fields are marked *