ഫൈബ്രോയിഡുകള്‍ കാരണങ്ങളും പരിഹാരവും ആയുര്‍വേദത്തില്‍
ഡോ.അനുപ്രീയ ലതീഷ്
ആര്‍ത്തവ പ്രായ ഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന നിരുപദ്രവകരമായ അര്‍ബുദങ്ങളില് പ്രധാനമാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയത്തിലെ പേശി നാരുകള്‍ വളര്‍ന്ന് വികസിച്ചാണ് റബ്ബര്‍ പോലുള്ള മൃദു മുഴകള്‍ രൂപം കൊള്ളുന്നത്.
വളര്‍ച്ച നേടിയ ഫൈബ്രോയിഡ്കള്‍ പേശി ഭിത്തികളില്‍ ഉതുങ്ങി നില്‍ക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാശയ അറയിലോട്ടോ ഗര്‍ഭാശയത്തിനു പുറത്തോട്ടോ തള്ളി വലുപ്പം വെക്കുകയോ ചെയ്യും.ഗര്‍ഭാശയത്തില്‍ കൂടാതെ ചെറുകുടല്‍, അന്നനാളം, പിത്ത സഞ്ചി, സ്തനം, അസ്ഥി, ചര്‍മ്മ പേശികള്‍ എന്നീ ഭാഗങ്ങളിലും ഇത്തരം നിരുപദ്രവ മുഴകള്‍ (Leiomyoma) കാണാറുണ്ട്.
പ്രസവിച്ചിട്ടില്ലാത്തവരിലും കുഞ്ഞുങ്ങള്‍ ഉള്ളവരിലും ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. 20നും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള ഏതു സ്ത്രീയിലും ഇത് പിടിപെടാം.
കാരണങ്ങള്‍
പാരമ്പര്യം, വിഷ ഘടകങ്ങളുടെ സാന്നിദ്ധ്യം, ക്ഷാരാവസ്ഥ, രക്ത ധമനികളുടെ അസാധാരണമായ രൂപീകരണം, പേശി കോശങ്ങളുടെ അസാധാരണ പ്രതികരണം എന്നിവ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതിന് കാരണമാകുന്നുണ്ട്.12 വയസിനു മുമ്പ് തന്നെ ആര്‍ത്തവം തുടങ്ങിയവരില്‍ ഈസ്ട്രജന്‍ തോത് രക്തത്തിലും കരളിലും ഉയര്‍ന്ന അളവില്‍ നിലകൊള്ളും. ദോഷകരമായഈസ്ട്രജന്‍, ജനനേന്ദ്രിയ അവയവങ്ങളിലെ രോഗാണു ബാധ എന്നിവയോടുള്ള പേശി കോശങ്ങളുടെ അമിത പ്രവര്‍ത്തനവും ഇതിന് പ്രേരണയാകുന്നുണ്ട്.
രോഗ ലക്ഷണങ്ങള്‍
ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. മുഴകള്‍ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്.
പഥ്യവും അപഥ്യവും
ആഹാര രീതിയില്‍ സമൂലമായ മാറ്റം വരുത്തിയാല്‍ തന്നെ മുഴകളുടെ വലുപ്പം കുറഞ്ഞ് കിട്ടും. ദുര്‍മേദസ് പിടിപെടാതെ നോക്കണം. ഉപ്പ് പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. അയഡിന്‍ വിരുദ്ധ ഘടകങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ തിരിച്ചറിഞ്ഞു അവയുടെ സമ്പര്‍ക്കവും ഉപയോഗവും കുറക്കണം.
ഉയര്‍ന്ന ചൂടില്‍ വറുത്തതോ പൊരിച്ച് കരിയിച്ചതോ ആയ ആഹാരം;സമീകൃതമല്ലാത്ത ആഹാര ചേരുവകള്‍ എന്നിവയും മുഴകള്‍ രൂപം കൊള്ളുന്നതില്‍ ഭാഗഭാക്കാവുന്നതിനാല്‍ ഒഴിവാക്കണം.
എരിവ് രസം ലഘുവായുള്ള മഞ്ഞള്‍, ജീരകം, ഉള്ളി, വെളുത്തുള്ളി എന്നിവയും; പുളി രസം ലഘുവായുള്ള മോര്, ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയും ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്താം
മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ എറെ ഉള്ള ആഹാര ദ്രവ്യങ്ങള്‍ കുറയ്ക്കണം. റെഡ് മീറ്റ് ഒഴിവാക്കണം. പച്ചക്കറിയും ഫൈബര്‍ അടങ്ങിയ സസ്യ ആഹാരങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദോഷകരമായ ഈസ്ട്രജന്‍, കൊഴുപ്പുകള്‍ എന്നിവ പിത്ത രസം വഴി പുറത്ത് പോകാനും, കുടലില്‍ വെച്ച് പരിണമിക്കാനും ഫൈബര്‍ സഹായകമാണ്.
പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ആഹാരം, ഹോര്‍മോണ്‍ കൊടുത്ത് വളര്‍ത്തിയ മൃഗങ്ങളുടെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം എന്നിവ ഒഴിവാക്കണം. ചെറിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.യുറിക് ആസിഡ് ഏറെയുള്ള ചുവന്ന മാംസവും അത്തരം മത്സ്യ മാംസവും വര്‍ജിക്കണം.പെട്രോള്‍, പ്ലാസ്റ്റിക് ഘടകങ്ങള്‍ എന്നിവ ആഹാര പദാര്‍ത്ഥങ്ങളുമായി യാതൊരു വിധത്തിലും കലരാന്‍ ഇടയാകരുത്. ഇത്തരം ഘടകങ്ങള്‍ കലര്‍ന്ന ക്ലീനിംഗ് ഉല്‍പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണം. മൈക്രോ വേവ് അടുപ്പുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ മധുര ദ്രവ്യങ്ങളും വര്‍ജ്ജിക്കണം.കൌമാര അന്ത്യത്തില്‍ ആണ് മുഴ രൂപം കൊള്ളുന്നതെങ്കില്‍, കാല ക്രമേണെ അതിന്‍റെ വലുപ്പം എറെ വെക്കാനും എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. അതിനാല്‍ ആരംഭത്തില് ചികിത്സ തേടണം.55 വയസു കഴിയുന്നതോടെ മുഴകള്‍ സ്വാഭാവികമായുള്ള ചുരുങ്ങലിന് വിധേയമാകുന്നതാണ്. ഈ ഘട്ടത്തിലും അനാവശ്യ ചികിത്സകള്‍ ഒഴിവാക്കണം.