ചെട്ടികുളങ്ങര കെട്ടുകാഴ്ച

വിവരങ്ങള്‍ക്ക് കടപ്പാട്: ശാന്തിസുരേഷ് (പനവേല്‍)

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമാണ് ചെട്ടികുളങ്ങര ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം . ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ആചാരമാണ് കെട്ടുകാഴ്ച. ഉത്സവ ദിവസം(കുംഭ ഭരണി) ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു.

കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.


നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.


ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *