പൊങ്ങച്ചകാര്‍ക്ക് ചൈനയില്‍ മുട്ടന്‍ പണിവരുന്നു..

ചൈനയിൽ സമ്പത്തിനെക്കുറിച്ച് വീമ്പടിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആർഭാടകാണിക്കലുകള്‍ക്ക് പൂർണ്ണമായും വിലക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെതാണ് പുതിയ നിർദ്ദേശം. അതിന് കാരണമായതോ ഒരു വ്ലോഗും. ചൈനയിലെ ഒരു യൂട്യൂബർ തന്റെ വ്ലോഗിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് ഈ മനുഷ്യന് വിനയായി മാറിയിരിക്കുന്നത്.

ഒരു പഞ്ച നക്ഷത്ര ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിനോട് അറ്റാച്ച് ചെയ്ത സൗന ബാത്ത്റൂമിൽ നിന്ന് തുടങ്ങുന്നതാണ് ദൃശ്യങ്ങൾ. തുടർന്ന് സ്യൂട്ടിലെ ഡൈനിംഗ് റൂമിലേക്ക് എത്തുമ്പോൾ ഒരു പേഴ്സണൽ ഷെഫ് കൊണ്ടുവന്ന് വിളമ്പിയ സ്റ്റേക്കിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. അടുത്ത ദിവസം രാവിലെ തന്റെ കിടക്കയിൽ കാലും പിണച്ചിട്ടു കിടന്നുകൊണ്ട് ലോബ്സ്റ്റർ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. ഇതായിരുന്നു ദൃശ്യങ്ങൾ. അതോടൊപ്പം തന്നെ ചാങ്ടുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാൻ നേരം, അദ്ദേഹം വീണ്ടും ഒരു ട്വിറ്റ് ഇട്ടു. ” ഇന്നത്തെ ബിൽ 108,876 കുവായി. അരഡസൻ ഐഫോൺ വാങ്ങാനുള്ള പണമാണ് ഞാൻ രണ്ടു ദിവസം കൊണ്ട് പൊട്ടിച്ചു കളഞ്ഞത് എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു അത്. ഏകദേശം 17,000 ഡോളർ. 12 ലക്ഷത്തോളം ഇന്ത്യൻ രൂപ.

എന്നാൽ ഈ വീഡിയോ ചൈനയിലെ ഇന്റർനെറ്റ് ചട്ടങ്ങളുടെ കടുത്ത ലംഘനം കൂടിയായിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ തത്വങ്ങൾ അനുസരിച്ച് ഈ വീഡിയോ “flaunting wealth ” എന്നുവെച്ചാൽ സമ്പത്തിനെ കുറിച്ചുള്ള വീമ്പടിക്കൽ പരിധിയിൽ വരുന്നതാണ്. അതോടെ സെൻസറിങ് സംവിധാനങ്ങളുടെ ഇടപെടലിനെ തുടർന്ന് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ വ്ലോഗർ നിർബന്ധിതനായി.

ഇനിയും ഇത്തരത്തിലുള്ള ആർഭാട കാട്ടിക്കൂട്ടലുകൾ നടന്നാൽ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും ഒപ്പം ശിക്ഷാവിധേയരാകേണ്ടി വരുമെന്നും ചൈനയിലെ സൈബർ അഡ്മിനിസ്ട്രേഷൻ മേധാവിയായ ഷാങ് യോങ് ഷുൻ അറിയിച്ചു.

ചൈനയിലെ നിയമവ്യവസ്ഥകൾ അനുസരിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുന്ന വിധത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും രാജ്യത്ത് നടക്കുകയില്ല. രാജ്യത്ത് നിലനിൽക്കുന്ന എല്ലാതരത്തിലുമുള്ള അസമത്വത്തെ ഇല്ലായ്മചെയ്യാൻ പ്രതിജ്ഞ എടുത്തിട്ടുള്ള പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ഏറ്റവും പുതിയ നിർദേശങ്ങളിൽ ഒന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആർഭാട പ്രഘോഷണത്തിന് പൂർണമായും വിലങ്ങിടുക എന്നത്.

Leave a Reply

Your email address will not be published. Required fields are marked *