ബ്രിട്ടീഷുകാരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ടിപ്പുവിന്‍റെ വാട്ടര്‍ ജയില്‍

കാവേരി നദിയാൽ ചുറ്റപ്പെട്ടതും മൈസൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ളതുമായ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ശ്രീരംഗപ്പട്ടണം. രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ശ്രീരംഗപ്പട്ടണം എന്ന പേര് കിട്ടിയത്. മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം കൂടിയായിരുന്നു ശ്രീരംഗപ്പട്ടണം.കോട്ട കെട്ടി സംരക്ഷിച്ച തലസ്ഥാനം ഇന്ന് ഒരു ഗ്രാമം പോലെ ഉറങ്ങിക്കിടക്കുന്നു.

ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട നിരവധി ഓർമ്മ ശിലകളാണ് ശ്രീരംഗപ്പട്ടണത്തെ ആകർഷണ കേന്ദ്രമാക്കുന്നത്.പഴയ ശ്രീരംഗപ്പട്ടണം കോട്ടയുടെ അവശിഷ്ടങ്ങൾ അങ്ങുമിങ്ങും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത് കാണാം. ബ്രിട്ടീഷുകാർ ഈ കോട്ട തകർത്ത് കയറിയ സ്ഥലം ഇന്നും കണ്ണീർ പൊഴിച്ച് നിൽക്കുന്ന പോലെ തോന്നും.ദാരിയ ദൌലത്ത് ബാഗ് എന്ന പൂന്തോട്ടത്തിന് നടുവിൽ 1784ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ‘ദാരിയ ദൌലത്ത് ‘ എന്ന സമ്മർ പാലസ് ആണ് ശ്രീരംഗപ്പട്ടണത്തെ പ്രധാന നിർമ്മിതികളിൽ ഒന്ന്.തേക്ക് മരത്തിൽ തീർത്തതാണ് ഈ കൊട്ടാരം. ടിപ്പു സുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളും ആയുധങ്ങളും മറ്റു ചില പെയിന്റിംഗുകളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇന്ന് സമ്മർ പാലസ്.

         യുദ്ധത്തിലോ മറ്റോ പിടിയിലാകുന്ന ബ്രിട്ടീഷ് ഓഫീസർമാരെ തടവുകാരാക്കി വച്ചിരുന്ന സ്ഥലം "വാട്ടർ ജയിൽ " എന്നാണ് അറിയപ്പെട്ടിരുന്നത്.ഇത് തറ നിരപ്പിൽ നിന്ന് 30 അടി താഴ്ചയിൽ നദീ ജല നിരപ്പിനോട് ചേർന്നാണ് സ്ഥിതി ചെയ്തിരുന്നത്.ചുണ്ണാമ്പ് കല്ലും ഇഷ്ടികയും കൊണ്ടാണ് ഇതിന്റെ നിർമ്മിതി.ചുറ്റും സംരക്ഷണത്തിനായി ബലമുള്ള കൽക്കെട്ട് കെട്ടിയ കോട്ടയും.ഇതിന്റെ ഇടുങ്ങിയ ചുമരിലുള്ള കൽ‌തുറുങ്കിലേക്ക് ഇരു കൈകളും ബന്ധിപ്പിച്ച് നിർത്തി,,, തൊട്ടപ്പുറത്തുള്ള കാവേരി നദിയിൽ നിന്ന് ജയിലിലേക്ക് വെള്ളം കയറ്റി ശ്വാസം മുട്ടിച്ചാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.

പക്ഷേ ഈ പൈശാചിക രീതിയിൽ ജീവൻ നഷ്ടപ്പെട്ടത് കേണൽ ബെയ്‌ലി എന്ന ബ്രിട്ടീഷ് പട്ടാളക്കാരന് മാത്രമാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെ ഇന്ന് വാട്ടർ ജയിൽ അറിയപ്പെടുന്നത് ‘Bailey’s Dungeon ‘( ബെയിലീസ് ഡങ്കൺ ) എന്നാണ്. ഈ കോട്ടയിൽ വച്ചിരുന്ന ഒരു പീരങ്കി നാലാം മൈസൂർ യുദ്ധത്തിൽ സ്ഥാനം തെറ്റി ഉരുണ്ടു വന്ന് മേൽക്കൂര തകർത്ത് എങ്ങനെയോ അകത്തേക്ക് പതിച്ചത് ഇന്നും അവിടെ കാണാം.

വിവരങ്ങള്‍ക്ക് കടപ്പാട് : പ്രവീണ്‍ പ്രകാശ്, വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *