സ്ത്രീകള്‍ തെയ്യം കെട്ടിയാടുന്ന ‘തായക്കാവ്’

സ്ത്രീ തെയ്യം ദേവക്കൂത്ത്

കണ്ണൂർ ജില്ലയിലെ തെക്കുമ്പാട് കൂലോത്ത് ആണ് വെങ്ങരയിലെ അംബുജാക്ഷി അമ്മ ദേവക്കൂത്ത് ആടി അവിസ്മരണീയമാക്കിയത്.കണ്ണൂർ ജില്ലയിലെ മാട്ടുൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കി. മീ പടിഞ്ഞാറായി ആയിരംതെങ്ങ് എന്ന സ്ഥലത്തിനു സമീപത്താണ് പ്രകൃതി രമണീയമായ തെക്കുമ്പാട് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കുമ്പാട് ദ്വീപിന്‍റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിലാണ് തായക്കാവ് സ്ഥിതിചെയ്യുന്നത്.

കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യസങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധനാസമ്പ്രദായം. ഘോരവനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്. പൂർവ്വിക കാലത്ത് തെക്കുമ്പാട് ദ്വീപിന്‍റെ അധീനതക്കായി പടനയിച്ച കോലത്തിരിയുടെ പടയാളികൾ വളപട്ടണം കോട്ടയിൽ നിന്ന് പുഴ വഴി വന്ന് തെക്കുമ്പാട് വനത്തിൽ താവളമുറപ്പിച്ച് ഈ ദ്വീപ് കൈവശപ്പെടുത്തിയതായും ചരിത്രമുണ്ട്. അന്ന് വനത്തിൽ വച്ച് ആരാധന നടത്തിയ സ്ഥലത്താണ് പിൽക്കാലത്ത് പ്രസിദ്ധമായ കോലസ്വരൂപത്തിങ്കൽ തായയുടെ കാവ് ഉയർന്നുവന്നത്.

ഐതീഹ്യം

ദേവലോകത്ത് നിന്ന് സുന്ദരിയായ യുവതി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനായിട്ടാണ് ഈ ചെറുദ്വീപില്‍ എത്തിയത്. പൂക്കള്‍ പറിക്കുന്നതിനിടയില്‍ യുവതി കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവര്‍ യുവതിയെ തിരഞ്ഞുവെങ്കിലും കാണാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ യുവതി, നാരദനെ മനസ്സില്‍ ധ്യാനിക്കുകയും, നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും കൊണ്ട് പോയി. അവിടെ തെങ്ങിന്റെ ഓല കൊണ്ടൊരു താല്ക്കാലിക പുര പണിയുകയും, അവിടെ നിന്ന് യുവതി വസ്ത്രം മാറുകയും, ചങ്ങാടത്തിൽ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തുവെന്നതാണ് ദേവക്കൂത്ത് തെയ്യത്തിന്റെ ഐതിഹ്യം.

ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ വള്ളത്തിലാണ് ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്. രണ്ടു ദിവസവും താല്ക്കാലികമായി പണിത അറയിലാണ് കോലക്കാരി കഴിയുക. ഈ ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലർത്തില്ല. തെയ്യം കെട്ടേണ്ട ദിവസം മുഖത്തെഴുത്തും ചമയങ്ങളും ചെയ്ത് ഒരു തെയ്യമായി രൂപാന്തരപ്പെടുന്നു. അതിനു ശേഷം ചെണ്ടയുടെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അൽപ്പ സമയത്തിനുള്ളില്‍ കൂടെ നാരദന്‍ തെയ്യവും പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കും.

തെയ്യം കെട്ടിയാടുന്നതിനുള്ള എല്ലാ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും പാലിച്ചാണ് ഈ തെയ്യവും കെട്ടിയാടുന്നത്. 41 ദിവസത്തെ വ്രതത്തിനു ശേഷമാണ് ഈ തെയ്യം കെട്ടിയാടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *