പച്ചപ്പുകളെ കൂട്ടുപിടിച്ച് ദിയമിര്‍സ

പ്രകൃതിയെ ഇഷ്ടപ്പെടുന്ന ബോളിവുഡ്താരം ആണ് ദിയ മിർസ. അതിന് അനുസരിച്ചാണ് മുംബൈയിലെ വീട് നടി ഒരുക്കിയിരിക്കുന്നതും. സങ്കൽപങ്ങളുടെ ഒരു പകർപ്പാണ് മുംബൈയിലെ ദിയയുടെ വീട്.

സാങ്ച്വറി എന്ന് ആണ് വീടിന് ദിയ ഇട്ടിരിക്കുന്ന പേര്. ബാസാർ മാ​ഗസിന്റെ പുതിയ പതിപ്പിലാണ് സുസ്ഥിര വികസനത്തിന്റെ വക്താവും യുഎൻ എൻവയോൺമെന്റ് ​ഗുഡ്വിൽ അംബാസഡറുമായ ദിയയുടെ വീടും ഇടം നേടിയിരിക്കുന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതമായിരുന്നു ദിയയുടെ കുട്ടിക്കാലം. ഇന്നിപ്പോൾ മോഡലും താരവുമൊക്കെയായി വീടൊരുക്കിയപ്പോഴും കിളികൾക്കായി പ്രത്യേക ഇടം പോലും ദിയ വീട്ടിലൊരുക്കി. ദിവസവും ഇരുപത്തിയഞ്ച് ഇനം പക്ഷികളെങ്കിലും തന്റെ ജനാലയ്ക്കരികിൽ വന്നു പോകാറുണ്ടെന്ന് ദിയ പറയുന്നു.

എപ്പോഴും പ്രകൃതിയെ തേടിയുള്ള ജീവിതമായിരുന്നു തന്റേതെന്ന് ദിയ പറയുന്നു. വീട് ഡിസൈൻ ചെയ്യുമ്പോഴും പുനരുപയോ​ഗിക്കാനും മാലിന്യസംസ്കരണത്തിനുമൊക്കെ തന്റേതായ ആശയങ്ങളുണ്ടായിരുന്നു. അവ വീടിനെ കൂടുതൽ മികച്ചതും സുരക്ഷിതവും ആക്കിമാറ്റി.

ആറുവർഷം മുമ്പ് വീട് നവീകരിക്കുമ്പോൾ മരംകൊണ്ടുള്ള ഡിസൈനുകളിലൊന്നും മാറ്റം വരുത്തിയില്ലെന്നും ദിയ പറയുന്നു. പകരം പഴയ വസ്തുക്കളെ മലിനീകരണം വരുത്താത്ത പെയിന്റുകൾ പൂശി പുതിയ ലുക്ക് നൽകുകയായിരുന്നു. അപ്പാർട്മെന്റിൽ നേരത്തേ ഉണ്ടായിരുന്ന വുഡൻ ഫർണിച്ചർ പുനരുപയോ​ഗിച്ചാണ് കിച്ചൺ കൗണ്ടറുകൾ ഉണ്ടാക്കിയത്. പഴയ കബോർഡു കൊണ്ട് ഡൈനിങ് ടേബിളൊരുക്കി. വർഷങ്ങൾക്ക് മുമ്പ് ഒരു എക്സിബിഷനിൽ നിന്നു വാങ്ങിയ വിന്റേജ് ശൈലിയിലുള്ള സോഫയാണ് വീടിന്റെ മറ്റൊരു പ്രത്യേകത- ദിയ പറയുന്നു.

ലിവിങ് റൂമിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ദിയ കാണുന്നത് അമ്മയുടെ ഒരു ചിത്രം തൂക്കിയ ഭാ​ഗമാണ്. ​​ഗോൽകൊണ്ട ഫോറസ്റ്റിൽ നിന്നുള്ള അമ്മയുടെ ആ ചിത്രം പകർത്തിയത് അച്ഛനായിരുന്നു. ദിയയ്ക്ക് ഒമ്പതു വയസ്സുള്ളപ്പോൾ മരിച്ച അച്ഛന്റെ അവശേഷിപ്പുകളൊന്നും അധികം വീട്ടിലില്ല. അച്ഛനിരുന്ന കസേരയും അദ്ദേഹം ഉപയോ​ഗിച്ച പേനയും അച്ഛൻ തന്നെ പെയിന്റ് ചെയ്ത ഹെൽമറ്റുമൊക്കെ അദ്ദേഹത്തിന്റെ മരണാനന്തരം താൻ കൊണ്ടുവരണമെന്ന് ആ​ഗ്രഹിച്ചിരുന്നു. പക്ഷേ അവയെല്ലാം അച്ഛൻ മരിച്ചതോടെ സഹോദരൻ കൊണ്ടുപോയി. കുറച്ചുവർഷം മുമ്പ് സഹോദരൻ തന്നെയും അമ്മയെയും സന്ദർശിക്കാൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ വീടാകെ ചുറ്റിക്കാണിക്കുന്ന വേളയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കുഞ്ഞായിരുന്ന തന്റെ ചിത്രവും ഉണ്ടായിരുന്നു.

അച്ഛനൊപ്പമുള്ള ഓർമകളിൽ ലയിച്ച ഞാൻ ആ സമയം ഒരുപാട് കരഞ്ഞു. ഇതുവരെ അച്ഛന്റെ ശേഷിപ്പുകൾക്കായി വിഷമിച്ചിരുന്നതിൽ കാര്യമില്ലെന്നും അദ്ദേഹത്തിന്റെ ഓർമകൾ കൂട്ടിനാണല്ലോ, അതു തന്നെ ആണ് ഏറ്റവും വലിയ കാര്യം എന്നും തിരിച്ചറിഞ്ഞതായി ദിയ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *