ദീപാവലിക്ക് പിന്നിലുള്ള വ്യത്യസ്ത ഐതീഹ്യങ്ങള്‍

പുതു വസ്ത്രങ്ങൾ ധരിച്ച് വീടുകളില്‍ ദീപങ്ങൾ തെളിയിച്ചാണ് നാം ദീപാവലി ആഘോഷിക്കുന്നത്. ‘ദീപ’ എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ദീപാവലി എന്ന വാക്കിന്റെ ഉറവിടം. വിളക്ക്, തിരി, വെളിച്ചം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഈ വാക്കിന് ഉള്ളത്. മിക്ക ഇന്ത്യൻ വീടുകളിലും ഈ ദിവസം ചിരാതുകൾ കത്തിക്കും. സാധാരണയായി, ദുർഗാ പൂജയുടെ അവസാന ദിവസമായ ദസറയിൽ അല്ലെങ്കിൽ വിജയദശമിക്ക് ശേഷം ഇരുപത് ദിവസം കഴിഞ്ഞാണ് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ആഘോഷങ്ങൾ അഞ്ച് ദിവസം നീളും. ഉത്തരേന്ത്യയിലാണ് ഈ ദിനങ്ങൾ വിശേഷമായി കൊണ്ടാടുന്നത്. ഈ വർഷം, അഞ്ച് ദിവസത്തെ ദീപാവലി ആഘോഷങ്ങൾ നവംബർ 2ന് ആരംഭിച്ച് നവംബർ 6 ന് അവസാനിക്കും. എന്നാൽ ഇന്ത്യയിൽ ഔദ്യോഗികമായി ദീപാവലി ആഘോഷിക്കുന്നത് നവംബർ നാലിനാണ്

വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഐതിഹ്യങ്ങൾ അനുസരിച്ച് ഒന്നിലധികം കാരണങ്ങളാണ് ദീപാവലി ആഘോഷങ്ങൾക്ക് പിന്നിലുള്ളത്.

രാമായണമനുസരിച്ച്, ശ്രീരാമനും ഭാര്യ സീതയും സഹോദരൻ ലക്ഷ്മണനും 14 വർഷത്തെ വനവാസത്തിന് ശേഷം അസുര രാജാവായ രാവണനെ പരാജയപ്പെടുത്തിയ ദിനമായി ദീപാവലി എന്നാണ് വിശ്വാസം .

മറ്റൊരു ഐതിഹ്യമനുസരിച്ച് ലക്ഷ്മീദേവി ജനിച്ച ദിവസമായാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിന രാത്രിയിൽ ലക്ഷ്മി ദേവീ തന്റെ ഭർത്താവായി വിഷ്ണുവിനെ തിരഞ്ഞെടുത്തുവെന്നും ഇരുവരും ദാമ്പത്യജീവിതം ആരംഭിച്ചുവെന്നുമാണ് ഐതീഹ്യം

ഇതിഹാസമായ മഹാഭാരതത്തിൽ, അഞ്ച് പാണ്ഡവ സഹോദരന്മാർ ചൂതാട്ടത്തിൽ പരാജയപ്പെട്ടു. അതിനുശേഷം കൗരവർ അവരെ 12 വർഷത്തേക്ക് നാടുകടത്തി. പിന്നീട് കാർത്തിക അമാവാസിയുടെ രാത്രിയിൽ പാണ്ഡവർ ഹസ്തിനപുരത്തേക്ക് മടങ്ങുന്ന ദിവസമാണ് ദീപാവലി.സിഖ് മതത്തിൽ, മുഗൾ ചക്രവർത്തിയായ ജഹാംഗീർ ഗുരു ഹർഗോവിന്ദിനെ മോചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷം.

ജൈനമതത്തിൽ, മഹാവീരന്റെ ആത്മാവ് ഒടുവിൽ നിർവാണം നേടിയതിന്റെ വാർഷികം ആചരിക്കുന്നതിനാണ് ദീപാവലി ആഘോഷിക്കുന്നത്.ഗുജറാത്ത് പോലുള്ള പടിഞ്ഞാറൻ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ, ദീപാവലി പുതുവർഷത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.കിഴക്കൻ ഇന്ത്യയിൽ പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ കാളി ദേവിയുമായി ബന്ധപ്പെട്ടാണ് ദീപാവലി കാളി പൂജയായി ആഘോഷിക്കുന്നത്. ഐതീഹ്യങ്ങൾ പലതാണെങ്കിലും ഈ ദിവസം രാജ്യം മുഴുവൻ പ്രകാശം കൊണ്ട് അലങ്കരിക്കും. ആളുകൾ കെട്ടിടങ്ങളും വീടുകളും ദീപങ്ങളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *