മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റ് ഗായികയും കൊച്ചിൻ അമ്മിണിക്ക് വിടചൊല്ലി സംസ്കാരിക കേരളം

കൊച്ചിയിൽ നിന്നെത്തി കൊല്ലത്തിന്റെ നാടകമുഖമായി മാറിയ അമ്മിണി കൊല്ലം ഐശ്വര്യ, ദൃശ്യവേദി, അനശ്വര, യവന തുടങ്ങിയ സംഘങ്ങളിലൂടെ പ്രിയങ്കരിയായ ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു. കൊല്ലം ഐശ്വര്യ, ദൃശ്യവേദി, അനശ്വര, യവന തുടങ്ങിയ സംഘങ്ങളിലൂടെ പ്രിയങ്കരിയായി. കലാനിലയം സ്ഥിരംനാടക വേദിയിലും കെപിഎസിയിലും അഭിനയിച്ചു. ദേശാഭിമാനി തിയറ്റേഴ്സിന്റെ ഇ എം എസ് നാടകത്തിൽ അമ്മയായി വേഷമിട്ടത് അമ്മിണിയായിരുന്നു.

ആദ്യമായി ഇണപ്രാവുകൾ സിനിമയിൽ നടി ശാരദയ്‌ക്ക് ശബ്ദം നൽകി. കണ്ടംബെച്ച കോട്ടിൽ ബഹദൂറിന്റെ നായികയായി. കൊല്ലം മുളങ്കാടകം മുതിരപ്പറമ്പ് പള്ളിക്കുസമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു. തോപ്പുംപടി കൂട്ടുങ്കല്‍ വീട്ടില്‍ അഗസ്റ്റിന്‍ ബെര്‍ണാഡിന്‍റെയും മറിയക്കുട്ടിയുടെയും മകളായി 1942ൽ ജനനം. യഥാർഥ നാമം മേരി ജോണ്‍. ബന്ധുകൂടിയായ ഗായകന്‍ യേശുദാസിന്‍റെ സഹപാഠിയായിരുന്നു അമ്മിണി. ശ്രീധരൻ ഭാഗവതരായിരുന്നു സംഗീതത്തിൽ ആദ്യ ഗുരു. 12ാം വയസ്സില്‍ നാടകവേദിയിലെത്തി. നൂറോളം നാടകങ്ങളില്‍ നടിയും ഗായികയുമായി വേദിയിലെത്തി. ‘അഗ്നിപുത്രി’ എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ ‘കണ്ണുതുറക്കാത്ത ദൈവങ്ങളെ…’ എന്ന ഗാനം ഹിറ്റ് നാടകഗാനങ്ങളിലൊന്നായിരുന്നു.


ചങ്ങനാശ്ശേരി ഗീഥയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അയല്‍വാസിയായിരുന്ന ജോണ്‍ ക്രൂസിനെ വിവാഹം കഴിച്ചു. ‘കണ്ടം ബച്ച കോട്ടി’ലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. അടിമകള്‍, സരസ്വതി, ഭാര്യമാര്‍ സൂക്ഷിക്കുക, ഉണ്ണിയാര്‍ച്ച, വാഴ്വേമായം, കണ്ണൂര്‍ ഡീലക്സ്, അഞ്ചു സുന്ദരികള്‍, ഇരുളും വെളിച്ചവും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

2011ല്‍ ‘ദി ഹണ്ടര്‍’ എന്ന ചിത്രത്തില്‍ നസറുദ്ദീന്‍ ഷായുടെ അമ്മയായാണ് ഒടുവില്‍ വേഷമിട്ടത്. പിന്നീട് ഡബ്ബിങ് രംഗത്തേക്ക് തിരിഞ്ഞു. പൂര്‍ണിമ ജയറാമിന് ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളി’ല്‍ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊച്ചിൻ അമ്മിണി. 1967ല്‍ ഇറക്കിയ ‘ഇന്ദുലേഖ’ എന്ന സിനിമയില്‍ രണ്ടു പാട്ടുകള്‍ പാടി. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ. മാധവന്‍ പുരസ്കാരം, സ്വരലയ, സര്‍ഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അമ്മിണിക്ക് ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് പകൽ 11ന് കൊല്ലം തുയ്യം സെന്റ്‌ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *