ഡക്ക് മപ്പാസ്

അവശ്യ സാധനങ്ങള്‍

ഡക്ക് ഒന്ന്

സവാള മൂന്ന്

ചെറിയ ഉള്ളി 20 എണ്ണം

പച്ചമുളക് അഞ്ച്

ഒരുവലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് ,വെളുത്തുള്ളി പതിനഞ്ചെണ്ണം ചെറുതായി അരിഞ്ഞത്

കുരുമുളക് പൊടി മൂന്ന് ടിസ്പൂണ്‍

ഗരംമസാല അര ടിസ്പൂണ്‍

ചിക്കന്‍ മസാല രണ്ടര ടിസ്പൂണ്‍

മല്ലിപ്പൊടി ഒന്നര ടേബിള്‍ സ്പൂണ്‍

പെരുജീരകം പൊടിച്ചത് അര ടീ സ്പൂണ്‍

മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍

ഉരുളകിഴങ്ങ് രണ്ട്

കട്ടിയുള്ള തേങ്ങപ്പാല്‍ അരകപ്പ്

തക്കാളി ഒന്ന്

ഉപ്പ്,വേപ്പില ,വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഡക്ക് ചെറിയ പീസായി മുറിച്ച് ഒരു കുക്കറിലേക്ക് മാറ്റുക. ഒരോ ടീസ്പൂണ്‍വീതം ഇഞ്ചി അരിഞ്ഞതും വെള്ളുത്തുള്ളിയും കുക്കറിലേക്ക് ഇട്ടുകൊടുക്കാം. രണ്ട് പച്ചമുളക് അരിഞ്ഞതും രണ്ട് ടീസ്പൂണ്‍ കുരുമുളക്,ഒരു ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരകപ്പ് വെള്ളത്തില്‍ നന്നായി മിക്സ് ചെയ്യുക. രണ്ടോ മൂന്നോ വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക.( തേങ്ങ പീര പിഴിഞ്ഞതിന്‍റെ രണ്ടാം പാല്‍ ആണ് വെള്ളത്തിന് പകരമായി ഞാന്‍ ചേര്‍ത്തത്)

ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക, ചെറുതായി മൂത്ത് വരുമ്പോള്‍ സവാള ഇട്ടുകൊടുക്കാം. സവാള വഴന്നു വരുമ്പോള്‍ പച്ചമുളക്, ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടുകൊടുത്ത് വഴറ്റാം. ചെറുതായി റെഡ്ഡിഷ് വന്നാല്‍ അരിഞ്ഞ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക.തക്കാളി വെന്ത് ഉടയുമ്പോള്‍ പൊടികള്‍ ചേര്‍ത്തുകൊടുക്കാം. മല്ലിപ്പൊടി പച്ച മണം പോകുന്നതുവരെ വഴറ്റുക, (ചെറിയ തീയില്‍‌ വേണം പൊടികള്‍ വഴറ്റാന്‍). മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കൊടുക്കാം. പച്ചമണം മാറുമ്പോള്‍ ചിക്കന്‍ മസാല, കുരുമുളക് പൊടി ചേര്‍ക്കുക. മസാലയുടെ മൂത്ത മണം വരുമ്പോള്‍ അതിലേക്ക് അരിഞ്ഞുവച്ച കിഴങ്ങ് ചേര്‍ത്ത് ഒന്ന് വഴറ്റുക. ശേഷം വേവിച്ച ഡക്ക് ഇതിലേക്ക് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇരുപത് മിനിറ്റോളം വേവിക്കുക. ശേഷം ഗരംമസാല, പെരുംജീരകം പൊടിച്ചത് ചേര്‍ത്തുകൊടുക്കാം. തേങ്ങാപ്പാല്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് കഴിഞ്ഞാല്‍ ഫ്ലെയിം ഓഫ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *