അടുക്കളപിഞ്ഞാണിൾ

ജിബി ദീപക്അരികുതേഞ്ഞപിഞ്ഞാണത്തിന്മേൽ
കൈയോടിച്ചവൾ ഓർമ്മകളെ
മാത്രം കൂട്ടിനിരുത്തി
അടുക്കള ചായ്പ്പിനപ്പുറത്തെ
തിണ്ണയിൽ ചാഞ്ഞിരുന്നു.
ദാഹം ശമിപ്പിക്കാനെത്തിയ
കുറുമ്പി കാക്കയും
മീൻമണം വീട്ടുമാറാത്ത
മുറ്റത്ത് നിന്നും മടങ്ങി പോവാതെ
സുഖാലസ്യത്തിൽ
മയങ്ങിക്കിടന്ന പൂച്ചയും
പതിവുപോലെ അവളെ ഒച്ചവെച്ച് ശല്യം പെടുത്താൻ തുടങ്ങി.
ഓർമ്മകളെ കൂട്ട് പിടിച്ചതിനാലാവാം
ചുറ്റിലെ കാഴ്ചകൾ അവളറിഞ്ഞതേയില്ല,
അന്നൊരു വൃശ്ചികമാസത്തിന്റെ
തണുത്ത ദിനങ്ങളിൽ
പുതു ജീവിതത്തിനു
അകമ്പടിയായി നടന്ന
വീടുമാറ്റചടങ്ങിൽ അമ്മ
സമ്മാനിച്ച അരഡസൻ
പിഞ്ഞാണികൾ.
കറുത്ത ബാഗിൽ നിന്നും
അമ്മയത്
നീട്ടുമ്പോൾ വെള്ളി
വെളിച്ചം ചിതറിച്ചവ.
പിന്നെ
വാങ്ങുന്നവളുടെ കണ്ണിലെ
സ്വർണ്ണ വെളിച്ചത്തിന്റെ
പ്രഭയിൽ തോറ്റുപോയവ.
പുത്തൻ പ്രതീക്ഷകളും പേറി പുതുവീട്ടിൽ താമസം തുടങ്ങിയവർ.
അടുക്കള ചുമരുകൾക്കുള്ളിൽ കിടന്ന്
ഇത്ര നാൾ നെഞ്ചിൽ ചൂടേറ്റുവാങ്ങി ജീവിച്ചതിനാൽ
വെള്ളിവെളിച്ചത്തിന്റെ ചേലവരിൽ നിന്നും പിണങ്ങി പോയിരുന്നു.
ചുറ്റിലെ പാത്രങ്ങളുമായി കൂട്ടിയുരുമ്മി
പൊട്ടലും, ചീറ്റലും ധ്വനിപ്പിച്ചെത്ര
വട്ടം വാടിതളർന്നു പോയവർ.

വിളറി മലച്ച
ചുണ്ടുകൾ , പൊട്ടിയ വക്കുകൾ
കാലത്തിന്റെ പ്രഹരമേറ്റ വാങ്ങിയ ചളുക്കുകൾ.
പിഞ്ഞാണിക്കുള്ളിലെ
പ്രതലത്തിലവൾ
തന്റെ മുഖം തിരഞ്ഞു.
കണ്ടവൾ വീണ്ടുകീറിയ ചുണ്ടുകളും
കരിപിടിച്ചു മങ്ങിയ കവിൾ തടങ്ങളും
മന്ദ വെളിച്ചം പടർന്ന ഒഴുകുന്ന
ഒരു ജോടി കണ്ണിടങ്ങളും.
പറയാനുണ്ടായിരുന്നവർക്ക്
തേഞ്ഞു തീരാത്ത
അവരുടെഉള്ളിലെ
സ്വപ്നങ്ങളുടെ ഒരു മഹാകാവ്യം
എന്നിട്ടും
പറഞ്ഞതില്ലവർ
നിശബ്ദതയിൽ എന്തോ മന്ത്രിക്കുകയാണവർ
പകൽ വെളിച്ചത്തിന്റെ സ്വകാര്യതയിൽ.
കൂട്ടിനുണ്ടവർക്ക് കാലം പകുത്തു നല്കിയ അനുഭവങ്ങളുടെ പറുദീസ.

Leave a Reply

Your email address will not be published. Required fields are marked *