മുന്തിരി കൃഷിയും പരിചരണവും

വേനല്‍ കാലമാണ് മുന്തിരി കൃഷിക്ക് അനുയോജ്യം . നല്ല സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളില്‍ പന്തലിട്ടാണ് ഇത് വളര്‍ത്തുന്നത്

അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പില്‍, ബോഖ്റി, ഗുലാബി, കാളിസഹേബി, തോംസ സീഡലസ്, തുടങ്ങിയവയാണ്. ശരദ് സീഡലസ് എന്ന 110 ദിവസം കൊണ്ട് പഴുത്ത് പാകമാകുകയും കൂടുതല്‍ മാംസളവും,മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.

വീട്ടുമുറ്റത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പില്‍ എന്ന സാധാരണ ഇനമാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണദ്രക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം,ഉരുണ്ട വിത്തും, കട്ടിയുള്ള തൊലിയും,മാംസളമായ ഉള്ളുമുണ്ടെങ്കിലും മറ്റിനങ്ങളേക്കാള്‍ മധുരം അല്‍പ്പം പിറകോട്ടാണ്. പഴത്തിനും,ജൂസിനും ഉപയോഗിക്കാം.മിതമായ ചൂടും, തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥക്ക് പറ്റിയതാണ് ഇത് . ഇവ എല്ലാ കാലത്തും നടാം.നല്ല വെയില്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം

നടുന്നവിധം

മണ്ണില്‍ രണ്ടരയടി ചതുരത്തിലും ആഴത്തിലും കുഴിയെടുക്കാം.അതില്‍ രണ്ട് ഭാഗം മണലും, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റ്,മണ്ണിര വളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങ് കമ്പ് നാട്ടണം. മിതമായ് ദിവസവും നനക്കുകയും വേണം.പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ് നുള്ളി വിടുക. ഇവകൂടുതല്‍ വള്ളികളായ് പന്തലിലേക്ക് കയറും.

പ്രൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു.ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റ് വള്ളികളും നീക്കണം.തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസങ്ങള്‍ കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും. വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്പ്രിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് പ്രൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാത്രമായ് കാണണം.

പ്രൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ച മുന്തിരി പറിച്ച് വെച്ചാല്‍ പഴുക്കില്ല. പകരം പുളിച്ച മുന്തിരിയാകും ലഭിക്കുക. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും പ്രൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.

കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ച് അതിന്‍റെ തെളി ആഴ്ചയില്‍ രണ്ടോ,മൂന്നോ പ്രാവശ്യം ചുവട്ടിലൊഴിച്ച് കൊടുക്കാം.അതെല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറു തടമെടുത്ത് അതില്‍ ഇട്ട് മണ്ണിട്ട് മൂടണം ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന് പുറത്തിടണം.രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും, ചാണകം, ആട്ടിന്‍കാഷ്ഠം,കമ്പോസ്റ്റ് കൂടെ എല്ലുപൊടിയും നല്‍കണം.

ഇലമുരടിപ്പ്,പൂപ്പല്‍ രോഗം ഇവയെ തടുക്കാന്‍ ഇടക്ക് നേര്‍പ്പിച്ച വെര്‍മി കമ്പോസ്റ്റ്ടീയോ,ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തെളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞ് പോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച്ച മുമ്പ് മുതല്‍ നനക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂട്ടാന്‍ സഹായകരമാകും.

കടപ്പാട് മുറ്റത്തെ കൃഷി അറിവുകള്‍

Leave a Reply

Your email address will not be published. Required fields are marked *