ചരിത്രം ഉറങ്ങി കിടക്കുന്ന ഹൊയ്സാല സാമ്രാജ്യം

  ചരിത്രങ്ങളും അവയുടെ അവശേഷിപ്പുകളും നമുക്ക് മുന്നിൽ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും അതിലെല്ലാമുപരി അത്ഭുതങ്ങളും വരച്ചിട്ടുണ്ട്. പഴയകാലാ പ്രതാപങ്ങളുടെയും രാജവാഴ്ചയുടെയും യുദ്ധങ്ങളുടെയും കടന്നു കയറ്റങ്ങളുടെയും അവശേഷിപ്പുകൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഇന്നത്തെ ചരിത്രങ്ങളിലൂടെ നടത്തിയ യാത്രയാണിത്. ശില്പങ്ങളും ക്ഷേത്രങ്ങളും നഗരങ്ങളും കഥ പറഞ്ഞ പഴയ സാമ്രാജ്യങ്ങളിലേക്ക്. 

ഹൊയ്‌സാലേശ്വര ക്ഷേത്രം

      ഈ ക്ഷേത്രങ്ങളെ കുറിച്ചും ചരിത്രങ്ങളെ കുറിച്ചും പറയുന്നതിന് മുമ്പ് ഹൊയ്സാല സാമ്രാജ്യത്തെ കുറിച്ചും ഹാലേബീടു എന്ന നഗരത്തിനെ കുറിച്ചും പറയേണ്ടതുണ്ട് .

പതിനൊന്നാം നൂറ്റാണ്ടിൽ ഹൊയ്സാലയുടെ മഹത്തായ തലസ്ഥാനമായിരുന്നു ഹാലേബീടു എന്ന ചെറിയ പട്ടണം.കന്നഡ ഭാഷയിൽ പഴയ താവളം എന്നാണ് ഹാലീബി എന്ന വാക്കിനർത്ഥം.ഇത് പിന്നീട് ഡോറ സമുദ്ര അല്ലെങ്കിൽ ദ്വാര സമുദ്ര എന്നറിയപ്പെട്ടു.ഒൻപതാം നൂറ്റാണ്ടിനു ശേഷം ഒരു വലിയ കൃതിമ തടാകം/ടാങ്ക് കിഴക്കൻ അതിർത്തി / ദ്വാരാവതി രൂപികരിച്ചു.പത്തൊൻപതാം നൂറ്റാണ്ട് മുതൽ ടാങ്കിനെയും പട്ടണത്തേയും ദ്വാരസമുദ്ര അഥവാ സമുദ്രത്തിന്റെ കവാടം എന്നും വിളിക്കുന്നു.

കൂറ്റൻ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു സംരക്ഷണ മതിലും തടാകവുമായ് ബന്ധിപ്പിച്ചിട്ടുള്ള ഒരു കായലും പട്ടണത്തിന് ചുറ്റും നിർമ്മിക്കപ്പെട്ടു.ചുവരുകളുടെ അവശിഷ്ട്ടങ്ങൾ ഇപ്പോഴും ദ്വാരസമുദ്ര ടാങ്കിനും ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെ പുൽത്തകിടിലും ചിക്ക ബെന്ന ഗുഡ്ടെ ഹില്ലുകളുടെ പടിഞ്ഞാറ് ഭാഗത്തുള്ള വയലുകളിലും കാണാം.മനോഹരമായ കൊട്ടാരമുള്ള ഒരു ചെറിയ  കോട്ടയും  ഉണ്ടായിരുന്നു അവിടെ. വിഷ്ണുവർദ്ധന്റെ ചെറു മകനായ ബല്ലാലാലിന്റെ ഭരണകാലത്തു ഹാലേബീടു മഹത്തായ ഉയരങ്ങൾ തേടി. 

ഹൊയ്സാല രാജാവായ വിഷ്ണുവർദ്ധൻ തന്റെ ഭരണ കേന്ദ്രം ബേലൂരിൽ നിന്നും ഹാലേബീടുവിലേക്ക് മാറ്റുകയും അവിടെ ഹൊയ്‌സാലേശ്വര ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.ഇതുപോലത്തെ നൂറുകണക്കിന് ക്ഷേത്രങ്ങൾ അക്കാലത്തു നിർമ്മിക്കപ്പെട്ടിരുന്നു.പിന്നീട് ഡൽഹി സുൽത്താന്മാരുടെ ആക്രമണത്തിൽ നശിക്കപ്പെട്ടു എന്നും ചരിത്രം പറയുന്നു.ഹൊയ്‌സാലേശ്വര ക്ഷേത്രത്തിനും നിരവധി കേടുപാടുകളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.ദ്വികൂട വിമാന ആകൃതിയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം.അതായത് ഒരേ വലിപ്പമുള്ള രണ്ട് ക്ഷേത്രങ്ങളുടെ ഒരു സംയുകത രൂപമാണിതിന്.ഒന്നാമത്തേത് ഹൊയ്‌സാലേശ്വര (രാജാവിന് വേണ്ടി ) എന്നും രണ്ടാമത്തേത് ശാന്താലേശ്വര (രാജ്ഞിക്ക് വേറെ വേണ്ടി ) എന്നും അറിയപ്പെടുന്നു.കിഴക്കോട്ടു മുഖം തിരിച്ചുള്ള ഈ ക്ഷേത്രത്തിന് ഓരോ ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ട്.ഈ ശിവലിംഗങ്ങൾക്ക് അഭിമുഖമായി പുറത്ത് ഓരോ നന്ദി പ്രതിഷ്ഠകളും ഉണ്ട്.നക്ഷത്ര ആകൃതിയിലാണ് തറയുടെ നിർമ്മാണം.ഈ ക്ഷേത്രത്തിൽ എടുത്തു പറയേണ്ടത് പുറം ചുമരുകളിലെ ശിൽപ്പങ്ങൾ തന്നെയാണ്.

നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നമ്മളെ ചിന്തിപ്പിക്കുന്ന കലാവിരുതുകൾ.ഇതിലോരോ ശില്പങ്ങൾക്കും പല കഥകളും ചരിത്രങ്ങളും അറിയുമായിരിക്കാം.പഴയ നാടുവാഴികളുടെ ഇത്തരം ആഗ്രഹങ്ങൾക്ക് മുമ്പിൽ നമ്മളറിയാതെ പോയ ആ ശില്പികളുടെ ത്യാഗങ്ങളുടെയും അടിമത്തത്തിന്റെയും അധ്വാനത്തിന്റെയും കഥകൾ….ചരിത്രങ്ങൾ…!!നൂറ്റാണ്ടുകൾ വേണ്ടി വന്ന ഈ നിർമ്മിതികൾക്ക് രക്തം നൽകിയ ജീവൻ നൽകിയ ശില്പികളുടെ കഥകൾ.ചരിത്രങ്ങൾ ഇതൊന്നും വാഴ്ത്തപ്പെടില്ല.അന്നും ഇന്നും ഈ ലോകം അധികാരത്തിന്റെ അധികാരികളുടെ കൂടെയാണ്.പക്ഷേ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഈ ശില്പികളുടേതും കൂടിയായ ചരിത്രമാണ്.പക്ഷേ നിർഭാഗ്യവശാൽ ചരിത്രത്തിൽ ഒരേട് പോലും ഇവരെകുറിച്ചില്ല എന്നതാണ് സത്യം.

പുറം ചുവരുകളിലെ ശില്പങ്ങൾ ഓരോ നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.ഏറ്റവും താഴത്തെ നിരയിൽ ആനകളും അതിന് മുകളിലത്തെ നിരയിൽ സിംഹങ്ങളും അതിന് മുകളിൽ സംഗീതജ്ഞൻമാരുടെയും നൃത്തവിദ്വാൻമാരുടെയും ശില്പങ്ങളും പിന്നീട് മഹാഭാരതം, ഭാഗവതം, രാമായണം എന്നീ ഗ്രന്ഥങ്ങളിലെ കഥകളും കഥാപാത്രങ്ങളും എന്നിങ്ങനെയാണ് അവയുടെ ക്രമീകരണം.ആകെ നാല് പ്രവേശന കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.

തെക്കേ കവാടത്തിന് പുറത്ത് ഒരു വലിയ ഗണപതിയുടെ ശില്പ്പം കാണാം.ഇത് ക്ഷേത്രത്തിന് വളരെ ദൂരെ നശിക്കപ്പെട്ട നിലയിലായിരുന്നു.പിന്നീട് ഇത് കണ്ടെടുത്തു ഇത് സ്ഥാപിക്കുകയായിരുന്നു.അകത്തെ ചുമരിൽ മണി ബലാക്കി, മബാല, ബല്ലാന, കേതന തുടങ്ങിയ പേരുകൾ കൊത്തിവച്ചിട്ടുണ്ട്.ഇതൊക്കെ ക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുത്ത പ്രധാന ശില്പികളുടേതാണെന്നു കരുതപ്പെടുന്നു..ഇതാണ് ആകെയുള്ള അവശേഷിപ്പുകൾ..ഇത്തരം അവശേഷിപ്പുകൾ കൊണ്ടും ശിൽപ്പങ്ങൾ കൊണ്ടും നമ്മുടെ പൂർവികരുടെ കലാസൃഷ്ടികൾ നമുക്ക് മുന്നിലിങ്ങനെ ആടിത്തിമിർക്കുമ്പോൾ വരുന്ന തലമുറയ്ക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത് ഇത്തരം അത്ഭുതസൃഷ്ട്ടികൾ സംരക്ഷിക്കുക എന്നത് മാത്രമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട് രഞ്ചിത്ത് ചെമ്മാട്

Leave a Reply

Your email address will not be published. Required fields are marked *