അപ്രതീക്ഷിതമായെത്തിയ ‘കുഞ്ഞതിഥി’

അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്നേഹലാളനകളാൽ മൂടുകയാണ് അനീഷും കുടുംബവും.
തലേദിവസം പശുതൊഴുത്തിന് സമീപം കെട്ടിയിരുന്ന കുതിര, നേരം പുലർന്നപ്പോൾ കുട്ടിയുമായി നിൽക്കുന്നതാണ് വീട്ടുകാർ കണ്ടത്. ആദ്യം തള്ള കുതിരയോട് ഒട്ടിനിന്ന കുട്ടി ഇപ്പോൾ വീട്ടുകാരുമായും ചങ്ങാത്തത്തിലായി. വീടിന് അകത്തും പുറത്തുമെല്ലാം യഥേഷ്ടം ഓടിനടക്കുകയാണ് കുട്ടി കുതിര നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൌതുകകാഴ്ചയാണ്.


മാരുതി ഉദ്യോഗമണ്ഡലിൽ ഉദ്യോഗസ്ഥനായിരുന്ന അനീഷ് കോവിഡ് കാലത്ത് ജോലി രാജി വെച്ച് പശുവളർത്തലിലേയ്ക്ക് തിരിഞ്ഞു. വെച്ചൂർ, കാസർകോഡ് കുള്ളൻ തുടങ്ങിയ നാടൻപശു ഇനങ്ങൾക്കൊപ്പം മുന്തിയ ഇനം നായ്ക്കളേയും വളർത്താൻ തുടങ്ങി. അമ്മ ചന്ദ്രമതിയും മുഹമ്മ കെ ഇ കാർമ്മൽ സ്കുളിൽ അധ്യാപികയായ ഭാര്യ രൂപയും മകൾ തീർഥയുമെല്ലാം പുതിയ തൊഴിലിൽ അനീഷിന് താങ്ങും തണലുമായി നിന്നു. ഇടയ്ക്ക് ഒരു കുതിരയെ രസത്തിന് വാങ്ങിയെങ്കിലും പിന്നീട് വിറ്റു.

ഇപ്പോഴുള്ള കുതിരയെ തീർഥയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വാങ്ങിയത്. തൃശൂരിലെ സുഹൃത്തുവഴിയാണ് കുതിരയെ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കുതിര ഗർഭിണിയാണെന്ന് മനസിലായത്. കുതിര കുടുംബത്തെ കാണാൻ നാട്ടുകാരും വിദ്യാർഥികളുമെല്ലാം എത്തുന്നുണ്ട്. ആലപ്പുഴ മുഹമ്മ സ്വദേശിയാണ് അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *