അഴുകിയ പച്ചക്കറില്‍ നിന്ന് വൈദ്യുതി; ലോകശ്രദ്ധനേടി ബോവൻപള്ളി പച്ചക്കറി മാർക്കറ്റ്

അഴുകിയ പച്ചക്കറിയാണ് ഹൈദ്രബാദില്‍ ഡിമാന്‍റ്. ബോവൻപള്ളി പച്ചക്കറി മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്.

ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും ഇതുകൂടാതെ മാർക്കറ്റിനുള്ളിലെ 100 തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയും ഇവർ കണ്ടെത്തുന്നത്. മാർക്കറ്റിനുള്ളിലെ കടകൾ എന്ന് പറയുമ്പോൾ ഒന്നും രണ്ടും കടകളാണ് എന്ന് കരുതരുത്. 170 കടകളാണ് ഈ മാർക്കറ്റിനുള്ളിൽ ഉള്ളത്. ഈ മുഴുവൻ കടകളിലേക്കുമുള്ള വൈദ്യുതിയും ഇത്തരത്തിലാണ് കണ്ടെത്തുന്നത്.

ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കാനായി ഇവിടെ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ ഇപ്പോൾ പ്രതിദിനം 500 യൂണിറ്റ് വൈദ്യുതിയും 30 കിലോ ജൈവ ഇന്ധനവും ഉത്പാദിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ജലവിതരണ ശൃംഖല, 100-ലധികം തെരുവ് വിളക്കുകൾ, 170 കടകൾ എന്നിവയ്ക്ക് വൈദ്യുതി നൽകുന്നതിന് ഈ വൈദ്യുതി ഉപയോഗിക്കുന്നു. കാന്റീൻ അടുക്കളയിലാണ് ജൈവ ഇന്ധനം ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തിൽ ഇവർ ലാഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള അഹൂജ എഞ്ചിനീയറിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് 2020 -ൽ പ്ലാന്റ് സ്ഥാപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സർക്കാർ ഗവേഷണ കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയാണ് ആവശ്യമായ സാങ്കേതികവിദ്യ സഹായം നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *