കരിവാളിപ്പിനോട് ഗുഡ്ബൈ പറയൂ; ഡിപ് ടാൻ ക്രീം വീട്ടിൽത്തന്നെ ഉണ്ടാക്കാം

സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന ടാൻ പലരേയും അലട്ടുന്ന പ്രശ്നമാണ്. സെൻസിറ്റീവ് ചർമമുള്ളവർക്ക് മുഖത്ത് പെട്ടെന്ന് കരിവാളിപ്പ് ഉണ്ടാകുന്നു. പ്രായം കൂടുന്തോറും ചർമത്തിൽ ടാൻ വരാൻ സാധ്യതയുണ്ട്. ടാൻ മാറാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന പല വഴികളുണ്ട് . അതിൽ ഒന്നാണ് ഡിപ് ടാൻ ക്രീം.


ഇത് കൃത്യമായി ഗുണം നൽകാൻ രണ്ട് സ്റ്റെപ് ആയി വേണം ചെയ്യാൻ. ആദ്യത്തെ സ്റ്റെപ്പിൽ വേണ്ടത് ഓറഞ്ച് നീരും റാഗി പൗഡറും ആണ്. ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചർ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിൻ സി എന്നിവ ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്നു. റാഗി അഥവാ പഞ്ഞപ്പുല്ല് , ഇതിൽ ഫിനോലിക് ആസിഡ്, ടാനിനുകൾ , ഫ്ളേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതാണ് ചർമത്തിന് ഗുണമാകുന്നത്. റാഗിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിന് ഇറുക്കം നൽകാനും ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കുന്നു. ചർമത്തെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനും ഹൈപ്പർ പിഗ്മെന്റേഷൻ തടയുന്നതിനും റാഗി ഏറെ നല്ലതാണ്. ഇവ രണ്ടും സംയോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് ഏറെ ഗുണങ്ങൾ നൽകുന്നു. നല്ലൊരു ക്ലെൻസർ ഗുണം നൽകുന്ന കൂട്ടുകൂടിയാണിത്. ചർമത്തിലെ അഴുക്കുകളും ഇത് നീക്കുന്നു.

രണ്ടാമത്തെ സ്റ്റെപ്പിൽ വേണ്ടത് ബദാം , പാൽ, കടലമാവ്, തക്കാളി എന്നിവയാണ്. ബദാം സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്. പാൽ മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതാണ് തക്കാളി. തക്കാളിയിലെ ആന്റി ഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. കടലമാവും കാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ്.

ഡീപ് ടാൻ ക്രീം എങ്ങനെ തയ്യാറാക്കാം

ഡീപ് ടാൻ ക്രീം തയ്യാറാക്കാൻ അൽപം ബദാം വെള്ളത്തിലിട്ട് കുതിർക്കുക. കുതിർന്നുവന്ന ബദാമിൽ പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് കടലമാവ് , തക്കാളി നീര് എന്നിവ ചേർത്ത് നല്ല മിശ്രിതം ആക്കാം. തക്കാളി നീര് അലർജിയുള്ളവർക്ക് തൈര് ഉപയോഗിക്കാം. ഇത് പുരട്ടുന്നതിന് മുൻപായി ഓറഞ്ച് നീരും റാഗിപൗഡറും കലർത്തി പേസ്റ്റാക്കി അൽപനേരം മസാജ് ചെയ്യണം. പിന്നീട് അത് തുടച്ച് ശേഷം ഡീപ് ടാൻ ക്രീം പുരട്ടാം. അൽപനേരം മുഖത്ത് വെച്ച ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ നല്ല ഗുണം ലഭിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *