ചൂടുകാലത്ത് ചർമത്തിന്റെ സംരക്ഷകൻ ‘തൈര്’

ഇപ്പോൾ തണുപ്പുകാലമാണെന്ന് പറയുമ്പോഴും താപനിലയ്ക്ക് ഒരു കുറവുമില്ല. ഉച്ചയാവുമ്പോഴേക്കും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈയൊരു കാലാവസ്ഥയിൽ എങ്ങനെ ചർമ്മ സംരക്ഷണം ഉറപ്പാക്കും എന്നകാര്യത്തിൽ ആകുലപ്പെടുകയാണ് നിങ്ങൾ എങ്കിൽ, അതിനുള്ള പ്രതിവിധി നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ട്. എന്താണെന്നല്ലേ? ചർമത്തിലെ ജലാംശം നിലനിർത്തുകയും ഒപ്പം ചർമ്മത്തെ തിളക്കമുള്ളതാക്കി വെക്കുന്നതിലും തൈരിന്റെ പങ്ക് വളരെ വലുതാണ്. മുഖത്ത് മാത്രമല്ല തലയിലും ഒരുപോലെ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

തൈരിന്റെ ഗുണങ്ങൾ

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചർമത്തിന് മുറുക്കം നൽകുകയും ചെയ്യും. ഒപ്പം തൈരിന്റെ ഉപയോഗത്തോടെ നമ്മുടെ യുവത്വം നിലനിർത്തുവാനും സാധിക്കും. ഇതിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പ്രായമാകുന്നതിനെ തടയുന്നു.

ചർമസംരക്ഷണത്തിന് ഉഗ്രൻ ഫെയ്സ് പാക്ക്

ഈ ചൂട് കാലത്ത് ചർമ്മ സംരക്ഷണത്തിനായി തൈരിന്റെ സഹായം തേടാവുന്നതാണ്. അതിനായി ഒരു ഫെയ്സ് പാക്ക് നമുക്ക് തയ്യാറാക്കാം :-
അരക്കപ്പ് തൈരിലേക്ക് ഒരു ടീസ്പൂൺ കൊക്കോ, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചേരുവകൾ തൈരിൽ നന്നായി സംയോജിപ്പിക്കണം. ശേഷം തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക. ആഴ്ചയിൽ 3 തവണ എങ്കിലും ഈ ഫെയ്സ് പാക്ക് ഉപയോഗിക്കണം.

എണ്ണമയമുള്ള ചർമ്മമുള്ളവർക്കും ഉപയോഗിക്കാം :-

എണ്ണമയമുള്ള ചർമ്മമുള്ളവർക്കും തൈര് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ തൈര് ഉപയോഗിച്ച് ഫെയ്സ് പാക്ക് തയ്യാറാക്കുവാൻ കഴിയും. അതിനായി തൈരും കടലമാവും നന്നായി മിക്സ് ചെയ്ത മിശ്രിതം മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതിലൂടെ ചർമം കൂടുതൽ തിളക്കം ഉള്ളതായി മാറുന്നു.

മുഖത്തെ പാടുകളും ബ്ലാക്ക് ഹെഡ്സും അകറ്റാം:-

സൂര്യതാപം ഏൽക്കുമ്പോഴുണ്ടാകുന്ന പാടുകൾ ഇല്ലാതെയാക്കാൻ തൈരിന്റെ ഉപയോഗത്തിലൂടെ സാധിക്കും. പാടുള്ള ഭാഗത്ത് തൈര് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചർമത്തിലെ പാടുകൾ ഇല്ലാതെയാക്കി മനോഹരമാക്കുന്നു. തൈരിനൊപ്പം തക്കാളിനീരോ വെള്ളരിക്കാ നീരോ സംയോജിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്.

കൂടാതെ തൈരും ഓട്സും മിക്സ് ചെയ്ത് മുഖത്ത് ഉപയോഗിക്കുന്നത് ബ്ലാക്ക് ഹെഡ്സ്, മുഖക്കുരു എന്നിവ ഇല്ലാതെയാക്കാൻ സഹായിക്കും. അതിനു കാരണം തൈരിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഒക്സിഡന്റ് ഘടകങ്ങളാണ്.

കേശ സംരക്ഷണത്തിനും കേമൻ തൈര് തന്നെ

തൈരിന്റെ ഉപയോഗത്തിലൂടെ തലയിലെ താരൻ എന്നിവ അകറ്റി മുടി കൂടുതൽ തിളക്കവും മിനുസവും ഉള്ളതാക്കി മാറ്റുവാൻ സാധിക്കും. തൈരിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ താരനെ ഇല്ലാതാക്കുകയും ഒപ്പം ശിരോചർമത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

തൈരും നാരങ്ങാനീരും മിക്സ് ചെയ്ത മിശ്രിതം തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 45 മിനിറ്റുകൾക്ക് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് താരൻ പൂർണമായി ഇല്ലാതാക്കാൻ സഹായിക്കും. നാരങ്ങയ്ക്കു പകരം ഉലുവ ഉപയോഗിച്ചും ഹെയർ മാസ്ക് തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

നാല് സ്പൂൺ തൈരിലേക്ക് രണ്ട് സ്പൂൺ കറ്റാർവാഴ നീര്, രണ്ട് സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം തലമുടിയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം ഇങ്ങനെ ചെയ്യുന്നത് മുടിക്ക് നല്ല തിളക്കവും ഒപ്പം ഉള്ളുള്ള മുടി സ്വന്തമാക്കാനും സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ നാം സ്വീകരിക്കുന്ന ചർമ സംരക്ഷണ രീതികൾ ശരീരത്തിന് അലർജി ഉണ്ടാക്കുന്നില്ലയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശേഷം മാത്രമേ അത് സ്വീകരിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *