മാതൃകയാക്കാം മഞ്ജുരാഘവിനെ

അഖില

‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് മഞ്ജുരാഘവിനെ മുന്നോട്ട് സധൈര്യം നടക്കാന്‍ പ്രേരിപ്പിച്ചത്.പൊക്കമില്ലാത്തവർക്ക് മാത്രമല്ല സമൂഹത്തിന് മുഴുവൻ മഞ്ജു പ്രചോദനമാവുകയാണ്. താൻ നടന്നുവന്ന വഴികളെക്കുറിച്ച് മഞ്ജു പറയുന്നു.


ആറാം ക്ലാസിലാണ് മറ്റുളളവരിൽ നിന്നും താൻ വ്യത്യസ്തയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അഞ്ചാം ക്ലാസുവരെ മറ്റുള്ള കുട്ടികളും എന്നെപ്പോലെത്തന്നെ ആണെന്നാണ് ഞാൻ കരുതിയത്. അസംബ്ലിയിലൊക്കെ നിൽക്കുമ്പോൾ കുട്ടികൾ എന്നെത്തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെ എന്നില്‍ അപകർഷതാബോധം ഉടലെടുക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് സ്കൂളിലെ കലാപരിപാടികളിൽ പങ്കെടുക്കാനും അസംബ്ലിയ്ക്ക് ഇറങ്ങാനുമൊക്കെ പേടിയായിരുന്നു. ഉണ്ടപക്രു തുടങ്ങിയ ഇരട്ടപ്പേരുകളും കുട്ടികൾ വിളിക്കാൻ തുടങ്ങി. ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് ആ സമയങ്ങളിൽ. അവരിൽ നിന്നെല്ലാം ഓടി ഒളിക്കാനാണ് അന്ന് ഞാൻ ശ്രമിച്ചത്. പിന്നീട് പത്താംക്ലാസ് ആയപ്പോൾ അവരെല്ലാം എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും തുടങ്ങി. അന്നൊക്കെ നാട്ടുകാർ എന്നെ അത്ഭുതവസ്തുവിനെ കാണുന്നപ്പോലെ കൗതുകത്തോടെ ഒളിഞ്ഞുനോക്കുകയും കളിയാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.ഡിഗ്രി പഠനസമയത്ത് ക്ലാസ് കഴിഞ്ഞു വരുന്ന എന്നെ രണ്ടു കുട്ടികൾ കല്ലെറിഞ്ഞു. ആ സംഭവം എന്നില്‍ വലിയ മാനസിക ആഘാതമുണ്ടാക്കി. ആ ഒരു സംഭവത്തിന് ശേഷമാത്രമാണ് എനിക്കുണ്ടായ ബോഡിഷെയിമിങ്ങിനെ കുറിച്ചൊക്കെ വീട്ടില്‍ പറഞ്ഞത്. അവര്‍ എന്നെ ചേര്‍ത്തുപിടിച്ചു. വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ പിന്തുണയും ലാളനയുമാണ് എന്നെ ഇന്നിവിടെവരെ എത്തിച്ചിരിക്കുന്നത്.


പത്താംക്ലാസുവരെ അമ്മയുടെ സപ്പോർട്ടിലാണ് വളർന്നു വന്നത്. ഒരു സുപ്രഭാതത്തിൽ അമ്മയെ എനിക്ക് നഷ്ടമായി. അതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അവിടുന്നാണ് എന്റെ രണ്ടാം ജന്മം തുടങ്ങുന്നത്. മറ്റുള്ളവരെപ്പോലെ തന്നെ ജീവിക്കണം എന്ന തോന്നലും തളരാതെ മുന്നോട്ട് പോകണമെന്ന ആത്മവിശ്വാസവും ആ സമയം മുതൽ എന്നിലുടലെടുത്തു. അങ്ങനെയാണ് ഞാൻ പിടിച്ചു നിന്നത്.

നൃത്തം , സ്പോർട്സ് , അഭിനയം

ക്ലാസ്സിക്കൽ ഡാൻസ് പഠിക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അന്നത്തെ സാഹചര്യവും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ട് അതിന് സാധിച്ചില്ല. സ്കൂളിൽ പരിപാടി വന്നപ്പോൾ ചേരണമെന്ന് ആഗ്രഹമുണ്ടായി. ഞാൻ തന്നെ അതിൽ മുൻകൈയെടുത്ത് പരിപാടിയ്ക്ക് പേരുനൽകി. പുറമേ പോയി പഠിക്കാനുള്ള സാമ്പത്തികമില്ലാഞ്ഞതിനാൽ അടുത്തുള്ള അംഗനവാടി ടീച്ചറാണ് നൃത്തം പഠിപ്പിച്ചത്. മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ഇന്ന് പാലക്കാടുള്ള നൃത്താധ്യാപികയുടെ കീഴിൽ ഭരതനാട്യം മോഹിനിയാട്ടം എന്നിവ ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്.
ചെണ്ട പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതിനോടൊപ്പം ഞാൻ എഴുതിയ ഇരുപത്തിരണ്ടോളം കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും നടത്തണം.


സ്പോർട്സിൽ പങ്കെടുത്ത സമയത്ത് എന്നെക്കൊണ്ട് ഇതിന് സാധിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. പങ്കെടുക്കുകയെന്നതിനാണ് അന്ന് ഞാൻ പ്രാധാന്യം നൽകിയത്. ജയവും പരാജയവും പിന്നീടുള്ളതല്ലേ. കേരളത്തിൽ നിന്നും പൊക്കമില്ലാത്ത കുട്ടികളിൽ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. കിഷോർ എന്ന അധ്യാപകനാണ് സ്പോർട്സിലേക്ക് എന്നെക്കൊണ്ടുവരുന്നത്. കോയമ്പത്തൂർ, തമിഴ്നാട്, എറണാകുളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ മത്സരത്തില്‍ പങ്കെടുത്ത് ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയെന്ന് മഞ്ജു. രാജസ്ഥാനിലൽ പോയപ്പോൾ മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. അവിടെയുള്ള കുട്ടികൾ ഒരുപാട് പിന്തുണ നൽകി. എല്ലാത്തിനും അവരോടൊപ്പം എന്നെയും കൂട്ടി. അതൊന്നും ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങളാണെന്നും മഞ്ജു.ഡിസംബർ 22 ജപ്പാനിൽ നടക്കാനിരിക്കുന്ന ഷോട്ട് പുട്ടിലും സെലക്ഷൻ ലഭിച്ചിട്ടുണ്ട്.


സിനിമ സീരിയൽ രംഗത്തേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ ആസ്വാദനത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കാത്ത ഒരാളായിരുന്നു ഞാൻ. സീരിയലിന്റെ ഒരു എപ്പിസോഡുപ്പോലും പൂർണമായും കണ്ടിട്ടില്ല. നിമിത്തം ഒന്നുകൊണ്ടു മാത്രമാണ് സിനിമയിൽ എത്തിപ്പെട്ടത്. അറുമുഖൻ ആലപ്പുഴ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. പൊക്കമില്ലാത്ത കുട്ടികൾക്ക് മറ്റുപല ശാരീരിക വൈകല്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരാളെയായിരുന്നു സിനിമയിലേക്ക് ആവശ്യം. “മൂന്നര” എന്നായിരുന്നു സിനിമയുടെ പേര്. സിനിമയിൽ ഉണ്ടായിരുന്ന മറ്റു അഭിനേതാക്കളെല്ലാം ഒരുപാട് സപ്പോർട്ട് നൽകി. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അവരാണ് എനിക്ക് പറഞ്ഞുതന്നത്. തമിഴിലടക്കം ധാരാളം സിനിമകളിലേക്ക് അഭിനയിക്കാന്‍ അവസരം വന്നിരുന്നു. കോറണക്കാലമായതുകൊണ്ട് കേരളം അടച്ചുപൂട്ടലിൽ ആയിരുന്നു, വന്ന ഓഫറുകള്‍ നഷ്ടമായതായും മഞ്ജു. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചതായും മഞ്ജു പറയുന്നു.


പ്രണയം വിവാഹം

പൊക്കമില്ലാത്ത എന്നെപ്പോലെയുള്ളവർ പ്രണയിക്കുമ്പോൾ വളരെ ആഴത്തിൽ ചിന്തിച്ചതിന് ശേഷം മാത്രമേ അതിലേക്ക് പോകാവൂ. സ്നേഹം തിരിച്ചു ലഭിക്കാൻ വേണ്ടി പല വാക്കുകളും പറഞ്ഞു പ്രണയത്തിലാക്കും. കുറവുകളുമായി ജനിച്ച ഞങ്ങളെപ്പോലെയുള്ളവരെപ്പറ്റിക്കാൻ ഒരുപാട് പേരുണ്ട്. വികലാംഗരായ കുട്ടികളെ പ്രണയിച്ചു വിവാഹം ചെയ്ത ശേഷം അവരുടെ കുറവുകൾ പൂർണമായും മനസ്സിലാകുമ്പോൾ ഉപേക്ഷിച്ചു പോവുകയോ വിവാഹമോചനത്തിന് ശ്രമിക്കുകയോ ചെയ്യുന്നു. എനിക്ക് അടുത്തറിയാവുന്ന ചിലരുടെ ജീവിതത്തിൽ ഇത് സംഭവിച്ചിട്ടുണ്ട്.

മഞ്ജുരാഘവ് ഭര്‍‌ത്താവ് വിനുരാജിനൊപ്പം


അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്. ഞാൻ ജോലി ചെയ്യുന്ന കംപ്യൂട്ടർ സെന്ററിൽ വന്ന സാറിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഭർത്താവിന്റെ വീട്ടിൽ ആദ്യം അവതരിപ്പിച്ചപ്പോൾ എന്റെ പൊക്കമില്ലായ്മ ചെറിയ പ്രശ്നമായിരുന്നു. അങ്ങനെ അത് വേണ്ടെന്നു വെച്ചു. പിന്നീടൊരു ദിവസം അദ്ദേഹം വീട്ടിൽ സമ്മതം ആണെന്ന് എനിക്ക് മെസ്സേജ് അയയ്ക്കുകയും. രണ്ട് വർഷത്തോളം ഞങ്ങൾ സുഹൃത്തുക്കളായിരിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം ആയി. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും വളരെയധികം സപ്പോർട്ട് നൽകുന്നുണ്ട്.

തന്നെപ്പോലെ ഉള്ളവരോട്

ഉയരമുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തൊണ്ണൂറ്റി രണ്ട് ശതമാനത്തോളം ഉയരം കുറഞ്ഞ വ്യക്തിക്കും ചെയ്യാൻ കഴിയും. സമൂഹത്തിന് അവർക്കതിന് സാധിക്കില്ലെന്ന് തോന്നും. പൊക്കമില്ലാത്തവർക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്വന്തമായി ഒരു ലക്ഷ്യം വാർത്തെടുക്കുക. അപ്പോൾ മാത്രമാണ് ധൈര്യത്തോടെ മുമ്പോട്ടു പോകാൻ കഴിയുന്നത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരും പൊക്കം ഇല്ലാത്തത് ന്യൂനതയായികണ്ട് പിന്നിലേക്ക് ഉള്‍വലിയുന്നു അപകർഷതാബോധമാണ് ഇതിന് കാരണം .

മനസ്സിലുള്ള ഈഗോ എന്നെടുത്ത് കളയുന്നു അന്നുമുതൽ നമ്മൾ പാതിവിജയിച്ചു. പൊക്കമില്ലാത്ത അല്ലെങ്കിൽ വികലാഗരായ ഒരാൾ എത്ര മാത്രം കഴിവുകൾ പ്രകടിപ്പിച്ചാലും സമൂഹത്തിന്റെ കണ്ണിൽ അവർ കുറവുള്ള ആളായിത്തന്നെ നിലനിൽക്കുന്നു. ജനങ്ങൾക്കിടയിൽ എന്ന് സാമ്പത്തികമായ സമത്വം ഉണ്ടാകുന്നോ എന്നുമാത്രമേ സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റമുണ്ടാകൂ. ഗവൺമെന്റ് ജോലികളിൽ എന്നെപ്പോലെയുള്ളവർക്ക് സംവരണവും പ്രാതിനിധ്യവും വളരെ കുറവാണെന്നും മഞ്ജു ചൂണ്ടിക്കാട്ടുന്നു.


സമൂഹ്യപ്രവർത്തനത്തിലേക്ക് കൂടുതല്‍ സജീവമാകണമെന്നാഗ്രഹമുണ്ട്. ഇപ്പോൾ ചെറിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. പാലക്കാട് തന്നെയുള്ള ദാരിദ്ര്യം നിർമ്മാർജ്ജനം എന്ന ഗ്രൂപ്പിലെ മെമ്പറാണ്. തെരുവിൽ കഴിയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. പോലീസും സഹായത്തിനുണ്ട്.

പാലക്കാട് മുണ്ടൂരാണ് മഞ്ജുവിന്‍റെ സ്വദേശം. അച്ഛന്‍ രാഘവന്‍. അമ്മ ശാന്ത മരിച്ചിട്ട് 21 വര്ഷമായി. ഭര്‍ത്താവ് വിനുരാജ്

Leave a Reply

Your email address will not be published. Required fields are marked *