ആരോഗ്യം പകരും ആഹാരത്തിലൂടെ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രഭാതസാവരിക്കെത്തുന്നവര്‍ക്ക് അല്‍പ്പം ആരോഗ്യം ആഹാരത്തിലൂടെ പകര്‍ന്ന് നല്‍കുകയാണ് സംഗീത എന്ന എംകോം വിദ്യാര്‍ഥി. വീട്ടില്‍ നിന്ന് തയാറാക്കി കൊണ്ടുവരുന്ന രുചിയൂറുന്ന ചെറുകടി പലഹാരങ്ങള്‍ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് സംഗീതയും കുടുംബവും കഴിയുന്നത്. ചെറിയ സംരംഭമാണെങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. സംഗീത പാചകം ചെയ്ത് വില്‍ക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കൊച്ചിയിലെ മറ്റൊരു കടയിലും നിലവില്‍ ലഭ്യമല്ല. വ്യത്യസ്തതയൊന്നുകൊണ്ട് മാത്രമാണ് സംഗീതയുടെ പലഹാരം കഴിക്കുവാന്‍ ഇവിടെ തിരക്കേറുന്നത്.

രാവിലെ തന്റെ സ്‌കൂട്ടറില്‍ ചായപാത്രവും പലഹാരങ്ങളുമായി സംഗീത അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തും. പ്രഭാത സവാരിക്കെത്തുന്നവരാണ് ലക്ഷ്യം. സാധാരണ ചെറുകടികള്‍ അതും രാവിലെ വെറുംവയറ്റില്‍ കഴിക്കുവാന്‍ ആളുകള്‍ താല്‍പര്യപെടില്ലെന്ന തിരിച്ചറിവാണ് ആരോഗ്യത്തിന് ഉത്തമമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് പലഹാരങ്ങള്‍ തയാറാക്കുവാന്‍ സംഗീതയെ പ്രേരിപ്പിച്ചത്. റാഗി അടയില്‍ തുടങ്ങി ചക്ക ബോളിവരെ നീളുന്ന ആഹാരവൈവിധ്യമാണ് സംഗീതയുടെ പക്കലുണ്ടാകുക. മാമ്പഴ അട, നേന്ത്രപഴം അട, മാമ്പഴ ബോളി, ചക്ക അട, വ്യത്യസ്തതരം കോഴിക്കട്ടകള്‍ എന്നിവയെല്ലാം ഇവിടെ നിന്ന് വാങ്ങി ഭക്ഷിക്കാം.

മറ്റൊരു കടയിലും ഇത്രയും വൈവിദ്യമായ പലഹാരങ്ങള്‍ ലഭിക്കാറില്ലെന്ന് നടക്കാനെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏലയ്ക്കയും ചുക്കും ഇട്ട വിശിഷ്ട കാപ്പിയും കുടിച്ച് വീട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പാഴ്‌സലും വാങ്ങിയാണ് പലരും മടങ്ങാറുള്ളത്. രാവിലെ 4.30ന് സംഗീതയുടെ പോണോത്ത് റോഡിലുള്ള വീട്ടില്‍ അടക്കള ഉണരും. അമ്മ സന്ദിലി കൈമെയ് മറന്ന് ഒപ്പംകൂടുന്നതോടെ ആറ് മണിയോടെ പലഹാരങ്ങള്‍ തയാറാകും.

തുടര്‍ന്ന് സ്‌കൂട്ടറില്‍ ചായപാത്രം കെട്ടിവച്ച് , കൂടുകളില്‍ പലഹാരങ്ങളുമായി സംഗീത സ്റ്റേഡിയം ലക്ഷ്യമാക്കി യാത്ര തുടങ്ങും. ആറരയോടെ സ്റ്റേഡിയം ലിങ്ക് റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് കച്ചവടം ആരംഭിക്കും. അന്നന്നത്തെ സ്‌പെഷ്യല്‍ പലഹാരങ്ങളുടെ ‘മെനു’ ബോര്‍ഡിലെഴുതി വാഹനത്തിന്റെ മുന്നിലും പിന്നിലും സ്ഥാപിക്കും. തിരക്കേറുന്നതോടെ കച്ചവടം പൊടിപൊടിക്കും. സഹായത്തിന് അച്ചന്‍ ചിന്നമുത്തുവും എത്താറുണ്ട്.

തമിഴ്‌നാട്ടിലെ തേനി സ്വദേശികളാണ് മാതാപിതാക്കള്‍. സംഗീത ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കൊച്ചിയിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് സംഗീത പറയുന്നു. പഠിച്ച് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ കയറുകയാണ് ലക്ഷ്യം. ഒഴിവ് സമയങ്ങളില്‍ അതിനുള്ള ശ്രമത്തിലാണ്. ഇഗ്‌നോവിലൂടെ എംകോം പഠനവും പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *