‘ഷിബു’മാരെ സൃഷ്ടിക്കുന്നത് സമൂഹം; മിന്നൽ മുരളി സംവിധായകന്‍റെ സിനിമ

‘ഉഷ’ ജീവിതം പറയുമ്പോൾ

അഖില

മിന്നൽ മുരളിയിൽ ഷിബുവായി അഭിനയിച്ച ഗുരു സോമസുന്ദരം ഉഷയോടു പറയുന്ന ഒരു ഡയലോഗുണ്ട്, “28 വ൪ഷത്തെ കാത്തിരിപ്പാണ്”. വ൪ഷം അത്രയൊന്നുമായില്ലെങ്കിലും ഉഷയായി അഭിനയിച്ച ഷെല്ലി എൻ കുമാറിന്റെ ചലച്ചിത്ര ജീവിതത്തിലും അങ്ങനെ ഒരു കാത്തിരിപ്പിന്റെ കഥയുണ്ട്.മിന്നൽ മുരളി റിലീസായതുമുതൽ മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ് ഷിബു-ഉഷ പ്രണയം. അനുകൂലമായും പ്രതികൂലമായി പ്രതികരിക്കുന്നവർ അനവധി. സിനിമയിലെ പോലെ തന്നെ ഷിബുവെന്ന കഥാപാത്രത്തോടും ഷെല്ലിക്ക് ഇഷ്ടമേറെയാണ്. തന്റെ അഭിനയജീവിതത്തിലെ പിന്നിട്ട വഴികളെക്കുറിച്ചും മിന്നൽ മുരളിയെക്കുറിച്ചും ഷെല്ലി എൻ കുമാർ കൂട്ടുകാരിയോട് പങ്കു വെയ്ക്കുന്നു.

ഷിബുവിനെപ്പോലെയുള്ളവരെ സമൂഹമാണ് സൃഷ്ടിക്കുന്നത്. സമൂഹം അത്തരക്കാരെ സൃഷ്ടിച്ചിട്ട് അവരെ ടോക്സിക് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഭ്രാന്തിയായ അമ്മ മരണപ്പെടുമ്പോൾ സമൂഹം ഷിബുവിനെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരുനേരത്തെ ഭക്ഷണം പോലും നൽകാൻ തയാറായില്ല. ആ സമയത്ത് അവന് ആഹാരം നൽകുന്ന ഉഷയോട് സ്നേഹം തോന്നുന്നു. ആ സ്നേഹമാണ് പിന്നീട് പ്രണയമായി മാറുന്നത്. അതുപോലെ തിരിച്ചുവരുന്ന ഉഷയെ എല്ലാവരും സെക്ഷ്വൽ രീതിയിലാണ് നോക്കി കാണുന്നത്. അപ്പോഴും ഷിബു ഉഷയെ കാണുന്നത് അന്ന് ആഹാരം തനിക്ക് നൽകിയ ആ ശുദ്ധമായ സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ്.

നിരവധി സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷെല്ലി. ദേശീയ പുരസ്കാരം നേടിയ “തങ്കമീൻകൾ” ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് മിന്നൽ മുരളിയിലെ ഉഷയിലൂടെയാണ്.

ഉഷ എന്ന കഥാപാത്രം ഇത്രയും ജനശ്രദ്ധ ആകർഷിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഏത് സിനിമയിലും നായക കഥാപാത്രത്തിനെയാണ് ജനങ്ങൾ ഏറ്റെടുത്തു കണ്ടിട്ടുള്ളത്. വില്ലനെ ഏറ്റെടുത്തതായി അറിയില്ല. ഷിബു-ഉഷ കോമ്പോ ശ്രദ്ധിക്കപ്പെടുവെന്നോ ഇത്രയും പ്രാധാന്യം ഈ കഥാപാത്രങ്ങൾക്ക് സിനിമയിൽ ഉണ്ടെന്നോ അറിയില്ലായിരുന്നു. സിനിമയിലായാലും സീരിയലിലായാലും ഒരു കഥാപാത്രത്തെ ജനങ്ങൾ ഏറ്റെടുക്കുക, അതിനെപ്പറ്റി സംസാരിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഷിബു-ഉഷ പ്രണയ സീനുകൾ ഷെയർ ചെയ്യുന്നത് എല്ലാം അംഗീകാരമായി കാണുന്നു.

മിന്നൽ മുരളിയിലേക്ക് എത്തിയത്

തങ്കമീൻകൾ എന്ന സിനിമ കണ്ടിട്ട് 2019 ലാണ് ബേസിൽ പറഞ്ഞിട്ട് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്നെ വിളിക്കുന്നത്. ബേസിലിന്റെ ഒരു ആരാധികയാണ് ഞാൻ. കുഞ്ഞി രാമായണം ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ടാണ് മിന്നൽ മുരളിയുടെ കഥ കേൾക്കാൻ തീരുമാനിച്ചത്. സത്യത്തിൽ ബേസിൽ സിനിമയുടെ മുഴുവൻ കഥ എന്നോട് പറഞ്ഞിരുന്നില്ല. എന്റെ കഥാപാത്രത്തെക്കുറിച്ചും ഞാൻ അഭിനയിക്കേണ്ട സീനുകളെക്കുറിച്ചുമാണ് പറഞ്ഞു തന്നത്. ബേസിൽ അത് നന്നായി വിശദീകരിച്ച് തന്നതുകൊണ്ട് സീനുകൾ കൃത്യമായി വിഷ്വലൈസ് ചെയ്യാൻ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സീനുകൾ വിഷ്വലൈസ് ചെയ്യാൻ സാധിച്ചാൽ ആ കഥാപാത്രം എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. ഈട കഴിഞ്ഞാണ് മിന്നൽമുരളി ചെയ്യുന്നത്.

2013 ലാണ് തങ്കമീൻകൾ ചെയ്തത്. അതിലെ ഞാൻ ഇപ്പോഴത്തേതിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ” തങ്കമീൻകളിൽ അഭിനയിച്ചതിൽ നിന്നും ഒരുപാട് വ്യത്യാസം രൂപത്തിൽ വന്നിട്ടുണ്ട്. ഉഷ എന്ന കഥാപാത്രത്തിന് എനിക്ക് പകരം മറ്റൊരാളെ സെലക്ട് ചെയ്യണമെങ്കിൽ ചെയ്യാം. കുഴപ്പമൊന്നുമില്ല. പിന്നീട് ഉഷ എന്ന കഥാപാത്രത്തിനായി എന്നെ തിരഞ്ഞെടുക്കേണ്ടായിരുന്നുവെന്ന് തോന്നാൻ പാടില്ല”. എന്ന് ബേസിലിനോട് പറഞ്ഞിരുന്നു.

ആ സമയത്ത് കഥാപാത്രത്തിനായി എന്നെ ഫിക്സ് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ഒരു മാസത്തിന് ശേഷമാണ് ശിവ ഷൂട്ടിനായി വിളിക്കുന്നത്. ചെയ്യാനുള്ള സീൻ ചെറുതോ വലുതോ എന്നുള്ളതല്ല , അത് എത്രമാത്രം നന്നായി ചെയ്യാം എന്നാണ് നോക്കുന്നത്. ഉഷ എന്ന കഥാപാത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല.

ബേസിൽ ആണ് നെടുംതൂൺ

ബേസിൽ എന്ന സംവിധായകന്റെ മിടുക്കാണ് സിനിമ ഇത്രയും വിജയിക്കാൻ കാരണം. ബേസിൽ നല്ലൊരു സംവിധായകനും മികച്ച അഭിനേതാവും കൂടിയാണ്. സെറ്റിൽ എല്ലാവർക്കും ഒരേ പരിഗണനയാണ് നൽകിയത്. ഒരേ ഹോട്ടലിലാണ് എല്ലാവരും താമസിച്ചത്. എല്ലാവരും യാത്ര ചെയ്തതും ഒരു വാഹനത്തിൽ ആയിരുന്നു.ഒരു സീൻ ചെയ്ത് നന്നായെങ്കിൽ അതിൽ അഭിനന്ദനം അറിയിക്കാൻ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് ബേസിൽ. നമ്മളിൽ ഒരാളായിട്ടാണ് എപ്പോഴും നിൽക്കുന്നത്. എല്ലാ കലാകാരന്മാർക്കും അവർക്ക് ഇഷ്ടമുള്ളതുപോലെ അഭിനയിക്കാൻ സ്വാതന്ത്ര്യം നൽകുന്നു. മലയാള സിനിമയ്ക്ക് കിട്ടിയ മികച്ച സംവിധായകനാണ് അദ്ദേഹം.ബേസിൽ ഇതുവരെ എടുത്ത സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മിന്നൽ മുരളി.എപ്പോൾ വേണമെങ്കിലും കൈവിട്ടു പോകാവുന്ന തീമായിരുന്നു. പക്ഷേ അത് പരാജയമാകാതെ പൂർത്തീകരിക്കാൻ ബേസിലിന് കഴിഞ്ഞു. സിനിമാട്ടോ ഗ്രാഫർ സമീറിക്കയുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ ലഭിച്ചിരുന്നു. ബേസിലിനോടൊപ്പം സമീറിക്കയെയും പറയണം. കാരണം സമീറിക്കയില്ലെങ്കിൽ ഇത്ര പെർഫക്ഷനോടുകൂടി മിന്നൽ മുരളി നിർമ്മിക്കാൻ കഴിയില്ല.

ഗുരു സോമസുന്ദരം എന്ന മികച്ച അഭിനേതാവ്

ഗുരു സാറിനെ മിന്നൽ മുരളിയുടെ സെറ്റിലാണ് ആദ്യമായി കാണുന്നത്. അദ്ദേഹത്തെക്കുറിച്ചും, ഗുരു സാറിന്റെ സിനിമകളെ ക്കുറിച്ചും കേട്ടിട്ടുണ്ട്. മികച്ച തിയേറ്റർ ആർട്ടിസ്റ്റാണ് ഗുരു സാർ. മലയാളം അദ്ദേഹത്തിന്റെ ഭാഷയല്ല.ഷിബുവായി സാർ അഭിനയിക്കുന്നത് കണ്ട് ഞാൻ അതിശയിച്ച് നിന്നിട്ടുണ്ട്. ഈ കഥാപാത്രത്തിന് അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷിബു എന്ന കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഗുരു സാറ് തന്നെയാണ്. അദ്ദേഹം ചെയ്യുന്നതിന് പ്രതികരിക്കുക എന്ന ജോലി മാത്രമാണ് എനിക്കുണ്ടായിരുന്നത്. അവസാനത്തെ സീൻ ഒറ്റ ടേക്കിലാണ് അദ്ദേഹം ചെയ്തത്. ഗുരു സാർ ആയാലും ഞാൻ ആയാലും ഞങ്ങൾ ഒരുമിച്ചുള്ള സീനുകൾ ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമ മേഖലയിൽ പിടിച്ച് നിൽക്കാൻ പ്രയത്നിക്കുന്നവരാണ് ഞങ്ങൾ രണ്ടു പേരും. ഇപ്പോൾ ജനങ്ങൾ ആ പ്രയത്നത്തെ മാനിച്ചു എന്നുവേണം പറയാൻ.

കലാമേഖലയിൽ ചെറുപ്പം മുതൽ

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കലാപരമായ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എഴുത്ത്, ഡാൻസ്, ഡ്രോയിംഗ്, ഡ്രാമ, സ്പോർട്സ് എന്നിവയിൽ സജീവമായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മനോരമ പത്രത്തിൽ ഒരു പരസ്യം കണ്ട് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. അങ്ങനെ കനൽകണ്ണാടി എന്ന ഇന്ദ്രജിത്ത് നായകനായ സിനിമയിൽ അഭിനയിച്ചു. അത് പക്ഷെ റിലീസ് ആയില്ല. അങ്ങനെയാണ് സിനിമയിലേക്കുള്ള കടന്നുവരവ്. കനൽകണ്ണാടിയുടെ ക്യാമറാമാൻ പിന്നീട് വിളിച്ച് അമൃത ടിവിയിൽ പുതിയതായി ഒരു സീരിയൽ തുടങ്ങുന്നുണ്ടെന്നും അതിൽ അഭിനയിക്കാമോ എന്നും ചോദിച്ചു. കനൽകണ്ണാടി ഇറങ്ങാത്തതുകൊണ്ട് തന്നെ എന്നെ ആർക്കും പരിചയം ഉണ്ടാകില്ല. അപ്പോൾ പിന്നെ സീരിയലിൽ അഭിനയം തുടങ്ങാം എന്ന് തീരുമാനിച്ചു. “തനിയെ” എന്ന സീരിയലിന് മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് ലഭിച്ചു.കേരള കഫെയിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘ ഐലൻഡ് എക്സ്പ്രസ്’ ആയിരുന്നു റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം. പിന്നീട് ചിത്രശലഭം, തിങ്കളും താരകങ്ങളും, കേരളകഫെ , ചിറകിൻ മറവിൽ , കുങ്കുമപ്പൂവ് , സ്ത്രീപദം , ഈട , തങ്കമീൻകൾ, അകം, ചട്ടക്കാരി, സഖാവ് തുടങ്ങി നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചു.

സിനിമ വന്നാൽ ചെയ്യും

സിനിമയിൽ തന്നെ തുടരും എന്ന് പറയുന്നില്ല. സിനിമ മാത്രം സ്വപ്നം കണ്ടിരുന്ന സമയങ്ങൾ ഉണ്ടായിരുന്നു. അന്നൊന്നും ആഗ്രഹിച്ചത് പോലെ അവസരങ്ങൾ ലഭിച്ചില്ല. നല്ല ബോൾഡായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ദുംഖപുത്രിയുടെ ഇമേജാണ് ജനങ്ങൾക്കിടയിൽ എനിക്ക്. എന്റെ റിയൽ കാരക്ടർ ബെയ്സ് കഥാപാത്രം ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. വിഷമം വരുമ്പോൾ അത് പ്രകടിപ്പിക്കും എങ്കിലും മോങ്ങി തൂങ്ങി ഇരിക്കുന്ന പ്രകൃതം അല്ല. വളരെ ശക്തമായി പ്രതികരിക്കുന്ന ഒരാളാണ്. ഞാൻ നന്നായി തമാശ പറയുന്ന ഒരാളാണ്. ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

തിരുവനന്തപുരത്താണ് വീട്. ഇപ്പോൾ വർക്ക് ഫ്രം ഹോം ആയതുകൊണ്ട് വീട്ടിൽത്തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്.അമ്മയും മകനുമാണ് വീട്ടിൽ ഉള്ളത്. മകന്റെ പേര് യുവൻ കിഷോർ. സെക്കന്റ് സ്റ്റാൻഡേർഡിലാണ് പഠിക്കുന്നത്. മോനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. സിനിമ കണ്ടിട്ട് അജുവർഗീസ് , ജയസൂര്യ , തമിഴ് ഡയറക്ടർ മാരി സാർ ഉൾപ്പെടെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ ജനശ്രദ്ധ നേടിയ ഒരു കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ഷെല്ലി.

Leave a Reply

Your email address will not be published. Required fields are marked *