നിവിൻ പോളിയുടെ കനകം കാമിനി കലഹം ട്രെയ്‌ലർ പുറത്ത്

.

ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം നിവിൻ പോളി നായകനായ ഫാമിലി എന്റർടൈനർ “കനകം കാമിനി കലഹം” എന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. നവംബർ 12ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമെന്ന സന്തോഷവാർത്ത കൂടി ട്രെയ്‌ലറിൽ പങ്ക് വെക്കുന്നുണ്ട്. വേൾഡ് ഡിസ്‌നി ഡേയായ നവംബർ 12ന് തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും ഒരു സവിശേഷതയാണ്.


ഒരു പക്കാ രസകരമായ ഫാമിലി എന്റർടൈനറായിരിക്കും ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.


“രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ ഈ ചിത്രം കാരണമാകും എന്നു എനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരുവാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” നിവിൻ പോളി പറഞ്ഞു.


ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു.


എഡിറ്റിംങ്-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈനർ-ശ്രീജിത്ത് ശ്രീനിവാസൻ, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെൽവി ജെ, മേക്കപ്പ്-ഷാബു പുൽപ്പള്ളി,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പരസ്യകല-ഓൾഡ് മോങ്ക്സ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *