അവൾ

സുമംഗല. എസ്

നിങ്ങൾ എപ്പോഴെങ്കിലും
ഒരു നരാധമന്റെ
കാമാന്ധതക്കിരയായ
പെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,
മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,
നിങ്ങൾക്ക്അവളെ,
അവിടെ കാണാൻ സാധിക്കും
നിങ്ങളുടെ കണ്ണുകളിലെ
വാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാം
ഇരുട്ടിൽ ഒളിച്ചിരിക്കുകയാവും
മുടി പാറിപ്പറന്നിരിക്കും
വികാരങ്ങളെ
ഒളിപ്പിക്കുവാൻ വേണ്ടി മാത്രം
മുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകും
ആ മുറി അവളുടെ
ആത്മാവും
ജനാലകൾ അവളുടെ കണ്ണുകളുമായിരിക്കും
നിങ്ങൾ ഊഹിക്കുന്നതിലുമധികം
അവൾ, തികച്ചും
വ്യത്യസ്തയായ ഒരു
വ്യക്തിയായിരിക്കും
അവളുടെ പ്രതിഫലനം മാത്രമാകും
കാണേണ്ടി വരിക.
ആൾക്കൂട്ടത്തിൽ
നിന്നൊഴിഞ്ഞ്
അവളുടെ അടുത്ത് ഇരിക്കുകയാണെങ്കിൽ.
അവൾ, അവളുടെ കഥ
പറയുന്നതിലൂടെ
നിങ്ങൾ ഈ ലോകത്തെ
കടന്നുപോകും
അവളുടെ കണ്ണുകളിലെ വേദനയുടെ
ആഴം അളക്കാൻ കഴിയണം
ജീവിതത്തിന്റെ മൂല്യം ഓർമ്മപ്പെടുത്തുക,
ഏതാനും സമയം അവൾക്കു നൽകുകയാണെങ്കിൽ
അവളുടെ ഒരു ചെറു പുഞ്ചിരി കാണുവാൻ സാധിക്കും.
ഒരുപക്ഷെ,
നിങ്ങൾ ആ മൂലയിലേക്ക്
നോക്കാതിരുന്നാൽ
അവൾക്കൊരിക്കലും ഒരു
തിരിച്ചുവരവ് ഉണ്ടാകണമെന്നില്ല
അവൾ നിങ്ങളെക്കാത്ത്
ദൈന്യതയേറിയ ഒരു നോട്ടവുമായി
ആ മൂലയിൽ
ഇരിപ്പുണ്ടാവും.
അവളുടെ ആ നോട്ടത്തെ
ഹൃദയത്തിലേക്ക് ആവാഹിക്കുക
തീർച്ചയായും അവൾക്കൊരു അവസരം നൽകൂ…..!
ഒരു ഫീനിക്സ് പക്ഷിയായവൾ
ഉയർത്തെണീക്കട്ടെ………….!!!

Leave a Reply

Your email address will not be published. Required fields are marked *