മഞ്ജു വാര്യര്‍ ചിത്രം “കയറ്റം”

വീഡിയോ ഗാനം റിലീസ്.

അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ,
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത “കയറ്റം” (A’HR) എന്ന ചിത്രത്തിലെ ‘ഇസ്തക്കോ…’ എന്നാരംഭിക്കിക്കുന്ന വീഡിയോ ഗാനം റിലീസായി.

ഇസ്തക്കോ എന്ന് വെച്ചാൽ സ്നേഹത്തിലാണ് (in Love ) എന്നാണ് അർത്ഥം- മലയാളത്തിലല്ല, അഹർസംസ ഭാഷയിൽ!
കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേകഭാഷയാണ് അഹർസംസ. കയറ്റത്തിന്റെ ഭാഷ. ഹൃദയങ്ങളുടെ ഭാഷ. ആത്മാക്കളുടെ ഭാഷ!


ഹിമാലയത്തിൽ തന്നെ ഈണം നൽകി പാടി റെക്കോർഡ് ചെയ്ത 12 പാട്ടുകൾ ചിത്രത്തിലുണ്ട്. സംഗീത സംവിധായകൻ രതീഷ് ഈറ്റില്ലം, ഗായകരായ ദേവൻ നാരായണൻ, ആസ്ത ഗുപ്ത, സോണിത് ചന്ദ്രൻ എന്നിവർക്കൊപ്പം സനൽ കുമാർ ശശിധരനും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. -അവയിലെ ആദ്യഗാനമാണ് ഇസ്തക്കോ.


സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “കയറ്റം” അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം..

ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് നിർവ്വഹിക്കുന്നു. കളറിസ്റ്റ്- ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട്- നിവേദ് മോഹൻദാസ്, കലാസംവിധാനം- ദിലീപ്ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനീഷ് ചന്ദ്രൻ, ബിനു ജി നായർ. കയറ്റത്തിലെ ആദ്യഗാനം മനോരമ മ്യൂസിക്കാണ് റിലീസ് ചെയ്യുന്നത്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *