തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ് മഹാനടി

കെപിഎസി ലളിതയുടെ വിയോഗവാര്ത്ത അറിഞ്ഞനിമിഷംതൊട്ട് മലയാളക്കരയാകെ ഞെട്ടലിലാണ്. ബി.മഹേശ്വരി എന്ന കെപിഎസി ലളിതയുടെ കസേര അത് അങ്ങനെ തന്നെ ഒഴിഞ്ഞുകിടക്കും. 44 വർഷമാണ് മലയാള സിനിമയില്‍ അവര്‍ അരങ്ങ്തകര്‍ത്തത്.

ചങ്ങനാശേരിയിലെ പെരുന്നയിലെ രവി സ്റ്റുഡിയോയിലായിരുന്നു മഹേശ്വരിയുടെ അച്ഛന് ജോലി. ആ കെട്ടിടത്തിന്റെ മുകളിലാണ് ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി. അച്ഛന് ചോറുകൊടുക്കാൻ പോകുമ്പോഴെല്ലാം മഹേശ്വരി (കെപിഎസി ലളിത) നാടക റിഹേഴ്‌സൽ കൂടി കാണാൻ പോകുമായിരുന്നു. അങ്ങനെയാണ് അവര്‍ നാടകത്തിലെത്തിയത്. ഒരു നൃത്തരംത്തിലാണ് ആദ്യം അഭിനയിച്ചട്. ‘ബലി’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്.

പിന്നീട് ഗീഥായുടെ അവിഭാജ്യ ഘടകമായി മഹേശ്വരി. ഗീഥായുടെ നാടകങ്ങളിലെ പ്രധാന വേഷങ്ങളിലെല്ലാം മഹേശ്വരി തിളങ്ങി. എന്നാൽ ഈ സന്തോഷം അധികനാൾ നിന്നില്ല. ചില പ്രശ്‌നങ്ങളെ തുടർന്ന് ഗീഥാ പുട്ടേണ്ടിവന്നു. മഹേശ്വരിയുടെ അഭിനയമോഹത്തിന് മുന്നില്‍ പൂട്ട് ഇടാന്‍ ആര്‍ക്കും സാധിച്ചില്ല.

എങ്ങനെയെങ്കിലും കെപിഎസിയുടെ നടിയാകുക എന്നതായി മോഹം. കെപിഎസിയിലേക്ക് അഭിമുഖം നടത്തിയെങ്കിലും അവരെ എടുക്കണമെന്നും വേണ്ടയെന്നും എന്ന് രണ്ട് തട്ട് ഉണ്ടായി. ലളിതയുടെ വീട്ടിലെ സാമ്പത്തികസ്ഥിതിയും അച്ഛന്‍റെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. ഒടുവില് ലളിതയെത്തേടി ആ സന്തോഷ വര്‍ത്തമാനം എത്തി.കെപിഎസിയിലേക്കുള്ള വണ്ടി പിടിച്ചു മഹേശ്വരി…

കെപിഎസിയിലെത്തി ആദ്യമായി പ്രധാന വേഷം ചെയ്യുന്നത് തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകത്തിലൂടെയാണ്. അന്ന് ബി.മഹേശ്വരി എന്ന പേര് കെപിഎസി ലളിത എന്ന് മാറ്റുക കൂടി ചെയ്തു തോപ്പിൽ ഭാസി.

കെപിഎസിയിൽ അഭിനയിച്ചിരുന്ന കാലത്താണ് സിനിമാ മോഹം ലളിതയുടെ ഉള്ളിൽ മൊട്ടിടുന്നത്. കൂട്ടുകുടുംബം സിനിമയാകുന്നുവെന്ന വാർത്ത ലളിതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ തനിക്ക് സിനിമയിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഉദയാ സ്റ്റുഡിയോയിൽ നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു. ഉദയാ കുടുംബത്തിലും ജീവനക്കാർക്കും വേണ്ടിയായിരുന്നു നാടകം സംഘടിപ്പിച്ചിരുന്നത്.‘കൂട്ടുകുടുംബം സിനിമയാകുന്നു. നാടകത്തിൽ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങൾ തന്നെ ആ വേഷം ചെയ്യണം.’ ആ കത്ത് വായിച്ചപ്പോൾ കെപിഎസി ലളിതയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അന്ന് ആയിരം രൂപയാണ് കെപിഎസി ലളിതയ്ക്ക് പ്രതിഫലമായി ലഭിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് അത് വലിയൊരു തുകയായിരുന്നു.

കെ.എസ് സേതുമാധവനായിരുന്നു കൂട്ടുകുടംബത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഷോട്ടെടുത്തത് കെപിഎസി ലളിതയെ വച്ചായിരുന്നു. ചിത്രം ഹിറ്റായി. സംസ്ഥാന അവാർഡും തേടിയെത്തി. ആദ്യമായി ഉദയയിലെത്തി ആദ്യ ഷോട്ടെടുത്ത ചിത്രത്തിന് സംസ്ഥാന അവാർഡ്..! അങ്ങനെ ഏറെ നാൾ ഉദയയുടെ എല്ലാ ചിത്രങ്ങളിലും ആദ്യ ഷോട്ടെടുത്തിരുന്നത് കെപിഎസി ലളിതയെ വച്ചായിരുന്നു.

പിന്നീട് പ്രൊഡക്ഷൻ ഹൈസുകൾ മാറി മാറി വന്നു..താരങ്ങൽ മിന്നി മറഞ്ഞു…അരങ്ങ് വാണ് കെപിഎസി ലളിത 44 വർഷത്തോളം സിനിമയിൽ മാറ്റമില്ലാതെ നിറഞ്ഞ് നിന്നു…ഒടുവിൽ 2022 ഫെബ്രുവരി 22ന് താരകം തിരശ്ശീതലയ്ക്ക് പിന്നിലേക്ക് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *