അമ്പത്കോടി ക്ലബ്ബില്‍ കയറി ‘കുറുപ്പ്’
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ’ അന്‍പത് കോടി ക്ലബ്ബിൽ കയറി. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുകയാണ്. കേരളത്തിലെ 505 തിയേറ്ററുകളിൽ പ്രദർശനം നടത്തികൊണ്ട് ദുൽഖർ സൽമാന്റെ കുറുപ്പ് മാസ് എൻട്രിയാണ് നടത്തിയിരിക്കുന്നത്.ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
35 കോടിയാണ് കുറുപ്പിന്റെ ബജറ്റ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.