ആസ്മയ്ക്കും കഫകെട്ടിനും ആടലോടകം

ഡോ. അനുപ്രീയ ലതീഷ്

കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. ആടലോടകം രണ്ടു തരത്തിലുണ്ട്.
1)വലിയ ആടലോടകം
2)ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം.വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും.ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.


ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്.ചിറ്റാടലോടകത്തിന്‍റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം. ഇതിന് ഔഷധഗുണം കൂടുതലാണ്.ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.


ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, ക്ഷയരോഗം എന്നിവയ്ക്ക് നല്ലതാണ്.



ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്.ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത്‌ സ്ത്രീകളിലെ അമിത ആര്‍ത്തവത്തില്‍ നന്നാണ്.


ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും.


ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും. ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും.

Leave a Reply

Your email address will not be published. Required fields are marked *