നിരൂപകന്‍ കെ.പി. അപ്പന്‍റെ ഓര്‍മ്മകള്‍ക്ക് 14 വയസ്സ്

“ വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത് ”

മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ. വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ-കാർത്ത്യായനി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം എസ്.എന്‍. കോളജില്‍നിന്ന് വിരമിച്ചു. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ എഴുതിത്തുടങ്ങി. ആദ്യകൃതി ക്ഷോഭിക്കുന്നവരുടെ സുവിശേഷം (1972). പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.

ഇന്നലെകളിലെ അന്വേഷണ പരിശോധനകള്‍, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും, കഥ : ആഖ്യാനവും അനുഭവസത്തയും, കലഹവും വിശ്വാസവും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, മാറുന്ന മലയാളനോവല്‍, രോഗവും സാഹിത്യഭാവനയും, വരകളും വര്‍ണ്ണങ്ങളും, വിവേകശാലിയായ വായനക്കാരാ, ക്ഷോഭിക്കുന്നവരുടെ സുവിശേഷം, സമയപ്രവാഹവും സാഹിത്യകലയും, കലാപം, വിവാദം, വിലയിരുത്തല്‍, മധുരം നിന്റെ ജീവിതം, തിരസ്‌കാരം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക എന്നിവ പ്രധാന കൃതികള്‍.

മറ്റുള്ളവരുടെ വിശ്വാസചര്യകളിൽ ഇടപെട്ടിരുന്നില്ലെങ്കിലും സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിൽ ആസ്തികനായിരുന്നില്ല. എങ്കിലും തന്റെ സ്വകാര്യവായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിന് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. വിമർശനത്തിലെ വിരുദ്ധ നിലപാടുകമൂലം ആദ്യകാലത്തു് വൈരികളെപ്പോലെ അന്യോന്യം എതിർത്തിരുന്ന അപ്പനും സുകുമാർ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി മാറി.2008 ഡിസംബർ 15-ന് അന്തരിച്ചു.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )
,വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *